എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് സ്ഥിതി ചെയ്യുന്ന കടമ്പ്രയാർ ബോട്ടിംഗ് സെന്റർ, കേരളത്തിന്റെ പ്രകൃതിഭംഗി മതിയാകുവോളം ആസ്വദിക്കാൻ അനുയോജ്യമായ ഒരിടമാണ്.
കേരളത്തിന്റെ പ്രകൃതിഭംഗിയിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരിടമാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കടമ്പ്രയാർ ബോട്ടിംഗ് സെന്റർ. ശാന്തതയും സാഹസികതയും കേരളീയ പ്രകൃതിയുടെ ചാരുതയും ഒത്തുചേരുന്ന മനോഹരമായ ഒരിടമാണ് ഈ പ്രദേശം.
വിശാലമായ പാടശേഖരങ്ങൾ, പച്ചപ്പാർന്ന കായലുകൾ, കാറ്റിലാടുന്ന തെങ്ങുകൾ എന്നിവയുടെ മനോഹരമായ കാഴ്ച ഒരു ഉഷ്ണമേഖലാ സ്വർഗ്ഗത്തിന്റെ പ്രതീതിയാണ് ഇവിടെ എത്തുന്നവർക്ക് നൽകുന്നത്. ബോട്ടിംഗ് ഇഷ്ടപ്പെടുന്നവർക്കായി വൈവിധ്യമാർന്ന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാന്തമായ യാത്രകൾ മുതൽ സാഹസികത നിറഞ്ഞ റൈഡുകൾ വരെ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. സമൃദ്ധമായ പച്ചപ്പിനും ശാന്തമായ ജലാശയത്തിനും ഇടയിലൂടെയുള്ള യാത്ര കേരളത്തിന്റെ കായൽ ഭംഗി നേരിട്ടറിയാൻ സഞ്ചാരികളെ സഹായിക്കും.
പ്രശസ്തമായ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കിന് സമീപമാണ് കടമ്പ്രയാർ ബോട്ടിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയും ഉന്മേഷവും ഒത്തുചേരുന്ന ഈ കേന്ദ്രം പിക്നിക്കുകൾക്കും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും അനുയോജ്യമാണ്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് ഊന്നൽ നൽകുന്നതിലൂടെ കേരളത്തിന്റെ തനതായ സൗന്ദര്യം സുസ്ഥിരമായ രീതിയിൽ ആസ്വദിക്കാൻ സന്ദർശകർക്ക് ഇവിടെ സാധിക്കുന്നു. നിങ്ങളുടെ സന്ദർശനം പ്രാദേശിക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കൂടി പിന്തുണയ്ക്കുന്നു എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ശാന്തമായ ജലാശയവും തനതായ കേരളീയ കാഴ്ചകളും ആവോളം ആസ്വദിക്കാൻ കടമ്പ്രയാറിലേക്ക് പോകാം.


