Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വില കൂടിയ ചീര, കിലോയ്‍ക്ക് രൂപ മൂവായിരം!

ഇപ്പോള്‍ വലിയ വലിയ ഷെഫുമാരാണ് അസഫുമിയില്‍ നിന്നും ഈ പച്ചക്കറി വാങ്ങുന്നത്. സ്റ്റാര്‍ ഷെഫുമാര്‍ക്ക് മാത്രമാണ് അസഫുമി താന്‍ വളര്‍ത്തിയെടുത്ത ഈ ചീര നല്‍കുന്നതും.

most expensive spinach in the world
Author
First Published Dec 11, 2022, 3:33 PM IST

പോഷകഗുണം ഏറെയുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ചീര. കുറഞ്ഞ കലോറിയും അതേ സമയം ഉയർന്ന പോഷകങ്ങളും ഉള്ളതിനാൽ തന്നെ ഇത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്കറികളില്‍ ഒന്നാണ്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പാലക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. ഉത്തരേന്ത്യക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. എന്നിരുന്നാലും 40 മുതല്‍ 100 രൂപ വരെയാണ് സാധാരണയായി ഇതിന് വില വരുന്നത്. എന്നാല്‍, പാരീസില്‍ ഒരു ജപ്പാന്‍കാരന്‍ വളര്‍ത്തുന്ന പാലക് ചീരയുണ്ട്. അതിന് എത്രയാണ് വില എന്നോ, മൂവായിരം രൂപ വരും. ആ സ്പിനാച്ചിന്‍റെ പേരാണ് യമഷിത സ്പിനാച്ച്. 

ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ചീര എന്നാണ് പറയുന്നത്. കിലോയ്‍ക്ക് 2700 മുതല്‍ 3000 രൂപ വരെയാണ് ഇതിന് വില വരുന്നത്. ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള അസഫുമി യമാഷിതയാണ് ഈ ചീര വളര്‍ത്തുന്നത്. ജപ്പാന്‍കാരനാണ് എങ്കിലും പാരീസിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചാപ്പെറ്റിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം അസഫുമി താമസിക്കുന്നത്.

1975 -ല്‍ 22 -ാമത്തെ വയസില്‍ ടോക്കിയോയില്‍ നിന്നും പാരീസിലേക്ക് പഠിക്കാന്‍ വേണ്ടി വന്നതാണ് അസഫുമി. ബോക്സിങ്ങിലും ഗോള്‍ഫിലും അതുപോലെ വലിയ താല്‍പര്യമായിരുന്നു അസഫുമിക്ക്. എന്നാല്‍, പച്ചക്കറി വളര്‍ത്തുന്നതിന് വേണ്ടി ആ ഇഷ്ടങ്ങളും താല്പര്യങ്ങളും വിട്ടു പിടിച്ചു. പാരീസിൽ ജാപ്പനീസ് ബോൺസായ് കൃഷിക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം കണ്ടു. ജപ്പാനിലേക്ക് തിരിച്ച് പോയെങ്കിലും കൃഷി ചെയ്യണമെന്ന ആശയം മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. അങ്ങനെ, വീണ്ടും പാരീസിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

1989 -ല്‍ 41,000 രൂപ മുതല്‍മുടക്കില്‍ അസഫുമി പാരീസില്‍ ബോണ്‍സായ് ബിസിനസ് തുടങ്ങി. അതിനിടയില്‍ ഒരു തവണ അദ്ദേഹത്തിന്‍റെ ഒന്ന് രണ്ട് ബോണ്‍സായ് തൈകള്‍ മോഷണം പോയി. അതോടെ നഴ്സറി വിടാനും പാരീസില്‍ കിട്ടാത്ത ജാപ്പനീസ് പച്ചക്കറികള്‍ നടാനും തീരുമാനിക്കുകയായിരുന്നു. പിന്നീട്, പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുകയും വിവിധ റെസ്റ്റോറന്‍റുകളിലേക്കും മറ്റും പച്ചക്കറി നല്‍കാനും തുടങ്ങി. ആ സമയത്താണ് ചീര നടുന്നതും അതിന് യമാഷിത സ്പിനാച്ച് എന്ന് പേര് നല്‍കുകയും ചെയ്തു. 

ഇപ്പോള്‍ വലിയ വലിയ ഷെഫുമാരാണ് അസഫുമിയില്‍ നിന്നും ഈ പച്ചക്കറി വാങ്ങുന്നത്. സ്റ്റാര്‍ ഷെഫുമാര്‍ക്ക് മാത്രമാണ് അസഫുമി താന്‍ വളര്‍ത്തിയെടുത്ത ഈ ചീര നല്‍കുന്നതും. എപ്പോള്‍ അവര്‍ക്ക് നല്‍കണം എന്നതും എത്ര രൂപയ്ക്ക് നല്‍കണം എന്നതും വളരെ ആലോചിച്ചിട്ടാണ് അസഫുമി തീരുമാനിക്കുന്നത്. ഏതായാലും ലോകത്തിലെ ഏറ്റവും വിലകൂടിയ ചീരയാണ് അസഫുമി വളര്‍ത്തിയെടുത്ത ഈ യമഷിത സ്‍പിനാച്ച് എന്നാണ് പറയുന്നത്.  

Follow Us:
Download App:
  • android
  • ios