മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുക.
'തൊട്ടടുത്താ...ഒരു 150 കിലോമീറ്റർ...വട്ടവട...' ദുൽഖർ സൽമാൻ നായകനായെത്തിയ ചാർളി എന്ന സിനിമയ്ക്ക് ശേഷം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപമുള്ള വട്ടവട. മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട എന്ന സുന്ദര ഗ്രാമത്തിലേയ്ക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. കാർഷിക ഗ്രാമമായ വട്ടവടയിലെത്തിയാൽ മനോഹരമായ കൃഷിയിടങ്ങളുടെ ദൃശ്യങ്ങൾ കാണാനാകും.

തട്ടുതട്ടായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങൾ തന്നെയാണ് വട്ടവട കാഴ്ചകളിലെ ഹൈലൈറ്റ്. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, പാഷൻ ഫ്രൂട്ട്സ്, നെല്ലിക്ക തുടങ്ങിയവയാണ് വട്ടവടയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.

മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള യാത്ര ആരുടെയും മനംമയക്കും എന്ന കാര്യത്തിൽ സംശയമില്ല. മൂന്നാറിൽ നിന്ന് തേയിലത്തോട്ടങ്ങളുടെ ഓരം ചേർന്ന് ആരംഭിക്കുന്ന യാത്ര ഒരു ഘട്ടമെത്തുമ്പോൾ പൈൻ മരങ്ങൾക്ക് നടുവിലൂടെയാകും. പൈൻ മരങ്ങൾ ഇരുവശങ്ങളിലും ഇടതൂർന്നു നിൽക്കുന്ന, സൂര്യപ്രകാശം പോലും കടന്നുവരാൻ മടിക്കുന്ന വീതി നന്നേ കുറഞ്ഞ റോഡിലൂടെയുള്ള യാത്ര, അത് നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.

കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഈ റൂട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വട്ടവടയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.

വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ പാമ്പാടും ഷോള നാഷണൽ പാർക്കിനുള്ളിലൂടെയാണ് മൂന്നാറിൽ നിന്ന് വടവട്ടയിലേക്ക് യാത്ര ചെയ്യേണ്ടത്. അതിനാൽ തന്നെ 6 മണിയ്ക്ക് മുമ്പായി ചെക്ക്പോസ്റ്റിലെത്തണം. അവിടെ നിന്ന് 5 കിലോ മീറ്റർ ദൂരം കൊടുംകാടാണ്. ഈ 5 കിലോ മീറ്ററിനിടെ വാഹനം നിർത്താനോ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ പാടില്ല.

പോകുന്ന വഴികളിൽ ആന, കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാനിടയായേക്കാം. അതിനാൽ വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ വേണം ഡ്രൈവിംഗ്. വട്ടവടയിൽ നിന്ന് തിരികെ മൂന്നാറിലേക്കുള്ള യാത്രയാണെങ്കിലും ഈ സമയക്രമം കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം. രാത്രിയും ഏറെ വൈകിയുമുള്ള യാത്ര വളരെയേറെ അപകടകരമാണ്. ഇരുൾ മൂടിയ, വളഞ്ഞുപുളഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കും. ഫോണിൽ റേഞ്ച് ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം.

മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള വഴിയിൽ പെട്രോൾ പമ്പുകളില്ല. അതിനാൽ മൂന്നാറിൽ നിന്ന് ആവശ്യത്തിന് ഇന്ധനം നിറച്ച് വേണം വട്ടവടയിലേയ്ക്ക് യാത്ര ചെയ്യാൻ. വാഹനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തണം. പോകുന്ന വഴിയിലോ വട്ടവടയിലോ വാഹനം റിപ്പയർ ചെയ്യാനുള്ള വർക്ക്ഷോപ്പുകളുടെ അഭാവം വലിയ രീതിയിലുണ്ട്. എടിഎം കൗണ്ടറുകളും ലഭ്യമല്ലാത്തതിനാൽ ആവശ്യത്തിന് പണം കയ്യിൽ കരുതണം.

താമസിക്കാൻ ഹോം സ്റ്റേകളും മറ്റും വട്ടവടയിലുണ്ടെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം വേണം ഇവിടേയ്ക്ക് വരാൻ. മറ്റ് സ്ഥലങ്ങളിലെത്തിയാൽ ചെയ്യുന്നത് പോലെ വട്ടവടയിലെത്തിയ ശേഷം റൂമുകൾ കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. തിരക്കുള്ള സമയമാണെങ്കിൽ റൂമുകൾ ലഭിക്കാൻ ബുദ്ധിമുട്ടാകും. വട്ടവടയിൽ മികച്ച റെസ്റ്റോറന്റുകളുടെ അഭാവവുമുള്ളതിനാൽ താമസ സൗകര്യം ഏർപ്പെടുത്തുന്ന സ്ഥലത്ത് തന്നെ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതാണ് നല്ലത്. ശുദ്ധമായ പഴങ്ങളും പച്ചക്കറികളും വാങ്ങി, ജീപ്പ് സഫാരി നടത്തി, തണുപ്പേറ്റ് ശുദ്ധവായു ശ്വസിച്ച് വട്ടവടയോട് മനസില്ലാ മനസ്സോടെ വിട പറയാം. പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ചകൾ തേടി വട്ടവടയിലേയ്ക്ക് പോകുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ പ്രദേശങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...
