ഇന്ത്യയുടെ പായുംപുലി! 180 കി.മീ വേ​ഗതയിൽ വന്ദേ ഭാരത്, 'ജലപരീക്ഷണം' വൈറൽ, ഇതാണ് സ്റ്റെബിലിറ്റി!

Published : Nov 15, 2025, 01:17 PM IST
Vande Bharat

Synopsis

മണിക്കൂറിൽ 180 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനുള്ളിൽ നടത്തിയ ജലപരീക്ഷണത്തിന്റെ വീഡിയോ വൈറലാകുന്നു. നിറയെ വെള്ളമുള്ള മൂന്ന് ഗ്ലാസുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. 

ദില്ലി: മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് വന്ദേ ഭാരത് എക്സ്പ്രസുകൾ. സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും വേഗതയും ഉറപ്പുനൽകുന്ന ഈ പ്രീമിയം സെമി-ഹൈ-സ്പീഡ് ട്രെയിനുകൾക്ക് രാജ്യത്താകമാനം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ, ഏറെ നാളായി രാജ്യമൊന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മണിക്കൂറിൽ 180 കി.മീ വേ​ഗതയിൽ ചീറിപ്പായുന്ന വന്ദേ ഭാരത് ട്രെയിനിലെ വാട്ടർ ടെസ്റ്റാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

വേഗതയേറിയ യാത്രകൾ, മികച്ച സുഖസൗകര്യങ്ങൾ, നൂതന സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത രാത്രികാല സർവീസായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വൈകാതെ ട്രാക്കിലെത്തുമെന്നാണ് റിപ്പോർട്ട്. വിശാലമായ സ്ലീപ്പർ ബെർത്തുകൾ, ഓൺബോർഡ് വൈ-ഫൈ, ചാർജിംഗ് പോയിന്റുകൾ, ദൈർഘ്യമേറിയ റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ എന്നിവ ഈ ട്രെയിനിന്റെ സവിശേഷതകളാണ്. നിലവിലുള്ള സ്ലീപ്പർ ട്രെയിനുകളേക്കാൾ സുഖകരവും വേ​ഗത്തിലുള്ളതുമായ യാത്രയാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉറപ്പുനൽകുന്നത്.

അടുത്തിടെ നടത്തിയ പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചിരുന്നു. റോഹൽഖുർദ്-ഇന്ദ്രഗഡ്-കോട്ട റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സ്ഥിരത, ബ്രേക്കിംഗ്, യാത്രാ സുഖം എന്നിവ വിലയിരുത്തുന്നതിനായുള്ള പരീക്ഷണങ്ങളാണ് നടന്നത്. ട്രെയിനിന്റെ എയറോഡൈനാമിക് ഡിസൈൻ, നവീകരിച്ച സസ്പെൻഷൻ, മെച്ചപ്പെട്ട ബോഗികൾ എന്നിവ ഉയർന്ന വേഗതയിലും സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു.

 

 

വൈറലായിരിക്കുന്ന വീഡിയോയിൽ, ട്രെയിനിനുള്ളിൽ ഒരു പരന്ന പ്രതലത്തിൽ മൂന്ന് ഗ്ലാസ് വെള്ളം വെച്ചിരിക്കുന്നതായി കാണാം. ഇതിന്റെ സമീപത്തായി വെച്ചിരിക്കുന്ന ഒരു ഫോണിൽ ട്രെയിനിന്റെ വേഗത പ്രദർശിപ്പിക്കുന്നുണ്ട്. മണിക്കൂറിൽ 180 കി.മീ വേ​ഗതയിൽ സഞ്ചരിക്കുമ്പോഴും വെള്ളം ഒരു തുള്ളി പോലും പുറത്തേയ്ക്ക് പോകുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. ഒരാൾ മറ്റ് രണ്ട് ഗ്ലാസുകൾക്ക് മുകളിൽ ഒരു ഗ്ലാസ് വെച്ചിട്ടും സമാനമായ ഫലം തന്നെയാണ് ലഭിച്ചത്. എന്നിരുന്നാലും, പരീക്ഷണം ഇങ്ങനെയൊക്കെ നടക്കുമെങ്കിലും സർവീസ് ആരംഭിക്കുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരിക്കുമോ എന്നാണ് പലരുടെയും സംശയം. 

PREV
Read more Articles on
click me!

Recommended Stories

ശാന്തതയും സാഹസികതയും ഒരേയിടത്ത്; ഇതാ കൊച്ചിക്ക് സമീപമൊരു മനോഹര തീരം! സഞ്ചാരികളെ കാത്ത് കടമ്പ്രയാർ
പോക്കറ്റ് കീറില്ല, കാഴ്ചകൾ തീരില്ല; വിന്റർ സീസൺ ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്! 5 കാരണങ്ങൾ