Latest Videos

അന്നും വിമര്‍ശിക്കാന്‍ ആളുണ്ടായിരുന്നു, തൊഴിലിടത്തിലേക്ക് മക്കളെ കൂട്ടിയ അമ്മമാര്‍, കേട്ട പഴികള്‍!

By Nirmala babuFirst Published Sep 20, 2023, 4:48 PM IST
Highlights

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മാറില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ദുവ. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രം കയ്യടി നേടുമ്പോഴുംസമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പലവഴിക്കാണ്.

റങ്ങുന്ന കുഞ്ഞിനെ മടിയിലിരുത്തി ഫയല്‍ നോക്കുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അമ്മയുടെ മാറില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ദുവ. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രം കയ്യടി നേടുമ്പോഴും ചര്‍ച്ചകള്‍ പലവഴിക്കാണ്. വിമര്‍ശനങ്ങളും ചെറുതല്ല. ഇത്രയ്ക്ക് ആഘോഷിക്കേണ്ടതുണ്ടോ, അമ്മയ്ക്ക് മാത്രമാണോ ഉത്തരവാദിത്വമുള്ളത് എന്നിങ്ങനെ ചോദ്യങ്ങളും ഉയരുന്നുണ്ട്. തൊഴിലിടത്തിലേക്ക് മക്കളെ ഒപ്പം കൂട്ടിയ അമ്മമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു...

അന്നും വിമര്‍ശിച്ചു, സോഷ്യല്‍ മീഡിയ
                                     - അഞ്ജലി നായര്‍, അഭിനേത്രി

(മൂന്ന് മാസം പ്രായമായ മകള്‍ ആദ്വികയ്ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന നടി അഞ്ജലി നായരുടെ ചിത്രം കുറച്ചു മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അന്നും സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്. പ്രസവവും ശിശുപരിപാലനവും ജോലിക്ക് തടസ്സമല്ലെന്ന് കാണിക്കുകയായിരുന്നു അന്ന് അഞ്ജലി.)

ഏറെ സന്തോഷം നല്‍കിയ വളരെ സ്വകാര്യമായ ഒരു നിമിഷം ഏറെ കൗതുകത്തോടെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. കരുതലും സ്‌നേഹവും നിറഞ്ഞ പ്രതികരണങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉണ്ടായി. കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ടാണ് അന്ന് ഡബ്ബിംഗ് തുടങ്ങിയത്. പക്ഷേ ഡബ്ബിംഗ് നടക്കുന്നതിനിടെ കുഞ്ഞ് ഉണര്‍ന്നു. അങ്ങനെയാണ് ആ ഫോട്ടോ ജനിക്കുന്നത്. നല്ലൊരു ഓര്‍മ്മയുടെ ഭാഗമായിരുന്ന ആ ചിത്രത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. വൈറലാവാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചു എന്നു പോലും വിമര്‍ശിക്കപ്പെട്ടു.

ഷൂട്ടിംഗിന് വേണ്ടിയുള്ള യാത്രകളില്‍ എന്‍റെ രണ്ട് മക്കളും എന്നൊടൊപ്പം വന്നിട്ടുണ്ട്. കരിയറിന്‍റെ സ്വഭാവവും പിന്തുണയ്ക്കുന്ന കുടുംബവും ഉള്ളത് കൊണ്ടാണ് എനിക്ക് കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചത്. എല്ലാവരുടെയും സാഹചര്യം ഇതാവണമെന്നില്ല. തൊഴിലിടങ്ങളിലേക്ക് കുഞ്ഞിനെ ഒപ്പം ചേര്‍ക്കാന്‍ കഴിയാത്ത ഒത്തിരി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അത് അവര്‍ക്ക് കുഞ്ഞിനോട് ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവരുടെ സാഹചര്യം കൊണ്ട് കൂടിയാണ്. ഒരു സ്ത്രീ അമ്മയാവുമ്പോള്‍ മാനസികമായും ശാരീരികമായും പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. സഹപ്രവര്‍ത്തകരും സമൂഹവും ഇത് മനസ്സിലാക്കിയാല്‍ സ്ത്രീകളുടെ സാമൂഹിക ജീവിതം കൂടുതല്‍ നല്ലതാകും.

Also Read:  ഓര്‍മ്മയുണ്ടോ ഈ മുഖം, അമ്മയും കുഞ്ഞും ചര്‍ച്ചയില്‍ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും പറയാനുണ്ട്!

കുഞ്ഞിനെ വളര്‍ത്തല്‍ വണ്‍മാന്‍ ഷോ അല്ല!
                                - അശ്വതി ശ്രീകാന്ത്, അവതാരക, അഭിനേത്രി

ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കേണ്ടത് അമ്മയുടെ മാത്രമല്ല സമൂഹത്തിന്റെയും ആവശ്യമാണ്. കുഞ്ഞിനെ വളര്‍ത്തല്‍ അമ്മയുടെ വണ്‍മാന്‍ ഷോ അല്ല. സമൂഹവും അതിനൊപ്പം ചേര്‍ന്ന് നില്‍ക്കേണ്ടത് ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ 60 -ല്‍ കൂടുതല്‍ സ്ത്രീകളുണ്ടെങ്കില്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ ഒരു ഇടം ഒരുക്കാറുണ്ട്. അത്തരെമാരു കാലത്താണ്, നമ്മുടെ നാട്ടില്‍, കുഞ്ഞിനൊപ്പം ജോലി സ്ഥലത്തെത്തിയ അമ്മയുടെ ചിത്രം ഒരു പ്രഹസനമായി കാണുന്നത്. അവരെ പിന്തുണച്ചില്ലെങ്കിലും മിണ്ടാതിരിക്കുക എന്ന മാന്യത കാണിക്കണം.

ആദ്യത്തെ കുഞ്ഞുണ്ടായപ്പോള്‍ ഏകദേശം മൂന്ന് മാസത്തോളം മകളെയും കൊണ്ട് ജോലിക്ക് പോയിരുന്നു. ആ സമയത്ത് കുഞ്ഞും ജോലിയും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. അന്ന് സഹപ്രവര്‍ത്തകര്‍ എല്ലാം ഏറെ പിന്തുണച്ചിരുന്നു. നമുക്ക് ജോലി തരുന്നവര്‍ പോലും ചിലപ്പോള്‍ കുഞ്ഞിന്‍റെ സാന്നിധ്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കും. പകരം ഒരു പുരുഷനെ ജോലിയ്ക്ക് വച്ചാല്‍ മതി, ആ സമയം കൂടി ഫലപ്രദമായി ഉപയോഗിക്കാമല്ലോ എന്നാവും ഒരു തൊഴിലുടമ ചിന്തിക്കുക. അതൊരു സാമൂഹിക കാഴ്ചപ്പാടിന്‍റെ വിഷയമാണ്. മാറേണ്ടത് ഈ കാഴ്ചപ്പാടാണ്. മാതൃത്വത്തെ നോക്കിക്കാണേണ്ട രീതി തന്നെ മാറണം. ഒരു സ്ത്രീ അമ്മ എന്ന റോള്‍ ഏറ്റെടുക്കുന്നത് പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി കൂടിയാണ്. കുഞ്ഞിനൊപ്പം ഒരു ചിത്രമിടുമ്പോള്‍ അതൊരു പ്രഹസനമായി കാണാതെ പ്രതിസന്ധിക്കിടയിലും അവര്‍ കൈവരിക്കുന്ന നേട്ടമാണ് നോക്കി കാണേണ്ടത്.

Also Read: ഇപ്പോഴും കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിന് പോകുന്നത്, വൈറല്‍ ചിത്രത്തിലെ അമ്മ പറയുന്നു

കുഞ്ഞുങ്ങള്‍ക്കായി ഓഫീസുകളിലും ഒരിടം ഒരുങ്ങട്ടെ

                                              - നജ്മ തബ്ഷീറ, മുസ്ലിം ലീഗ് നേതാവ്

ഒരു സ്ത്രീ തൊഴിലിടങ്ങളിലേക്ക് കുഞ്ഞിനെ ഒപ്പം കൂട്ടുന്നത് അവരുടെ സാഹചര്യം കൊണ്ടാണ്. അത് ആഘോഷിക്കേണ്ട കാര്യമല്ലെങ്കിലും നിലവിട്ടുള്ള വിമര്‍ശനങ്ങളും അരുത്. ഇത്തരം കാര്യങ്ങളെ അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണാന്‍ ശ്രമിക്കണം. മകന്‍ വളരെ ചെറുതായിരുന്നപ്പോള്‍ മുതല്‍ കുഞ്ഞിനെയും ഞാന്‍ ഒപ്പം കൂട്ടിയിരുന്നു.

പണ്ടത്തെ പോലെ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞിനെ നോക്കാനുള്ള സാഹചര്യമില്ല, ഇന്ന്. ഇനിവരുന്ന കാലത്ത് ഇത് ഒട്ടും പ്രായോഗികമായിരിക്കില്ല. പുതു തലമുറയിലെ സ്ത്രീകള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണ്. കുഞ്ഞുണ്ടായതിന്റെ പേരില്‍ ബ്രേക്ക് എടുക്കുന്നത് അവരുടെ കരിയറില്‍ വന്‍ നഷ്ടമായിരിക്കും.

കുഞ്ഞുങ്ങളുടെ സംരക്ഷണം അമ്മമാരുടെ മാത്രം അധിക ബാധ്യതയല്ല. പ്രസവത്തിന് ശേഷം നിര്‍ബന്ധപരമായി ഒരു ചെറിയ ബ്രേക്ക് അനിവാര്യമാണ്. അത് ശാരീരികവും മാനസികവുമായി ആവശ്യമാണ്. എന്നാല്‍, അത് കഴിഞ്ഞുള്ള സാധാരണ ജീവിതത്തിലേക്ക് പോവുമ്പോള്‍ മറ്റ് വഴികളില്ലാത്ത സ്ത്രീകള്‍ക്ക് കുഞ്ഞിനെ ഒപ്പം കൂട്ടേണ്ടി വരും. എന്നാല്‍, കുഞ്ഞ് ഒപ്പമുള്ളപ്പോള്‍ ജോലിയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞെന്ന് വരില്ല. തൊഴിലിടത്ത് സ്ത്രീകള്‍ക്ക് വേണ്ടി ടോയ്‌ലറ്റ് ഉണ്ടാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാവുന്നത് പോലെ, കുട്ടികളെ സുരക്ഷിതമായി ഇരുത്താന്‍ ഓഫീസുകളോട് അനുബന്ധിച്ച് ഒരു ഡേ കെയര്‍ കൂടി ഒരുക്കേണ്ടത് ആവശ്യമാണ്.

 

കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ പൊതുസംവിധാനം വേണം
                                                                       - അനഘ ജയന്‍, അധ്യാപിക, സംരംഭക

സമത്വത്തിന് വേണ്ടി സംസാരിക്കുമ്പോഴും ലിംഗ സമത്വത്തെ സംബന്ധിച്ച് തെറ്റിദ്ധാരണയാണ് സമൂഹത്തിനുള്ളത്. കോര്‍പ്പറേറ്റ് തലത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് കേള്‍ക്കേണ്ടി വന്ന ഒരു ചോദ്യമുണ്ട്, സമത്വത്തിന് വേണ്ടി വാദിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് കുഞ്ഞിന്റെ പേരില്‍ എക്‌സ്‌ക്യൂസ് ചോദിക്കുന്നത് എന്ന്.

ഒപ്പം ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും കുട്ടികളുണ്ട് അവരെ പോലെ നിങ്ങള്‍ക്കും ജോലി ചെയ്തുകൂടേ? ഇതായിരുന്നു ചോദ്യം. ഇതിന്‍റെ ഉത്തരം കിടക്കുന്നത് നമ്മുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തിലാണ്. കുഞ്ഞിനെ വളര്‍ത്തേണ്ട ഉത്തരവാദിത്വം സ്ത്രീകളുടെ മാത്രമാണെന്ന് കരുതുന്ന സമൂഹമാണ് ഇന്നും നമ്മുടേത്. ആര്യ കുഞ്ഞിനെ ഓഫീസിലേക്ക് ഒപ്പം കൂട്ടിയത് നോര്‍മലൈസ് ചെയ്യണമെന്ന് വാദിക്കുന്നത് പോലെ, അവരുടെ പങ്കാളി നാളെ നിയമസഭയില്‍ കുഞ്ഞുമായി എത്തിയാല്‍ അതും നോര്‍മലൈസ് ചെയ്യപ്പെടണം.

ഏറ്റവും പ്രധാനം മറ്റൊന്നാണ്. ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരു സംവിധാനം ഉണ്ടാവണം. കുഞ്ഞിനെ നോക്കുക എന്നത് സ്ത്രീകളുടെ കരിയറിന് ഇന്നും ഒരു വെല്ലുവിളിയാണ്. ഈ രീതിയില്‍ മാറ്റം വേണം, അതിനായി ഒരു പൊതുസംവിധാനം ഉണ്ടാവണം.

click me!