
പണ്ട് നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഒരു പാഷൻ ഫ്രൂട്ട് ചെടിയെങ്കിലും കാണാറുണ്ടായിരുന്നു. എന്നാൽ, പതിയെ പതിയെ പല വീടുകളിൽ നിന്നും പാഷൻ ഫ്രൂട്ട് അപ്രത്യക്ഷമായി. പാഷൻ ഫ്രൂട്ട് കൃഷിയെ കുറിച്ച് വീണ്ടുമൊന്ന് ചിന്തിക്കാവുന്നതാണ്. വിപണിയിൽ പലപ്പോഴും ഹൈബ്രിഡ് ഇനങ്ങൾക്ക് കൂടുതൽ വില ലഭിക്കും എന്നതുകൊണ്ട് തന്നെ ഈ കൃഷിയെ അങ്ങനെ തഴയേണ്ടതില്ല.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവും വരുമാനവും തരുന്ന കൃഷിയാണ് ഇത്. വിത്തുകൾ മുളപ്പിച്ചും വള്ളികൾ മുറിച്ച് നട്ടും തൈകൾ ഉൽപാദിപ്പിക്കാം. വള്ളികൾ മുറിച്ചു നട്ടുണ്ടാക്കുന്ന തൈകളോടാണ് കർഷകർക്ക് പ്രിയം. കാരണം, ഇവയാണ് കൂടുതൽ വേഗത്തിൽ കായ്ക്കുന്നത്.
മൂപ്പ് എത്തിയ വള്ളിക്കഷണങ്ങൾ ഏകദേശം 30 സെന്‍റീ മീറ്റർ നീളത്തിൽ മുറിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിൽ മുറിച്ചെടുക്കുന്ന ഓരോ തണ്ടിലും അഞ്ച് ഇലകളെങ്കിലും വേണം. മൂന്ന് മീറ്റർ അകലത്തിൽ അര മീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ മേൽമണ്ണും കമ്പോസ്റ്റും ചേർത്ത് ഇളക്കി വേണം തൈ നടാൻ. വർഷം തോറും രണ്ടു തവണകളായി വളപ്രയോഗമുണ്ട്. യൂറിയ, ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ നിശ്ചിത അനുപാതത്തിൽ കലർത്തി ചേർക്കണം.
8 കിലോഗ്രാം വരെ കായ്കളാണ് ഒരു വള്ളിയിൽ നിന്ന് ലഭിക്കുക. വിരിഞ്ഞ പൂക്കൾ കായ്കളാകാൻ മൂന്ന് മാസമാണ് പരമാവധി എടുക്കുക. ഒന്നര വർഷത്തിന് ശേഷമാണ് നല്ല വിളവ് ലഭിക്കുക. വയലറ്റ്, മഞ്ഞ ഇനങ്ങളാണ് കൂടുതലായി കേരളത്തിൽ കൃഷി ചെയ്യാറുള്ളത്. കീടരോഗ സാദ്ധ്യത വളരെ കുറവാണ് എന്നതിനാൽ പരിചരണം എളുപ്പമാണ്.
വിളവെടുപ്പ് കഴിഞ്ഞ് പ്രൂണിംഗ് നടത്താറുണ്ട് കർഷകർ. ഇങ്ങനെ ചെയ്താൽ കൂടുതൽ ശിഖരങ്ങൾ മുളയ്ക്കുകയും കൂടുതൽ ഫലം കിട്ടുകയും ചെയ്യും. എന്തായാലും ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് പാഷൻ ഫ്രൂട്ട് കൃഷിയെ കൈവിടേണ്ട ആവശ്യമില്ലെന്ന് കാർഷിക വിദഗ്ധരും പറയുന്നു.