Asianet News MalayalamAsianet News Malayalam

ഇപ്പോഴും കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിന് പോകുന്നത്, വൈറല്‍ ചിത്രത്തിലെ അമ്മ പറയുന്നു

മേയറുടെ പ്രിവിലേജ് അടക്കം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍, ജോലിയിലോ ജീവിതത്തിലോ പ്രിവിലേജുകള്‍ ഒന്നുമില്ലാതെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് തന്റെ തൊഴില്‍ ചെയ്ത ഒരമ്മയെ പരിചയപ്പെടാം...

viral photographer shereeja anu and her baby life story nbu
Author
First Published Sep 20, 2023, 5:43 PM IST | Last Updated Sep 20, 2023, 5:53 PM IST

രിയറോ, അതോ കുഞ്ഞോ...? സ്ത്രീകള്‍ അമ്മ റോളിലേക്കെത്തുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമാണിത്. തന്റെ കുഞ്ഞിനെ മടിയിലിരുത്തി ഫയല്‍ നോക്കുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഈ ചോദ്യവും അലയടിക്കുകയാണ്. മേയറുടെ പ്രിവിലേജ് അടക്കം ചര്‍ച്ചാവിഷയമാവുമ്പോള്‍, ജോലിയിലോ ജീവിതത്തിലോ പ്രിവിലേജുകള്‍ ഒന്നുമില്ലാതെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് തന്റെ തൊഴില്‍ ചെയ്ത ഒരമ്മയെ പരിചയപ്പെടാം.

ഇത് ഒറ്റപ്പാലം സ്വദേശി ഷെറീജ അനു. ഫോട്ടോഗ്രാഫറാണ്. ഒരു കുഞ്ഞുണ്ട്. കുറച്ച് നാള്‍ മുമ്പ് ഷെറീജയും കുഞ്ഞും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോഗ്രാഫറായ അമ്മയുടെ നെഞ്ചില്‍ ചാഞ്ഞുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 'ഇരട്ട' സിനിമയുടെ പ്രമോഷന്റെ സമയത്താണ് ഈ അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചെറുപ്പം മുതല്‍ ഒരുവള്‍ നടത്തുന്ന ഒരു പോരാട്ടത്തിന്റെ തുടര്‍ച്ച കൂടി ആയിരുന്നു ആ ചിത്രം. ഒറ്റപ്പാലം സ്വദേശിയായ ഷെറീജ അനു തന്റെ അനുഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെയ്ക്കുന്നു.

കുഞ്ഞിനെ ഒപ്പം കൂട്ടിയത് നിസ്സഹായത കൊണ്ട്

ജന്മനാ ഹൃദയവാല്‍വിന് പ്രശ്‌നമുണ്ട് ഷെറീജയ്ക്ക്. സര്‍ജറിക്ക് 25 ലക്ഷം രൂപ വേണം. അതിനാല്‍, ഷെറീജയെ സംബന്ധിച്ച് ജോലി ഏറെ അത്യാവശ്യമാണ്. ഷെറീജയുടെ ഭര്‍ത്താവും ഇതേ മേഖലയില്‍ തന്നെ ജോലി ചെയ്യുന്നയാളാണ്. കൈക്കുഞ്ഞിനെ ഏല്‍പ്പിച്ചുപോരാന്‍ സുരക്ഷിതമായ ഒരു ഇടമില്ലാത്തതിനാലാണ് കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചതെന്ന് ഷെറീജ പറയുന്നു. ഫോട്ടോ വൈറലായ സമയത്ത് മോള്‍ക്ക് 50 ദിവസമായിരുന്നു പ്രായം. ഇപ്പോള്‍ 9 മാസമായി. ഇപ്പോഴും കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിന് പോകുന്നത്. കുഞ്ഞ് ഇത്തിരി കൂടി വലുതായപ്പോള്‍ യാത്രകളുടെ ദൂരം കുറച്ച് കൂടി എന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്ന് ഷെറീജ പറയുന്നു.viral photographer shereeja anu and her baby life story nbu

ഷൂട്ടിനിടയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍

'ജോലിക്കിടയില്‍ കുഞ്ഞിനെ നോക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. ഷൂട്ടിനിടയില്‍ കുഞ്ഞ് കരഞ്ഞത് കൊണ്ട് റീ ടേക്ക് പോവേണ്ടി വന്നിട്ടുണ്ട്.'- ഷെറീജ പറയുന്നു.

'സമയം ഷെഡ്യൂള്‍ ചെയ്യുന്നതും വെല്ലുവിളിയായിരുന്നു. ഞാനും ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞിന്റെ ഉത്തരവാദിത്വം രണ്ട് പേര്‍ക്കും തുല്യമാണ് എന്ന് ബോധ്യം ഉള്ളതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചാണ് കുഞ്ഞിനെ നോക്കുന്നത്.'-ഷെറീജയുടെ വാക്കുകള്‍. ജോലി ചെയ്താലേ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി ആയതിനാല്‍ വെല്ലുവിളികളെല്ലാം ഒന്നിച്ച് തരണം ചെയ്ത് പോവുകയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു, ഷെറീജ.

വഴിയില്‍ പാട്ടുപാടിയാണ് മാതാപിതാക്കള്‍ ഞങ്ങളെ വളര്‍ത്തിയത്

കാഴ്ച പരിമിതി ഉള്ളവരായിരുന്നു മാതാപിതാക്കള്‍, വഴിയില്‍ പാട്ടുപാടിയാണ് എന്നെയും അനിയന്മാരെയും വളര്‍ത്തിയിരുന്നത്. ഞാന്‍ നല്ലതുപോലെ കഷ്ടപ്പെട്ടു പഠിച്ചെടുത്തതാണ് ഫോട്ടോഗ്രഫി.

ഏഴ് വര്‍ഷമായി ക്യാമറ പേഴ്‌സണായി ജോലി ചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം സ്വയമുണ്ടാക്കി എടുത്തതാണ്. കുട്ടി ഉണ്ടായത് കൊണ്ട് ജോലി പാതിവഴിയ്ക്ക് ഉപേക്ഷിക്കാനും മനസ്സുവന്നില്ല. കുഞ്ഞും ജോലിയും തുല്യ പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവാണ് കുഞ്ഞിനെയും ഒപ്പം കൊണ്ട് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഷെറീജ പറയുന്നു.

'കല്യാണ ഷൂട്ടിനിടെ ഇറക്കിവിട്ടിട്ടുണ്ട്'

സ്ത്രീ സമത്വത്തെ കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും, സ്ത്രീ ആയതുകൊണ്ട് മാത്രം നഷ്ടപ്പെട്ട കുറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഷെറീജ പറയുന്നു. സിനിമ മേഖലയിലാണെങ്കിലും കല്ല്യാണ ഷൂട്ടിലാണെങ്കിലും സ്ത്രീ ആയതുകൊണ്ട് വിളിക്കാതെ ഇരുന്നിട്ടുണ്ട്. ഒരു ലോക്കേഷനിലേക്ക് വിളിച്ച് വരുത്തി പകുതി ദൂരം എത്തിയപ്പോള്‍ പകരം മറ്റൊരാളെ എടുത്ത സാഹചര്യവും ഏറെ വേദന ഉണ്ടാക്കിയതാണെന്ന് ഷെറീജ ഓര്‍ക്കുന്നു.

ഒപ്പമുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ കുത്ത് വാക്കുകള്‍ കേള്‍ക്കേണ്ടി വന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. 'എന്റെ മതത്തില്‍പ്പെട്ടവര്‍ കുത്തുവാക്കും എതിര്‍പ്പുമായി നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഒരിക്കല്‍ ഒരു കല്യാണ ഷൂട്ടിനിടെ ആ വീട്ടുകാര്‍ തന്നെ എന്നോട് വര്‍ക്ക് ചെയ്യണ്ട എന്നുപറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്.' പെണ്‍കുട്ടിയായത് കൊണ്ട് തള്ളിക്കളയുകയല്ല, ഒപ്പം ചേര്‍ത്ത് നിർത്തുകയാണ് വേണ്ടതെന്നും ഷെറീജ പറയുന്നു.  
viral photographer shereeja anu and her baby life story nbu
അമ്മയുടെ കരുതല്‍ ഇനിയും തുടരും

മോള്‍ക്ക് 28 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ വര്‍ക്കുകള്‍ക്ക് പോയിത്തുടങ്ങിയിരുന്നു. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ മോള്‍ ഒരു പ്രശ്‌നവുമുണ്ടാക്കാതെ നമുക്കൊപ്പം നില്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞാനും അവളും വൈറലാകുന്നത്. ജോലി പഴയത് പോലെ തന്നെ വെല്ലുവിളി നിറഞ്ഞതാണ്. ഒപ്പം നടക്കേണ്ട പ്രായമാവുമ്പോള്‍ അവള്‍ നടക്കട്ടെ. അതുവരെ ഒപ്പം നെഞ്ചോട് ചേര്‍ത്ത് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശിക്കുന്നവരോട് 'പോയി പണി നോക്ക്' എന്നാണ് ഷെറീജയുടെ മറുപടി.

മാതൃത്വ സൗഹൃദമായ തൊഴിലിടം വേണം

അമ്മ എന്ന നിലയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുഞ്ഞിനോട് ചെയ്ത നീതിയാണ് ചിത്രത്തിലുള്ളത്. ഉന്നത സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും അവര്‍ വിമര്‍ശിക്കപ്പെടുകയാണ്. അവര്‍ അവരുടെ കര്‍ത്തവ്യം ചെയ്തു. അത് അമ്മ എന്ന നിലയിലായാലും മേയര്‍ എന്ന നിലയിലായാലും. കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണ് വന്നിരുന്നതെങ്കില്‍ അതും വിമര്‍ശിക്കപ്പെടുമായിരുന്നു. മാതൃത്വ സൗഹൃദമായ ഒരു തൊഴിലിടം ഇപ്പോഴും കേരളത്തിലില്ല. അത്തരത്തിലുള്ള മാറ്റങ്ങള്‍ കൂടി വരണമെന്ന് ഷെറീജ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios