കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രീലങ്കയിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായതായി വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ 'അറ്റ്ലിസി'ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ശ്രീലങ്ക. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ 'അറ്റ്ലിസ്' (Atlys) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താങ്ങാനാവുന്ന ചിലവും എളുപ്പം യാത്ര ചെയ്യാമെന്നതുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

കഴിഞ്ഞ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീലങ്കയിലേക്കുള്ള യാത്രകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായെന്നാണ് അറ്റ്‌ലിസിന്റെ ഡാറ്റ വ്യക്തമാക്കുന്നത്. ഇത് ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് ഹ്രസ്വദൂര അന്താരാഷ്ട്ര അവധിക്കാല കേന്ദ്രമെന്ന നിലയിൽ ശ്രീലങ്കയ്ക്ക് ലഭിക്കുന്ന ജനപ്രീതിയാണ് അടിവരയിടുന്നത്. അതിവേഗത്തിലുള്ള വിസ സേവനങ്ങളും കുറഞ്ഞ യാത്രാദൂരവും ഈ സീസണിൽ ശ്രീലങ്കയെ ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിച്ചിരിക്കുകയാണ്.

ശ്രീലങ്ക പ്രിയങ്കരമാകാൻ 5 കാരണങ്ങൾ

1. ലളിതമായ പ്രവേശന നടപടികൾ: ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) അംഗീകാരങ്ങൾ ശ്രീലങ്കൻ യാത്ര സുഗമമാക്കുന്നു. ഇന്ത്യയിൽ നിന്ന് വിമാന മാർ​ഗം വേ​ഗത്തിലെത്താം. യാത്രാക്ഷീണവും കുറയുന്നു.

2. കുറഞ്ഞ ചിലവ്: ഇന്ത്യൻ സഞ്ചാരികൾക്ക് താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിൽ ചെലവ് വളരെ കുറവാണ്.

3. മനോഹരമായ ബീച്ചുകൾ: ശാന്തമായ തെക്കൻ തീരങ്ങൾ മുതൽ സർഫിംഗിന് അനുയോജ്യമായ ഇടങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന ബീച്ചുകൾ ശ്രീലങ്കയിലുണ്ട്.

4. സമ്പന്നമായ പൈതൃകം: യുനെസ്‌കോ പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളും പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രേമികളെ ശ്രീലങ്കയിലേയ്ക്ക് ആകർഷിക്കുന്നു.

5. രുചികരമായ ഭക്ഷണം: ഇന്ത്യൻ രുചികളോട് സാമ്യമുള്ളതും എന്നാൽ വ്യത്യസ്തവുമായ ശ്രീലങ്കൻ പാചകരീതികൾ ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.