
ഇടുക്കി, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്ന പ്രകൃതിരമണീയമായ വാഗമൺ, തണുപ്പേറിയ കാലാവസ്ഥകൊണ്ടും മൊട്ടക്കുന്നുകൾ കൊണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. എന്നാൽ, വാഗമണിലെത്തുന്ന പലരും അറിയാതെ പോകുന്ന, മലകളാൽ കോട്ടകെട്ടിയ ഒരു ചരിത്രഭൂമിയുണ്ട്. അതാണ് കോട്ടത്താവളം. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അതിമനോഹരമായ പ്രകൃതിഭംഗിയും ശക്തമായ ചരിത്രപ്രാധാന്യവും കൊണ്ട് ശ്രദ്ധേയമാണ്.
വാഗമൺ സന്ദർശിക്കുന്ന ഭൂരിഭാഗം പേർക്കും കോട്ടത്താവളത്തെക്കുറിച്ച് അറിയില്ലെന്നതാണ് സത്യം. നാല് മലകളാൽ ചുറ്റപ്പെട്ട് ഒരു കോട്ട പോലെ നിൽക്കുന്നതിനാലാണ് ഈ സ്ഥലത്തിന് 'കോട്ടത്താവളം' എന്ന പേര് ലഭിച്ചത്. പൂഞ്ഞാർ രാജാക്കന്മാർ മധുരയിലേക്ക് യാത്ര ചെയ്യാനായി ഉപയോഗിച്ചിരുന്ന രാജപാതയിൽ വിശ്രമത്തിനായി തിരഞ്ഞെടുത്ത ഇടമാണിതെന്നാണ് ചരിത്രം.
കോട്ടത്താവളത്തെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത് ഇവിടുത്തെ വെള്ളച്ചാട്ടം തന്നെയാണ്. മഴക്കാലമാകുമ്പോൾ ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗിയിലെത്തും. അതോടൊപ്പം കോടമഞ്ഞ് കൂടിയെത്തുമ്പോൾ കാഴ്ചകൾ കൂടുതൽ മനോഹരമാകും. കുരിശുമലയുടെ താഴ്ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന നീർച്ചാൽ താഴേക്ക് ഒഴുകിയെത്തുമ്പോഴാണ് ശക്തമായ വെള്ളച്ചാട്ടമായി മാറുന്നത്. മീനച്ചിലാറിന്റെ ഉത്ഭവപ്രദേശം കൂടിയാണ് ഈ നീർച്ചാൽ.
കോട്ടത്താവളത്തിലേക്കുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരുത്സവമാണ്. ഓഫ് റോഡ് യാത്ര, ഇടയ്ക്കിടെയുള്ള ചെറിയ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, 360 ഡിഗ്രി വ്യൂപോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ചെറിയൊരു ട്രെക്കിംഗ് വഴി കോട്ടത്താവളം വ്യൂപോയിന്റിൽ ആദ്യം എത്താം. അവിടെ നിന്ന് വെള്ളച്ചാട്ടം പൂർണ്ണമായി ആസ്വദിക്കാം.
വ്യൂപോയിന്റിൽ നിന്ന് കുറച്ച് കൂടി മുകളിലേക്ക് കയറിയാൽ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് എത്താം. ഇവിടെയൊരു ഗുഹയും കാണാം. മധുരയിലെ രാജകുടുംബം ഈ ഗുഹയിൽ വിശ്രമിച്ചിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. വാഗമൺ കുരിശുമലയിൽ നിന്ന് കാൽനടയായും വാഹനങ്ങളിലും കോട്ടത്താവളത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. ഇനി വാഗമണ്ണിലേക്ക് യാത്ര തിരിക്കുമ്പോൾ പ്രകൃതിയുടെ ഈ രഹസ്യസങ്കേതമായ കോട്ടത്താവളം സന്ദർശിക്കാൻ മറക്കരുത്!