ഗുണമേന്മയേറെ, അതിനാല്‍ മരുന്ന് കമ്പനികള്‍ക്കും പ്രിയം; അറിയാം വട്ടവട വെളുത്തുള്ളിയെ കുറിച്ച്

By Web TeamFirst Published Dec 16, 2022, 4:35 PM IST
Highlights

വിവിധ മരുന്ന് കമ്പനികള്‍ തങ്ങളുടെ മരുന്ന് നിര്‍മാണത്തിനായി ആശ്രയിക്കുന്നത് വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ വിളയുന്ന വെളുത്തുള്ളിയാണ്. 

മൂന്നാര്‍:  വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ വെളുത്തുള്ളി ലോകപ്രശസ്തമാണ്. മറ്റ് വെളുത്തുള്ളിയേക്കാള്‍ വളരെ എരിവ് കൂടിയതും ഏറെ ഔഷധ ഗുണവുമുള്ളതാണ് എന്നതാണ് വട്ടവട വെളുത്തുള്ളിയുടെ പ്രധാന പ്രത്യേകത. വിവിധ മരുന്ന് കമ്പനികള്‍ തങ്ങളുടെ മരുന്ന് നിര്‍മാണത്തിനായി ആശ്രയിക്കുന്നത് വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ വിളയുന്ന വെളുത്തുള്ളിയാണ്. സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മേട്ടുപ്പാളയം, ആന്ധ്ര, മഹാരാഷ്ട്ര വെളുത്തുള്ളികള്‍ എരിവ് കുറഞ്ഞതും ഔഷധ ഗുണം വളരെ കുറവുള്ളവയുമാണ്.

സാധാ പച്ചമുളകും കാന്താരിയും തിന്നാലുള്ള വ്യത്യാസമാണ് സാധാരണ വെളുത്തുള്ളിയും വട്ടവട വെളുത്തുള്ളിയും തമ്മിലുള്ളതെന്ന് ഇവിടുത്തുകാര്‍ തന്നെ പറയുന്നു. സിങ്കപ്പൂര്‍ പൂണ്ട്, മലപൂണ്ട് എന്നീ വിഭാഗത്തില്‍ പെട്ട വെളുത്തുള്ളി വിത്തുകളാണ് വട്ടവട കാന്തല്ലൂര്‍ മേഖലയില്‍ സാധാരണയായി കൃഷി ചെയ്യുന്നത്. വര്‍ഷത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളിലായി രണ്ട് തവണയാണ് ഇവ കൃഷി ചെയ്യുന്നത്. 90 മുതല്‍ 120 ദിവസം കൊണ്ട് വിളവെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. 

ഉഴുതുമറിച്ച നിലം തടങ്ങളാക്കിയ ശേഷമാണ് വിത്തുകള്‍ നടന്നുന്നത്. വളമായി ചാണകം, യൂറിയ, ഫാക്ടംഫോസ് എന്നിവയും നല്‍കും. മഞ്ഞ് കാലത്ത് ഇലകളില്‍ ഉണ്ടാകുന്ന മഞ്ഞപ്പ് രോഗമൊഴിച്ചാല്‍ മറ്റു രോഗങ്ങള്‍ ഒന്നും കൃഷിയെ ബാധിക്കില്ല. വിളവെടുത്ത ശേഷം പുകയത്ത് ഇട്ട് ഉണക്കിയ വെളുത്തുള്ളിക്കാണ് ഔഷധ കമ്പനികള്‍ക്ക് ഏറെ പ്രിയം. നിലവില്‍ 200 മുതല്‍ 220 രൂപവരെയാണ് വട്ടവട, കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: ലോകത്തിലെ ഏറ്റവും വില കൂടിയ ചീര, കിലോയ്‍ക്ക് രൂപ മൂവായിരം!
 

 

click me!