
നമ്മൾ കേരളീയർക്ക് ദൈനംദിന ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് തക്കാളി. എന്നാൽ, അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തക്കാളി മാരകമായ കീടനാശിനികൾ തളിച്ചതാണെന്ന് പലവട്ടം തെളിഞ്ഞതാണ്. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിൽ തന്നെ വിഷരഹിതമായ തക്കാളി വളർത്താം. അല്പം ശ്രദ്ധയും സമയവും മാത്രം മതി. സൗന്ദര്യ സംരക്ഷണത്തിനും ഹൃദയ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും എല്ലാം തക്കാളി ഉത്തമമാണ്. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് തക്കാളി. ആന്‍റിഓക്‌സിഡന്‍റുകളും ധാരാളമായി തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
തക്കാളി വീട്ടിൽ കൃഷി ചെയ്യാൻ ആദ്യം വേണ്ടത് നല്ലയിനം വിത്തുകൾ തെരഞ്ഞെടുത്ത് പാകി മുളപ്പിച്ച് തൈകളാക്കുക എന്നതാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോമാ, ചെറി, ബാംഗ്ലൂർ റോസ് മുതലായ ഇനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ആദ്യം പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോറും ചാണകപ്പൊടിയും വിതറിയ ശേഷം വിത്തുകൾ ഇടുക. മുളച്ചു പൊന്തുന്നത് വരെ സ്ഥിരമായി നനച്ചു കൊടുക്കണം. മുളച്ച് 25 ദിവസം കഴിയുമ്പോൾ അടുക്കളത്തോട്ടത്തിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റിനടാം. നടുന്നത് നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്തായിരിക്കണമെന്ന് മാത്രം. മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും 2:1:1 എന്ന കണക്കിൽ യോജിപ്പിച്ച് ഇതിൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത മിശ്രിതമാണ് ഗ്രോ ബാഗിന്‍റെ പകുതിയോളം നിറക്കേണ്ടത്. ശേഷം തക്കാളി ചെടികൾ നടാം.
ചെടിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ഈർപ്പവും മണ്ണിലെ താപനിലയും നിലനിർത്താൻ വൈക്കോൽ അല്ലെങ്കിൽ ഉണങ്ങിയ ഇല ഉപയോഗിച്ച് പുതയിടുക. ചെടികൾ വളരുമ്പോൾ ചെറിയ കമ്പുകൾ ഊന്നായി നൽകാം. രണ്ട് മൂന്ന് ആഴ്ചയിൽ ഒരിക്കൽ ജൈവ കമ്പോസ്റ്റോ പച്ചക്കറി വളമോ ഇട്ടു നൽകണം. മഞ്ഞനിറത്തിലുള്ളതോ കീടബാധ ഏറ്റതോ ആയ ഇലകൾ നീക്കം ചെയ്യണം. ആവശ്യത്തിന് വലിപ്പവും നിറവും ദൃശ്യമാകുമ്പോൾ വിളവെടുക്കാം. ശരിയായ പരിചരണവും വെയിൽ ലഭിക്കുന്ന സ്ഥലവും ഉണ്ടെങ്കിൽ നല്ല രീതിയിൽ തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാം.