ജൈവകീടനാശിനികള്‍ നൂറ് ശതമാനം സുരക്ഷിതമാണോ?

By Web TeamFirst Published Feb 19, 2021, 9:38 AM IST
Highlights

ജൈവകീടനാശിനികളില്‍ ബയോകെമിക്കല്‍, മൈക്രോബിയല്‍, ബൊട്ടാണിക്കല്‍, മിനറല്‍ എന്നിവയുടെ അംശങ്ങളാണ് അടങ്ങിയിട്ടുള്ളത്. 

പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കീടനാശിനികളെയാണ് ജൈവകീടനാശിനികളെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കീടനാശിനികള്‍ ഉപയോഗിക്കുന്നത് നല്ലതാണോ? ഏതുതരത്തില്‍പ്പെട്ട കീടനാശിനിയായാലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

പ്രകൃതിദത്തമായ ചേരുവകള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നുവെന്നതിനര്‍ഥം രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതല്ല. യഥാര്‍ഥത്തില്‍ രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് സസ്യജന്യമായ വസ്തുക്കളില്‍ നിന്നും ധാതുക്കളില്‍ നിന്നുമാണ്. പക്ഷേ, മറ്റുള്ള വ്യാവസായികമായ ഉറവിടങ്ങളില്‍ നിന്നും തയ്യാറാക്കുന്ന രാസവസ്തുക്കളേക്കാള്‍ സസ്യജന്യമായ കീടനാശിനികള്‍ക്ക് എളുപ്പത്തില്‍ വിഘടനം സംഭവിക്കുന്നതായതുകൊണ്ട് അപകടങ്ങള്‍ തീരെ കുറവാണെന്ന് പറയാം.

രാസവസ്തുക്കള്‍ വായുവിലൂടെയും ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഇന്ന് ഉപയോഗിക്കുന്ന രാസകീടനാശിനികളില്‍ പലതും വര്‍ഷങ്ങളോളം മണ്ണില്‍ നിലനില്‍ക്കുന്നതാണ്. രാസപ്രക്രിയയുടെ ഭാഗമായല്ലാതെ തയ്യാറാക്കുന്ന നിരവധി ജൈവകീടനാശിനികളുണ്ട്. അവ പ്രയോഗിച്ചു കഴിഞ്ഞാലും ദോഷകരമല്ലാതെ മണ്ണിലെത്തുന്നതുകൊണ്ട് അപകടങ്ങളില്ലാതാകുന്നു.

ജൈവകീടനാശിനികളില്‍ ബയോകെമിക്കല്‍, മൈക്രോബിയല്‍, ബൊട്ടാണിക്കല്‍, മിനറല്‍ എന്നിവയുടെ അംശങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവയില്‍ പലതും വേര്‍തിരിച്ചെടുക്കുന്നത് ചെടികളില്‍ നിന്നും പ്രാണികളില്‍ നിന്നും സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്ന ധാതുക്കളില്‍ നിന്നുമാണ്.

ബയോകെമിക്കല്‍ : പ്രകൃതിജന്യമായി ഉത്പാദിപ്പിക്കുന്ന ഫിറോമോണുകള്‍ ഇത്തരത്തില്‍പ്പെട്ട കീടനാശിനികള്‍ക്ക് ഉദാഹരണമാണ്.

മൈക്രോബിയല്‍ : ബാക്റ്റീരിയ, ഫംഗസ്, ആല്‍ഗ, പ്രകൃതിദത്തമായ വൈറസുകള്‍ എന്നിവയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. കീടങ്ങളില്‍ അസുഖങ്ങളുണ്ടാക്കി അവയെ കൂട്ടത്തോടെ നശിപ്പിക്കുന്നവയാണ് ഈ വിഭാഗം.

ബൊട്ടാണിക്കല്‍ : നിക്കോട്ടിന്‍, വേപ്പെണ്ണ തുടങ്ങിയവയെല്ലാം ചെടികളില്‍ നിന്ന് വേര്‍തിരിക്കുന്നവയാണ്. പ്രാണികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന പൈരിത്രിന്‍ പൈരിത്രിന്‍ വേര്‍തിരിച്ചെടുക്കുന്നത് ജമന്തിയുടെ ചെടികളില്‍ നിന്നുമാണ്.

മിനറല്‍ : സള്‍ഫര്‍ അടങ്ങിയ കീടനാശിനികളാണ് ഇവ.

വീട്ടിലുണ്ടാക്കുന്ന ജൈവകീടനാശിനികള്‍

വെളുത്തുള്ളിക്ക് ചില പുഴുക്കളുടെയും പ്രാണികളുടെയും ലാര്‍വകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാനായി ഉപകാരികളായ കീടങ്ങളെ വളര്‍ത്തുകയെന്നതും ചെയ്യാറുണ്ട്. ജൈവരീതിയില്‍ തയ്യാറാക്കിയ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പും സസ്യ എണ്ണയും ചേര്‍ന്ന മിശ്രിതം ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തുരത്താന്‍ ഉപയോഗിക്കുന്നു. ജൈവകീടനാശിനിയായാലും അമിതമായി പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
 

click me!