ഇരുപത്തിയഞ്ചുകാരിക്ക് ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞ്; ഒരു കുഞ്ഞിനെ നഷ്ടമായി

By Web TeamFirst Published Oct 12, 2019, 8:44 PM IST
Highlights

ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍. കേള്‍ക്കുമ്പോഴേ ആര്‍ക്കും അതിശയം തോന്നാം. മുമ്പും ഇത്തരത്തില്‍ പല കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത്ര സാധാരണമല്ല ഇതെന്നാണ് ഡോക്ടര്‍മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്

ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍. കേള്‍ക്കുമ്പോഴേ ആര്‍ക്കും അതിശയം തോന്നാം. മുമ്പും ഇത്തരത്തില്‍ പല കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത്ര സാധാരണമല്ല ഇതെന്നാണ് ഡോക്ടര്‍മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. 

അത്തരമൊരു അതിശയക്കാഴ്ചയ്ക്ക് സാക്ഷികളായിരിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുപത്തിയഞ്ചുകാരിയായ റുക്‌സാനയെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രാത്രി മുഴുവന്‍ യുവതിക്ക് പ്രസവവേദന തന്നെയായിരുന്നു. രാവിലെയോടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ വിധി ഒരു കുഞ്ഞിന്റെ ജീവന്‍ ഉദരത്തിലായിരിക്കുമ്പോഴേ തട്ടിയെടുത്തിരുന്നു. ആകെ മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമായിരുന്നു റുക്‌സാനയ്ക്കുണ്ടായത്. ഇതിലൊരു ആണ്‍കുഞ്ഞാണ് വയറ്റിനകത്ത് വച്ച് തന്നെ മരിച്ചുപോയത്. 

ബാക്കി നാല് കുഞ്ഞുങ്ങളും ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്കൊന്നും ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ല. അതിനാല്‍ വരും ദിവസങ്ങളിലും അവരെ നിരീക്ഷണത്തില്‍ തന്നെ വയ്ക്കാനാണ് തീരുമാനം. നിലവില്‍ ആരെയും കാണിക്കാനോ, ആര്‍ക്കും എടുക്കാനോ ഒന്നും കുഞ്ഞുങ്ങളെ ഡോക്ടര്‍മാര്‍ വിട്ടുനല്‍കിയിട്ടില്ല. അപകടമൊന്നുമില്ലാതെ കുഞ്ഞുങ്ങളെ തിരിച്ചുകിട്ടുമെന്നാണ് ഇവിടെയുള്ള ഡോക്ടര്‍മാരും റുക്‌സാനയും കുടുംബവും പ്രതീക്ഷിക്കുന്നത്. 

click me!