ഡൽഹി-വാരണാസി വന്ദേ ഭാരത് സ്ലീപ്പർ: കാത്തിരിക്കുന്നത് എന്ത്?

Published : Oct 26, 2026, 03:28 PM IST
vande bharat sleeper

Synopsis

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് 2026 ഒക്ടോബർ 31 മുതൽ ആരംഭിക്കുന്നു. 16 എസി കോച്ചുകളുള്ള ഈ ട്രെയിൻ വഴി ഏകദേശം 8 മണിക്കൂറിനുള്ളിൽ രാത്രിയാത്ര പൂർത്തിയാക്കാം. പ്രയാഗ്‌രാജ്, കാൺപൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള സർവീസ് ആഴ്ചയിൽ 6 ദിവസമുണ്ടാകും.

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. 2026 ഒക്ടോബർ 31 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാത്രിയാത്രയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ട്രെയിൻ, ന്യൂഡൽഹിയെയും ഉത്തർപ്രദേശിലെ പുണ്യനഗരമായ വാരണാസിയെയും തമ്മിൽ ബന്ധിപ്പിക്കും. ഏകദേശം 8 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ട്രെയിൻ നമ്പറുകളും പ്രധാന സ്റ്റോപ്പുകളും

ഡൽഹി–വാരണാസി റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് 27421, 27422 എന്നീ നമ്പറുകളാണ് നൽകിയിരിക്കുന്നത്. പ്രയാഗ്‌രാജ്, കാൺപൂർ സെൻട്രൽ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. രാത്രിയിൽ യാത്ര ആരംഭിച്ച് പുലർച്ചെയോടെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്നതാണ് സർവീസിന്റെ പ്രധാന പ്രത്യേകത.

വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക്; സമയക്രമം ഇങ്ങനെ

വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിൻ രാത്രി 8:50ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5:55ന് ലക്ഷ്യസ്ഥാനത്തെത്തും. യാത്രാമധ്യേ രാത്രി 10:35ന് പ്രയാഗ്‌രാജിലെത്തുന്ന ട്രെയിൻ 10:40ന് അവിടെ നിന്ന് പുറപ്പെടും. തുടർന്ന് രാത്രി 12:40ന് കാൺപൂർ സെൻട്രലിലെത്തുകയും 12:45ന് യാത്ര തുടരുകയും ചെയ്യും.

ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക്

ന്യൂഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിൻ രാത്രി 9:40ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6:45ന് വാരണാസിയിലെത്തും. മടക്കയാത്രയിൽ കാൺപൂർ സെൻട്രലിൽ പുലർച്ചെ 2:25ന് എത്തുന്ന ട്രെയിൻ 2:30ന് പുറപ്പെടും. തുടർന്ന് പുലർച്ചെ 4:45ന് പ്രയാഗ്‌രാജിലെത്തുകയും 4:50ന് വാരണാസിയിലേക്ക് യാത്ര തുടരുകയും ചെയ്യും.

ആഴ്ചയിൽ 6 ദിവസം സർവീസ്

ആഴ്ചയിൽ 6 ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് ട്രെയിൻ പുറപ്പെടില്ല. ശനിയാഴ്ച വാരണാസിയിൽ നിന്നുള്ള സർവീസും ഉണ്ടായിരിക്കില്ല. അതിനാൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് യാത്രാദിവസവും സമയക്രമവും പരിശോധിക്കേണ്ടതാണ്.

16 എസി കോച്ചുകൾ; 823 യാത്രക്കാർക്ക് യാത്ര ചെയ്യാം

ആകെ 16 എസി കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുണ്ടാകുക. ഇതിൽ 1 ഫസ്റ്റ് എസി കോച്ച്, 4 സെക്കൻഡ് എസി കോച്ചുകൾ, 11 തേർഡ് എസി കോച്ചുകൾ എന്നിവ ഉൾപ്പെടും. ഏകദേശം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ട്രെയിനിന് ശേഷിയുണ്ടാകും.

രാത്രിയാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കുന്ന പുതിയ സർവീസ് ഡൽഹിക്കും വാരണാസിക്കുമിടയിലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം ദീർഘദൂര യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകാനും പുതിയ ട്രെയിൻ സർവീസ് ലക്ഷ്യമിടുന്നു.

PREV
Read more Articles on
click me!

Recommended Stories

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ വൻ മാറ്റം; കാത്തിരിക്കുന്നതെന്ത്?
മുംബൈ വിമാനയാത്രയിൽ വൻ മാറ്റം; യാത്ര എവിടെനിന്ന്?