
ശിക്കാരയിലെ കൊത്തുപണികള്‍ വെറും അലങ്കാരങ്ങളല്ല, കഥകളാണ്. പേര്‍ഷ്യന്‍ ശൈലികളും ഇസ്ലാമിക ജ്യാമിതിയും താഴ്‌വരയിലെ പുഷ്പങ്ങളുടെ മര്‍മ്മരങ്ങളും ആ മരത്തില്‍ കൊത്തിവെച്ചിരിക്കുന്നത് കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ പോലെയാണ്.
കശ്മീരിലെത്തിയത് എന്ത് തിരഞ്ഞാണോ, അത് ആ മഞ്ഞുമലകളുടെ ഔന്നത്യത്തിലും തടാകത്തിന്റെ ആഴങ്ങളിലുമുണ്ടായിരുന്നു.
ദാല്‍ തടാകത്തിലെ ശിക്കാരയില്‍, വെള്ളത്തിനു മുകളിലൂടെ നീങ്ങുമ്പോള്‍, ചുറ്റുമുള്ള പര്‍വതനിരകള്‍ തടാകത്തിന്റെ കാവലാളുകളെപ്പോലെ തോന്നിപ്പിച്ചു. തടാകം അലതല്ലുകയായിരുന്നില്ല, മറിച്ച് പതിയെ സ്പന്ദിയ്ക്കുകയായിരുന്നു. ശിക്കാര ചലിക്കുകയായിരുന്നില്ല, മറിച്ച് അതിന്റെ വഴി ഓര്‍ത്തോര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.
അതിന്റെ അങ്ങേ അറ്റത്ത്, വെറുമൊരു തുഴക്കാരനല്ല, ആകാശത്തിന്റെയും തടാകത്തിന്റെയും അച്ചുതണ്ടുപോലൊരാള്‍. വൃക്ഷത്തെയും ജലത്തെയും സ്മൃതികളെയും ഒരൊറ്റ രേഖയിലേക്ക് കോര്‍ത്തിണക്കി ആ കാവലാള്‍ ഇരുന്നു.
ശിക്കാര വെറുമൊരു വഞ്ചിയല്ല; അതൊരു സ്മൃതിശേഖരമാണ്.
ചരിത്രപുസ്തകങ്ങളിലൂടെ ഇത് തിരിച്ചറിയാനാവില്ല. മറിച്ച്, ആ തുഴയുടെ താളത്തിലൂടെയാണ്. ഹൃദയാകൃതിയുള്ള തുഴ. അത് നാഡിമിടിപ്പ് പോലെ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും നീങ്ങി.
കാലത്തിന്റെ പാരിതോഷികം
കശ്മീരിലെ ഈ ശിക്കാരയാത്രകള്‍ക്ക് കാലപ്പഴക്കമേറെയാണ്. ഗൈഡ് തന്‍വീര്‍ വിശദീകരിച്ചതുപോലെ, കശ്മീര്‍ എന്ന പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഒരു പ്രാദേശിക ഐതിഹ്യം, 'ജലത്തില്‍നിന്ന് വീണ്ടെടുത്ത ഭൂമി എന്നാണ്. 'ക' (ജലം), 'ഷമീര' (ഉണങ്ങിയത്). കശ്മീരിന്റെ ചരിത്രരേഖകളായ 'നീലമത പുരാണം', 'രാജതരംഗിണി' എന്നിവ പ്രകാരം ഈ താഴ്‌വര ഒരുകാലത്ത് 'സതിസാര്‍' എന്ന തടാകമായിരുന്നു. കശ്യപ മഹര്‍ഷിയാണ് തടാകത്തിലെ ജലം വറ്റിച്ചു കളഞ്ഞ് ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കിയത്. വിഷ്ണുവിന്റെ മത്സ്യാവതാരം ഒരു ദൈവിക നൗകയെ നയിച്ച് ജീവനെ പ്രളയത്തില്‍ നിന്ന് രക്ഷിച്ച കഥയും നീലമത പുരാണം പങ്കുവെക്കുന്നു. നോഹയുടെ പെട്ടകം പോലെ, ജലസാന്നിധ്യമുള്ള എല്ലാ സംസ്‌കാരങ്ങളിലും കാണപ്പെടുന്ന 'അതിജീവനത്തിന്റെ വഞ്ചി' എന്ന സങ്കല്‍പ്പത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു.
ഐതിഹ്യങ്ങള്‍ പറയുന്ന ഈ 'ജലകഥ'യെ ഭൗമശാസ്ത്രവും ശരിവെക്കുന്നുണ്ട്. ഏകദേശം 2.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് (Pleistocene Epoch) കശ്മീര്‍ താഴ്‌വര കരേവ തടാകമായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു. ഭൂവല്‍ക്ക പാളികളുടെ ചലനം (Tectonic shifts) കാരണം പര്‍വ്വതനിരകളില്‍ വിള്ളലുകള്‍ (Baramulla Gap) ഉണ്ടാവുകയും, ആ വിടവിലൂടെ തടാകത്തിലെ വെള്ളം വറ്റിയൊഴുകുകയും ചെയ്തു. വെള്ളം ഒഴിഞ്ഞുപോയപ്പോള്‍ ശേഷിച്ചത് ഫലഭൂയിഷ്ഠമായ Sediments നിറഞ്ഞ മണ്ണാണ്. ഇതാണ് കശ്മീരിലെ വിശ്വപ്രസിദ്ധമായ കുങ്കുമപ്പൂ കൃഷിക്ക് ആധാരമായ 'കരേവ' മണ്ണ്.
ഋഗ്വേദം നൂറു തുഴകളുള്ള കപ്പലുകളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍, അര്‍ത്ഥശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങള്‍ അവയുടെ നിര്‍മ്മാണ ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഭാരതത്തിന്റെ ജലയാന വിജ്ഞാനം കേവലം യാദൃശ്ചികമല്ല; മറിച്ച് അത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. ലോത്തലിലെ കപ്പല്‍ത്തുറകള്‍, കശ്മീരിലെ, കേരളത്തിലെ ഉള്‍നാടന്‍ തടാകങ്ങള്‍ വരെ, വഞ്ചികളുടെ ചരിത്രം നമ്മുടെ സംസ്‌കൃതിയുടെ സിരകളിലൂടെ ഒരു അന്തര്‍വാഹിനി പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.
കാശ്മീര്‍ തോണികള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെയ്തത്, അവര്‍ അതിനുള്ളില്‍ ജീവിക്കുക കൂടിയായിരുന്നു.
മഹാരാജാ രണ്‍ബീര്‍ സിങ്ങിന്റെ ഭരണകാലത്ത്, ഭൂമി വാങ്ങാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുണ്ടായിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഹൗസ് ബോട്ടുകള്‍. അവ 'വെള്ളത്തില്‍ ഒഴുകുന്ന ലണ്ടന്‍ കഷ്ണങ്ങള്‍' ആയി വിശേഷിപ്പിയ്ക്കപ്പെട്ടു, എങ്കിലും ആത്മാവില്‍ അവ തികച്ചും കാശ്മീരി തന്നെയായിരുന്നു.
കുന്നുകൂടുന്ന സമയം
നൂറ്റാണ്ടുകളിലൂടെ ഈ തടാകം സാക്ഷ്യം വഹിച്ച ദൃശ്യങ്ങള്‍ എന്തൊക്കെയാവും? ചാന്ദ്രശോഭയുള്ള രാത്രികളില്‍, സംഗീതത്തിന്റെ രണ്ടാം നദിയെ കൂടെക്കൂട്ടി ജലത്തിലൂടെ നീങ്ങുന്ന ജഹാംഗീര്‍ ചക്രവര്‍ത്തി. വഞ്ചിക്കാരന്റെ കുട്ടിയില്‍ ദൈവികത ദര്‍ശിച്ച് ഒരു 'ദൂങ്ക'യില്‍ ശാന്തനായി സഞ്ചരിയ്ക്കുന്ന സ്വാമി വിവേകാനന്ദന്‍ അങ്ങനെ അങ്ങനെ... ചക്രവര്‍ത്തിമാരെയും അധിനിവേശക്കാരെയും സന്യാസിമാരെയും കലാകാരന്മാരെയും ഈ തടാകം ഒരുപോലെ സ്വീകരിച്ചിട്ടുണ്ട്. ഇന്നും യാത്രികരെ ദാല്‍ തടാകം കൈനീട്ടി വരവേല്‍ക്കുന്നു.
ഇവിടെ സമയം കടന്നുപോകുകയല്ല, മറിച്ച് കുന്നുകൂടുകയാണ് ചെയ്യുന്നത്.
നാല് ചിനാര്‍ മരങ്ങള്‍ കാവല്‍ക്കാരായി നില്‍ക്കുന്ന 'ചാര്‍ ചിനാര്‍' ദ്വീപില്‍ അല്‍പനേരം ചെലവഴിച്ചു. കൂട്ടത്തില്‍ ഒരു ചിനാര്‍ പകുതിയോളം വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. അവിടെനിന്നുള്ള അസ്തമയക്കാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു. ഓര്‍മ്മകളുടെ ചുടുകാറ്റ് പതിയെ തണുപ്പിന് വഴിമാറിക്കൊണ്ടിരുന്നു. ആകാശം ചുവന്നു തുടുക്കാന്‍ തുടങ്ങി. ദൂരെ മലനിരകളിലെ സൈനിക പോസ്റ്റുകളിലും താജ് ഹോട്ടലിലും വെളിച്ചങ്ങള്‍ തെളിഞ്ഞു കണ്ടു. ചുറ്റും ഷിക്കാരകള്‍ തടാകത്തില്‍ ഒഴുകിനടന്നു.
ശിക്കാര, ഒരു ഭാഷ
ശിക്കാരയുടെ സൗന്ദര്യത്തിന് പിന്നില്‍ അതിശയിപ്പിക്കുന്ന കരവിരുതിന്റെ അച്ചടക്കമുണ്ട്.
ദേവദാരു മരങ്ങള്‍ ഉപയോഗിച്ച്, നിശ്ചലമായ ജലപ്പരപ്പിനെ കീറിമുറിക്കാന്‍ കൂര്‍ത്ത മുന്‍ഭാഗവും, ബാലന്‍സ് നിലനിര്‍ത്താന്‍ പരന്ന പിന്‍ഭാഗവും, പിന്നെ എട്ട് മരപ്പലകകള്‍ ചേര്‍ത്തുവെച്ച ഉടലും നിര്‍മ്മിയ്ക്കുന്നു. പഴുപ്പിച്ചെടുത്ത ഇരുമ്പാണികള്‍ മരത്തിനുള്ളിലേക്ക് ചരിഞ്ഞിറങ്ങുമ്പോള്‍, ദൃഢത ആ വശ്യതയ്ക്കുള്ളില്‍ അദൃശ്യമായി മറഞ്ഞിരിക്കുന്നു. വിടവുകള്‍ പോപ്ലര്‍ വിത്തുകളുടെ മിശ്രിതം കൊണ്ട് ഭദ്രമായി അടയ്ക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ കൊണ്ട് മരം ഒരു വഞ്ചിയായും, ആ വഞ്ചി ഒരാളുടെ ഉപജീവനമായും മാറുന്നു.
അതിലുപരി, അതൊരു ഭാഷയായി മാറുന്നു.
ശിക്കാരയിലെ കൊത്തുപണികള്‍ വെറും അലങ്കാരങ്ങളല്ല, കഥകളാണ്. പേര്‍ഷ്യന്‍ ശൈലികളും ഇസ്ലാമിക ജ്യാമിതിയും താഴ്‌വരയിലെ പുഷ്പങ്ങളുടെ മര്‍മ്മരങ്ങളും ആ മരത്തില്‍ കൊത്തിവെച്ചിരിക്കുന്നത് കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ പോലെയാണ്. മൃദുവായ കശ്മീരി പരവതാനികളും തുന്നിച്ചേര്‍ത്ത വിരികളും ചേര്‍ന്ന് സൃഷ്ടിക്കുന്നത് ചലിക്കുന്ന ഒരു കൊച്ചു മുറിയാണ്.
കഥകളുടെ കാവലാള്‍
അയാള്‍, എല്ലായ്‌പ്പോഴും അറ്റത്തിരുന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും
ശിക്കാരയിലെ വഞ്ചിക്കാരനെ വെറുമൊരു തുഴക്കാരന്‍ എന്നല്ല, മറിച്ച് Keeper എന്ന് വിളിക്കുന്നത് എത്രയോ ശരിയാണ്. അദ്ദേഹം ദാല്‍ തടാകത്തിന്റെ സംസ്‌കാരത്തെയും സ്മൃതികളെയും കാത്തുസൂക്ഷിക്കുന്ന കാവലാളാണ്.
'യാ പീര്‍ ദസ്തഗീര്‍' എന്ന് അയാള്‍ ഇടയ്ക്ക് മന്ത്രിക്കുന്നുണ്ടാകാം; അത് ലോകം കേള്‍ക്കാനായി ഉച്ചത്തിലല്ല, മറിച്ച് ജലം പോലും അസ്വസ്ഥമാകാത്ത വിധം അത്രമേല്‍ മൃദുവായി. ആ മന്ത്രത്തില്‍ അധ്വാനമുണ്ട്, വിശ്വാസമുണ്ട്, തളര്‍ച്ചയുണ്ട്, ഒപ്പം തലമുറകളായി കൈമാറി വന്ന അതിജീവനത്തിന്റെ അടയാളങ്ങളുമുണ്ട്.
കാറ്റിന്റെ ഗതി, വെള്ളത്തിന്റെ ആഴം, വാക്കുകള്‍ക്കിടയിലെ നിശബ്ദത പോലും. എപ്പോള്‍ തുഴയണമെന്നും എപ്പോള്‍ തടാകത്തിന്റെ ഒഴുക്കിന് വിട്ടുകൊടുക്കണമെന്നും അയാള്‍ക്കറിയാം. കാത്തുസൂക്ഷിയ്‌ക്കേണ്ടവന്‍ ആണ് താനെന്നും അയാള്‍ക്ക് അറിയാം.
അതുകൊണ്ടാകാം Keeper എന്ന ആ വാക്ക് എന്നില്‍ത്തന്നെ തങ്ങിപ്പോയത്, എന്നില്‍ നിന്നുമിറങ്ങി പോകാത്തത്.
അയാള്‍ വഞ്ചികളുടെ മാത്രമല്ല കാവലാള്‍; കഥകളുടെയും, വ്യഥകളുടെയും നഷ്ടങ്ങളുടെയും, ഏറെക്കണ്ടും ഏറെ സഹിച്ചും കഴിഞ്ഞൊരു ദേശത്തിന്റെ തന്നെയും കാവലാളാണ്.
ഇന്നത്തെ കശ്മീര്‍, സൗന്ദര്യത്തോടൊപ്പം ചില പോരായ്മകളെയും പ്രശ്‌നങ്ങളെയും ചുമക്കുന്നു. കുറയുന്ന ജലനിരപ്പ്, അന്യംനിന്നുപോകുന്ന കരവിരുതുകള്‍, ഈ കലയെ ഏറ്റെടുക്കാന്‍ മടിക്കുന്ന പുതിയ തലമുറ. ഒരിക്കല്‍ സ്ഫടികം പോലെ തെളിഞ്ഞുകിടന്നിരുന്ന ജലപ്പരപ്പ് ഇന്ന് മലിനമാണ്. വഞ്ചികള്‍ അനായാസം തുഴഞ്ഞുപോയിരുന്ന വഴികള്‍ ഇഴമുറിഞ്ഞിരിക്കുന്നു. ഇടതടവില്ലാതൊഴുകിയ ഓളങ്ങള്‍ പലയിടത്തും അറ്റുപോയിരിക്കുന്നു.
പ്രളയങ്ങള്‍ക്കും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും കാലത്തിന്റെ കുത്തൊഴുക്കിനും ശേഷവും ആ കാവലാളുകള്‍ ഇന്നും അവിടെത്തന്നെയുണ്ട്. പക്ഷേ, അവര്‍ കാത്തുസൂക്ഷിക്കുന്ന ആ ലോകം മുന്‍പത്തെക്കാള്‍ അസ്ഥിരവും ദുര്‍ബലവുമാണ്. ശിക്കാരകള്‍ ഇന്നും അതിജീവിക്കുന്നുണ്ട്, പക്ഷേ കാലമേല്‍പ്പിച്ച മുറിവുകള്‍ വടുക്കളായി അകംപുറമുണ്ട്.
ആകാശത്തിനും തടാകത്തിനുമിടയില്‍...
എങ്കിലും, എന്റെ ശിക്കാര തടാകത്തിലൂടെ സാവധാനം നീങ്ങിയപ്പോള്‍, ആ വേവലാതികളൊന്നും എന്നെ അലട്ടിയില്ല. ചുറ്റും ജലസ്പന്ദനങ്ങള്‍മാത്രം. ജലമര്‍മ്മരങ്ങള്‍ മാത്രം. ഏതോ പുരാതന ലോകത്തേക്ക് എടുത്തുമാറ്റപ്പെട്ടതുപോലെ. ഞാനും തടാകവും ആകാശവും മാത്രമുള്ള ഒരു നിഗൂഢ സംയോഗം.
അവിടെ ജീവിക്കുക എന്നത് ഒരു നിമിഷത്തേക്ക് അവിശ്വസനീയമായി തോന്നി. അല്ലെങ്കില്‍ മറ്റെന്തിനേക്കാളും യാഥാര്‍ത്ഥ്യമായി തോന്നി.
ആ നിശ്ശബ്ദമായ ഒഴുക്കില്‍, ആ സൂക്ഷിപ്പുകാരന് പണ്ടേ അറിയാവുന്ന ഒരു പാഠം ഞാനും പഠിച്ചു: മുന്നോട്ട് പോകാന്‍ എല്ലായ്‌പ്പോഴും ശക്തിയായി തുഴയണമെന്നില്ല, ചിലപ്പോഴെക്കെ, മുറുകെ പിടിക്കാന്‍ പഠിക്കുകയാണ് വേണ്ടത്.
ആ നിശബ്ദതയെ മുറുകെ പിടിക്കാന്‍, അലകളേക്കാള്‍ പഴക്കംചെന്ന കഥകളെ കാത്തുസൂക്ഷിക്കാന്‍, കാവലാളാകാന്‍.