13,123 അടി ഉയരം, ശ്വാസം പോലും നിലച്ചുപോകാം; ചന്ദ്രശില കീഴടക്കൽ ഒരു 'ഹിമാലയൻ ടാസ്ക്'

Published : Mar 08, 2025, 11:27 AM IST
13,123 അടി ഉയരം, ശ്വാസം പോലും നിലച്ചുപോകാം; ചന്ദ്രശില കീഴടക്കൽ ഒരു 'ഹിമാലയൻ ടാസ്ക്'

Synopsis

ഗർവാൾ ഹിമാലയത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയാണ് ചന്ദ്രശില. 

ഇന്നത്തെ സഞ്ചാരികളിലേറെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. വന്യമൃ​ഗ സങ്കേതങ്ങളും ട്രെക്കിം​ഗുമെല്ലാം ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. ഇന്ത്യയിൽ ട്രെക്കിം​ഗിന് അനുയോജ്യമായ നൂറ് കണക്കിന് സ്ഥലങ്ങളുണ്ടെങ്കിലും ഇന്നും ട്രെക്കർമാരുടെ സ്വപ്നമാണ് ഉത്തരാഖണ്ഡിലെ ചന്ദ്രശില ട്രെക്ക്. 

ഗർവാൾ ഹിമാലയത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന അതിശയകരമായ ഒരു കൊടുമുടിയാണ് ചന്ദ്രശില. 13,123 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സാഹസികത ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല, പ്രശസ്തമായ തും​ഗനാഥ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ ചന്ദ്രശിലയ്ക്ക് വളരെയധികം ആത്മീയ പ്രാധാന്യവുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രമാണ് തും​ഗനാഥ്. 

മനോഹരമായ ചോപ്ത ഹിൽ സ്റ്റേഷനിൽ നിന്നാണ് ചന്ദ്രശിലയിലേയ്ക്കുള്ള ട്രെക്കിം​ഗ് ആരംഭിക്കുന്നത്. ചന്ദ്രശില ട്രെക്കിം​ഗിലെ ബേസ് ക്യാമ്പും ചോപ്ത തന്നെയാണ്. ചോപ്തയിൽ നിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള തും​ഗനാഥാണ് ആദ്യ ലക്ഷ്യം. തും​ഗനാഥിൽ നിന്ന് ചന്ദ്രശിലയിലേയ്ക്കുള്ള ട്രെക്കിം​ഗിന്റെ അവസാന ഭാ​ഗം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ട്രെക്കിം​ഗ് പൂർത്തിയാക്കി ഏറ്റവും മുകളിലെത്തിയാൽ ഹിമാലയത്തിന്റെ വിശാലമായ, അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 

ഭാ​ഗ്യമുണ്ടെങ്കിൽ, കാലാവസ്ഥ അനുകൂലമാണെങ്കിൽ നന്ദാദേവി, ത്രിശൂൽ, ചൗഖംബ എന്നിവയുൾപ്പെടെ ഏറ്റവും പ്രശസ്തമായ ചില കൊടുമുടികൾ പോലും കാണാൻ സാധിക്കും. അതിശയിപ്പിക്കുന്ന സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട കൊടുമുടിയാണ് ചന്ദ്രശില. ഇവിടെ സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകൾ കാണാനായി സഞ്ചാരികൾ ക്യാമ്പ് ചെയ്യാറുണ്ട്. വർഷം മുഴുവനും ട്രെക്കിംഗിന് ചന്ദ്രശിലയിൽ പ്രവേശനം ലഭിക്കുമെങ്കിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടേയ്ക്കുള്ള ട്രെക്കിം​ഗിന് അനുയോജ്യം. തെളി‍ഞ്ഞ കാലാവസ്ഥയും പച്ചപ്പും ട്രെക്കിം​ഗ് അവിസ്മരണീയമാക്കും. 

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലത്ത് ചന്ദ്ര​ഗിരി ട്രെക്കിം​ഗ് വളരെയേറെ വെല്ലുവിളി നിറ‍ഞ്ഞതാണ്. കനത്ത മഴ ട്രെക്കിംഗ് ബുദ്ധിമുട്ടേറിയതാക്കുമെങ്കിലും ഈ സമയത്തെ ഭൂപ്രകൃതിയാണ് ഏറ്റവും മനോഹരം. ഒക്ടോബർ മുതൽ നവംബർ വരെയുള്ള ശരത്കാലത്തെ ട്രെക്കിം​ഗും മികച്ച കാഴ്ചകൾ സമ്മാനിക്കും. ഈ സമയത്തെ തെളിഞ്ഞ ആകാശവും സുഖകരമായ താപനിലയും സഞ്ചാരികളെ ട്രെക്കിം​ഗിന് ഊർജസ്വലരാക്കി മാറ്റും. ഡിസംബർ മുതൽ മാർച്ച് വരെ നീളുന്ന ശൈത്യകാലം ട്രെക്കിം​ഗിന് അനുയോജ്യമാണെങ്കിലും താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. മഞ്ഞുമൂടിയ പാതകളിലൂടെ ട്രെക്കിംഗ് കൂടുതൽ വെല്ലുവിളികൾ സമ്മാനിക്കും. 

READ MORE: തണുപ്പ് തേടി വട്ടവടയിലേയ്ക്കാണോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പണി കിട്ടും!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ