
ദക്ഷിണേന്ത്യയിലെ പ്രകൃതിഭംഗി കൊണ്ടായാലും സംസ്കാരം കൊണ്ടായാലും സമ്പന്നമായ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ടൂറിസത്തെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾ കൂടിയാണിത്. കേരളം ശാന്തമായ പ്രകൃതിദൃശ്യങ്ങൾ, പച്ചപ്പ്, ബീച്ചുകൾ, സാഹസികത എന്നിവ വാഗ്ദാനം ചെയ്യുമ്പോൾ സാംസ്കാരിക പൈതൃകം, ക്ഷേത്ര വാസ്തുവിദ്യ, തിരക്കേറിയ തീരദേശ പട്ടണങ്ങൾ എന്നിവയാണ് സഞ്ചാരികൾക്കായി തമിഴ്‌നാട് കാത്തുവെച്ചിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളെയും കുറിച്ചുള്ള ഒരു അവലോകനം ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നതായിരിക്കും. കാരണം ഇത് പലപ്പോഴും യാത്രാ പദ്ധതികളെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ്.
ചെറിയ ഗ്രാമങ്ങളിലെ ശാന്തമായ കായലുകൾ, തെങ്ങിൻ തോപ്പുകൾ, തദ്ദേശീയ ജീവിതത്തെ ഒന്നിച്ചു നിർത്തുന്ന പാലങ്ങൾ എന്നിവ കേരളത്തിന്റെ ഗ്രാമീണക്കാഴ്ചകളാണ്. മൂന്നാർ, വയനാട് തുടങ്ങിയ ഹിൽ സ്റ്റേഷനുകൾ ശുദ്ധവായു, തേയിലത്തോട്ടങ്ങൾ, വ്യൂ പോയിന്റുകൾ എന്നിവ പ്രദാനം ചെയ്യുന്നു. ബീച്ചുകൾ, വനപ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ കേരളത്തിന്റെ പ്രകൃതി വൈവിധ്യത്തെ തുറന്നുകാട്ടുന്നു.
പ്രകൃതിയും സാംസ്കാരിക പൈതൃകവും സമന്വയിക്കുന്ന ഭൂപ്രകൃതിയാണ് തമിഴ്‌നാടിന്റെ സവിശേഷത. ഊട്ടിയിലെ നീലഗിരി കുന്നുകൾ, കൊടൈക്കനാൽ, കൂനൂർ എന്നിവ തണുത്ത കാലാവസ്ഥയ്ക്കും മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കും പച്ചപ്പിനുമെല്ലാം പേരുകേട്ടതാണ്. വർഷം മുഴുവനും സജീവമായ മറീന ബീച്ച്, മഹാബലിപുരം തുടങ്ങിയ തീരദേശ പ്രദേശങ്ങൾ കാണേണ്ടത് തന്നെയാണ്.
വിശ്രമ ദിനങ്ങൾ, പ്രാദേശിക ആരോഗ്യ ചികിത്സകൾ, വന്യജീവി സങ്കേതങ്ങൾ, ഹൗസ്ബോട്ടിലെ താമസങ്ങൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് കേരളം അനുയോജ്യമാണ്. പ്രകൃതി, പരമ്പരാഗതമായ രീതികൾ, തീരദേശ ജീവിതം എന്നിവയാണ് കേരളത്തിന്റെ മുഖമുദ്ര.
കാഴ്ചകൾ കാണാനും, സംസ്കാരത്തെ അറിയാനും, ക്ഷേത്ര ദർശനങ്ങൾ നടത്താനും, പൈതൃക സമ്പന്നമായ പട്ടണങ്ങൾ കാണാനും ആഗ്രഹിക്കുന്നവർക്ക് തമിഴ്നാട് അനുയോജ്യമാണ്. ശാസ്ത്രീയ നൃത്തരൂപങ്ങൾ, ചരിത്രപരമായ ഘടനകൾ, പരമ്പരാഗത ഉത്സവങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സജീവമായ ബീച്ചുകൾ എന്നിവ തമിഴ്നാട് വാഗ്ദാനം ചെയ്യുന്നു. സാംസ്കാരിക പാരമ്പര്യം ആസ്വദിക്കുന്ന സഞ്ചാരികൾക്ക് കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഒരു പറുദീസ തന്നെയാണ് തമിഴ്നാട്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് കേരള സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം കാലാവസ്ഥ തണുപ്പും സുഖകരവുമായിരിക്കും. ഹൗസ്‌ബോട്ടുകൾ, ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ എന്നിവയാണ് ഈ മാസങ്ങളിൽ കാണേണ്ടത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലം പച്ചപ്പും പരമ്പരാഗത ചികിത്സകളും ആസ്വദിക്കുന്ന ആളുകളെ കേരളത്തിലേയ്ക്ക് കൂടുതലായി ആകർഷിക്കുന്നു.
നവംബർ മുതൽ മാർച്ച് വരെയാണ് തമിഴ്നാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ക്ഷേത്ര ദർശനങ്ങൾ, നഗര യാത്രകൾ, സൈറ്റ് സീയിംഗ് എന്നിവയ്ക്ക് ഈ കാലയളവ് അനുയോജ്യമാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ചൂട് അനുഭവപ്പെടും. എന്നാൽ ഊട്ടി, കൂനൂർ, കൊടൈക്കനാൽ തുടങ്ങിയ ഹിൽ സ്റ്റേഷനുകൾ തണുത്ത അന്തരീക്ഷം നിലനിർത്തും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ വിമാനത്താവളങ്ങൾ ഉള്ളതിനാൽ കേരളത്തിൽ എത്തിച്ചേരാൻ എളുപ്പമാണ്. പ്രധാന ജില്ലകളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളുമുണ്ട്. ഹൈവേകൾ റോഡ് യാത്ര സുഗമമാക്കുന്നു. കേരളത്തിലെത്തിയാൽ ബസുകൾ, ഫെറികൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ വ്യാപകമായി ലഭ്യമാണ്.
ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴി സംസ്ഥാനത്ത് എത്താം. വിപുലമായ റെയിൽ ശൃംഖലയും തമിഴ്നാട്ടിലുണ്ട്. ദീർഘമായ റോഡ് റൂട്ടുകളും പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. തമിഴ്നാടിന്റെ തലസ്ഥാനത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെന്നൈയിലെ മെട്രോ ആശ്വാസമാണ്.
പ്രകൃതി - കേരളം കായലുകൾ, പച്ചപ്പ്, കുന്നിൻ പ്രദേശങ്ങൾ എന്നിവയാൽ സമ്പന്നമാണ്. തമിഴ്‌നാട്ടിൽ ബീച്ചുകൾ, നീലഗിരി കുന്നുകൾ, തീരദേശ നഗരങ്ങൾ എന്നിവയുണ്ട്.
സംസ്കാരം - ദ്രാവിഡ ക്ഷേത്രങ്ങൾ, നൃത്തരൂപങ്ങൾ, ദീർഘകാല പാരമ്പര്യങ്ങൾ എന്നിവയാൽ തമിഴ്‌നാടിന് മുൻതൂക്കമുണ്ട്.
ഭക്ഷണം - കേരളത്തിൽ തേങ്ങാ ഉപയോഗിച്ചുള്ള വിഭവങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി ലഭ്യമാണ്. തമിഴ്നാട്ടിൽ ദോശ, ഇഡ്ഡലി, ഫിൽട്ടർ കോഫി, ക്ഷേത്ര പ്രസാദം എന്നിവയാണ് പ്രധാനം.
ചെലവ് - ടൂറിസം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കാരണം തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ അൽപ്പം ചെലവ് കൂടുതലാണ്. കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട് കൂടുതൽ ബജറ്റ് സൗഹൃദമാണെന്ന് പറയാം.
യാത്രാനുഭവം - കേരളം ശാന്തവും മനോഹരവുമായ ദിവസങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം തമിഴ്നാട് സാംസ്കാരിക പ്രാധാന്യമുള്ള, വൈവിധ്യപൂർണ്ണമായ യാത്രകൾ ഉറപ്പ് നൽകുന്നു.
പ്രകൃതിഭംഗി, ഹൗസ് ബോട്ടുകൾ, ശാന്തമായ ചുറ്റുപാടുകൾ എന്നിവ അടങ്ങുന്ന ഒരു അവധിക്കാല യാത്രയാണ് പ്ലാൻ എങ്കിൽ, കേരളം നിങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണ്. ക്ഷേത്രങ്ങൾ, സംസ്കാരം, വാസ്തുവിദ്യ, ഹിൽ സ്റ്റേഷനുകൾ, ബീച്ചുകൾ എന്നിവയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തമിഴ്നാട് നിങ്ങൾക്ക് കൂടുതൽ അനുയോജ്യമായിരിക്കും.