
ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഒത്തിരി ഗുണങ്ങളാൽ സമ്പന്നമാണ് മൾബറി. ഔഷധഗുണങ്ങൾ നിറഞ്ഞ, കേരളത്തിൽ എവിടെയും സുലഭമായി വിളയുന്ന മൾബറിക്ക് പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. നമ്മുടെ സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും തന്നെ മൾബറി കൃഷി ചെയ്യാറുണ്ട്. എല്ലാത്തരം മണ്ണിലും വളരാൻ കഴിയുന്നവയാണ് ഈ ചെടികൾ. ഈർപ്പം നിലനിൽക്കുന്ന മണ്ണിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. മൾബറി പഴങ്ങൾ പോലെ തന്നെ ഇലകളും ഗുണപ്രദമാണ്.
പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകൾ ആയതിനാൽ ഇവയെ പട്ടുനൂൽ ചെടി എന്നും വിളിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പട്ടുനൂൽ കൃഷിക്ക് വേണ്ടിയാണ് മൾബറി വളർത്തുന്നതെങ്കിലും കേരളത്തിൽ പഴങ്ങൾക്ക് വേണ്ടിയാണ് കൃഷി. വെള്ള, ചുമപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്നുതരം മൾബറികളാണ് പ്രധാനമായും കേരളത്തിൽ വളരുന്നത്. ഇവ കൃഷി ചെയ്യാനും വളരെ എളുപ്പമാണ്. കൃഷി ആരംഭിക്കുന്നതിനു മുൻപ് മണ്ണിൽ നല്ല നീർവാർച്ചയുണ്ടെന്ന് ഉറപ്പുവരുത്തണം. നന്നായി സൂര്യപ്രകാശവും ലഭിക്കണം.
അസിഡിക് അംശം കുറഞ്ഞ കളിമണ്ണ് കലർന്ന മണ്ണിൽ തൈകൾ നടാം. കമ്പ് മുറിച്ചെടുത്ത് മണൽ, മേൽമണ്ണ്, ചകിരിച്ചോർ എന്നിവ ചേർത്തുള്ള മിശ്രിതം കൂടയിലാക്കി വച്ചതിലേക്ക് കുഴിച്ചു വെക്കുക. കമ്പിൽ തളിരിലയും വേരോട്ടവും വരുമ്പോൾ പറമ്പിലേക്ക് മാറ്റി നടാം. ചെടിച്ചട്ടികളിലോ, ഗ്രോ ബാഗുകളിലോ മൾബറി കൃഷി ചെയ്യുന്നത് അത്രയ്ക്ക് ഉത്തമമല്ല.
കലോറിയുടെ അളവ് വളരെ കുറവായതിനാൽ ഡയറ്റിൽ ഉൾപ്പെടുത്താൻ മികച്ചതാണ് മൾബറി. ദഹനപ്രക്രിയയും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഉത്തമം. വെള്ളത്തിൻറെ അളവ് വളരെ കൂടുതലായതിനാൽ ശരീരഭാരം കൂടാതെ നിലനിർത്താൻ ഇവ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിക്കാനും നല്ലതാണ്. അതോടൊപ്പം പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും നിശ്ചിത അളവിൽ മൾബറി പഴങ്ങൾ കഴിക്കുന്നത് ഗുണകരമാണ്.