പശു വളർത്തലിൽ പുതു അധ്യായം; ഇത് കൃഷ്ണകുമാറിന്റെ വിജയ​ഗാഥ

By Web TeamFirst Published Sep 26, 2022, 2:46 PM IST
Highlights

മാന്നാർ ഗ്രാമപഞ്ചായായത്ത് പത്താം വാർഡിൽ കുട്ടംപേരൂർ പണിക്കവീട്ടിൽ എസ് കൃഷ്ണകുമാർ (57) ഇന്ന് പശു വളർത്തലിൽ പുതു അധ്യായം കുറിച്ച്  വിജയഗാഥ രചിച്ചിരിക്കുകയാണ്. 

മാന്നാർ: കൃഷ്ണ കുമാറിന് പശു പരിപാലനവും വളർത്തലും പണം സമ്പാദനം മാത്രമല്ല, ഒരു ദിനചര്യ കുടിയാണ്. വളരെ ചെറുപ്പം മുതലേ വീട്ടിൽ പശുവിനെ വളർത്തുന്നതും പരിപാലിക്കുന്നതും കണ്ടാണ് കൃഷ്ണകുമാർ വളർന്നത്. മാന്നാർ ഗ്രാമപഞ്ചായായത്ത് പത്താം വാർഡിൽ കുട്ടംപേരൂർ പണിക്കവീട്ടിൽ എസ് കൃഷ്ണകുമാർ (57) ഇന്ന് പശു വളർത്തലിൽ പുതു അധ്യായം കുറിച്ച്  വിജയഗാഥ രചിച്ചിരിക്കുകയാണ്. 

നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ കൃഷ്ണകുമാറിന് തുടർന്ന് കുടുംബത്തെ പോറ്റുവാനുള്ള ജീവനോപാധിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീട്ടിൽ പശുവിനെ വളർത്തുവാൻ തീരുമാനിച്ചു. 2014ൽ വീടിന് പിന്നിലായി തൊഴുത്ത് നിർമ്മിച്ച് പതിനാലു പശുക്കളുമായിട്ടായിരുന്നു തുടക്കം. ഒരോ വർഷം പിന്നിട്ടപ്പോഴും പശുവിൻ്റെ എണ്ണവും കൂടി വന്നു.ഇപ്പോൾ കൃഷ്ണ കുമാറിൻ്റെ വീടിനു ചേർന്നുള്ള വലിയ ഫാമിൽ ചെറുതും വലുതുമായ 200ലധികം പശുക്കളാണുള്ളത്. വെച്ചൂർ പശുക്കൾ, ജെഴ്സി എച്  എഫ് സങ്കര ഇനം നാടൻ പശുക്കൾ, എരുമകൾ എന്നിവ ഇദ്ദേഹത്തിൻ്റെ ഫാമിലുണ്ട്. ഇതിൽ 80-ലധികം കറവപശുക്കളാണുള്ളത്

850 ലിറ്റർ മുതൽ 1000 ലിറ്റർ പാൽ വരെ ഒരു ദിവസം  ലഭിക്കുന്നുണ്ട്. കറവയന്ത്രം ഉപയോഗിച്ചാണ് പാൽ കറന്നെടുക്കുന്നത്. മിൽമാ സൊസൈറ്റിക്കും, സമീപവാസിക ൾക്കും, നാട്ടുകാർക്കും പാൽവിതരണം ചെയ്തു വരുന്നു. വസ്തു  ഈടിന്മേൽ ബാങ്കിൽ നിന്ന് ഒന്നര കോടി രൂപ വായ്പയെടുത്താണ് ഫാം വിപുലീകരിച്ചത്. വീടിനോട് ചേർന്നുള്ള 60 സെൻ്റ് വസ്തുവിൽ നാല് ഭാഗങ്ങളായി തിരിച്ചാണ് ഫാം നടത്തി വരുന്നത്. ഇരുമ്പു പൈപ്പുകൾ നാട്ടി നാലു വശങ്ങളിലെ പകുതി ഭാഗം സംരക്ഷണഭിത്തി കെട്ടി മുകൾ ഭാഗം ടിൻ ഷീറ്റ് മേഞ്ഞ് തറ  ഭാഗത്ത് റബ്ബർ മറ്റും പാകിയാണ് ഫാമിൻ്റെ നിർമ്മാണം. ഫാമിൻ്റെ എല്ലാ ഭാഗത്തും ഫാൻ ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ ഉണങ്ങിയ പുല്ലുകൾ കത്തിച്ച് പുകയുണ്ടാക്കി കൊതുകിനെ തുരത്തുന്നു.

ഉരുക്കളെ കുളിപ്പിക്കുന്നതിനും, തീറ്റ കൊടുക്കുന്നതിനുo മറ്റുമായി 12 ജോലിക്കാരാണുള്ളത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രിയ  രീതിയിലാണ് കന്നുകാലി പരിപാലനം. പുലർച്ചെ മൂന്നിന് ആരംഭിക്കുന്ന കന്നുകാലി പരിചരണം പകൽ രണ്ടോടെയാണ് അവസാനിക്കുന്നത്. ഭാര്യ മായ, മകൾ കാർത്തിക എന്നിവർ സഹായവുമായി കൃഷ്ണകുമാറിൻ്റെ ഒപ്പമുണ്ട്. കന്നുകാലി വളർത്തലിൽ പരിസരവാസികൾക്ക് ദോഷമുണ്ടാകാത്ത രീതിൽ പുരയിടത്തിൽ ആഴത്തിലുള്ള കുഴികൾ സ്ഥാപിച്ച് അതിൽ ചാണകവും, ഗോമൂത്രവും, മറ്റ് മാലിന്യങ്ങളും സംസ്ക്കരിക്കുന്നു.ഇവ ജൈവവളമാക്കി മാറ്റാനുള്ള പ്ലാൻ്റ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് 30 ലക്ഷത്തോളമാണ് ചിലവ്.

നല്ല ക്ഷീരകർഷകനുള്ള നിരവധി അവാർഡുകൾ പഞ്ചായത്തിൻ്റെയും, മറ്റും കൃഷ്ണ കുമാറിനു ലഭിച്ചിട്ടുണ്ട്. കന്നുകാലി പരിപാലനത്തിനായി സർക്കാർ വലിയ പ്രോത്സാഹനങ്ങളും സഹായങ്ങളും മറ്റും നൽകുന്നുണ്ടെങ്കിലും കൃഷ്ണകുമാറിന് യാതൊരു സഹായവും ഇനിയും ലഭിച്ചിട്ടില്ല.
ബാങ്കിൽ നിന്നെടുത്തിട്ടുള്ള ഒന്നര കോടി രൂപയോളം കടബാധ്യത എങ്ങനെയും തീർക്കുവാനുള്ള കഠിന പ്രയത്നത്തിലാണ് കൃഷ്ണകുമാർ. 
 

 

click me!