
പുതുതലമുറയ്ക്ക് അത്ര പരിചയമില്ലെങ്കിലും വെറ്റിലയും അടക്കയും ചേർത്ത് ഒരു മുറുക്കൽ, ഒരുകാലത്ത് നമ്മുടെ അതിഥി സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. ഇന്നും മംഗള കർമ്മങ്ങൾക്കും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെറ്റില. വിവാഹം, പൂജ, ദക്ഷിണ കൊടുക്കൽ തുടങ്ങിയ ചടങ്ങുകളിൽ എല്ലാം വെറ്റിലയുടെ സ്ഥാനം മുന്നിൽ തന്നെ. പൈപ്പർ ബെറ്റൽ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന വെറ്റിലയ്ക്ക് എല്ലാ കാലത്തും നല്ല ഡിമാൻഡാണ്. പല ആയുർവേദ മരുന്നുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവ.
ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലും മെയ് -ജൂൺ മാസങ്ങളിലുമായി രണ്ട് പ്രധാന കൃഷി കാലങ്ങളാണ് വെറ്റിലയ്ക്കുള്ളത്. നല്ല വളക്കൂറുള്ള നീർവാഴ്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഇടവിളയായി തെങ്ങ് അടക്ക തോട്ടങ്ങളിൽ കൃഷി ചെയ്യാം. ആദ്യം ഒരു മീറ്റർ ഇടവിട്ട് തടങ്ങൾ എടുക്കണം. കമ്പോസ്റ്റും ചാണകപ്പൊടിയും കുമ്മായവും ചേർത്ത് നടീലിന് ഒരുക്കാം. രണ്ടടി വിസ്താരവും ഒരടി ആഴവും ഉള്ള കുഴികൾ എടുത്ത് ഉണങ്ങിയ ഇലകൾ കത്തിക്കണം. വെറ്റില കൊടിയുടെ തണ്ടാണ് നടീൽ വസ്തു. രോഗബാധ ഇല്ലാത്ത തണ്ടുകൾ മുകളിൽ വച്ച് മുറിച്ചെടുത്ത് ഇലകൾ നുള്ളി കളഞ്ഞതിനുശേഷം നാല് മുട്ടുകൾ വീതമുള്ള വള്ളിക്കഷണങ്ങളായാണ് പൊതുവേ നടാൻ ഉപയോഗിക്കാറ്. താങ്ങ് കാലിന് ചുറ്റുമായി അഞ്ചുവരെ തണ്ടുകൾ നടാം എന്നാണ് കണക്ക്.
15 ദിവസത്തോളം എടുക്കും തളിരിലകൾ വന്നുതുടങ്ങാൻ. തടത്തിൽ എപ്പോഴും നനവ് വേണമെന്നതിനാൽ രണ്ട് നേരം നനയ്ക്കണം. ഇലകൾ വന്ന് തുടങ്ങിയാൽ താങ്ങുകളിലേക്ക് കെട്ടിക്കൊടുക്കാം. ഓരോ ഒന്നര മാസം കൂടുമ്പോഴും ചെടിയിൽ നിന്നും വെറ്റില നുള്ളി എടുക്കാം. കയറ്റുമതി ആവശ്യത്തിനുള്ള വെറ്റിലയ്ക്ക് 100 എണ്ണത്തിന് 300 രൂപ വരെ വില ലഭിക്കാറുണ്ട്. എന്നാൽ, പലപ്പോഴും ഉണ്ടാകുന്ന വില ഇടിവും ഉയർന്ന പരിപാലന ചെലവും വെറ്റില കർഷകരെ പ്രതിസന്ധിയിൽ ആക്കാറുണ്ട്.