ക്ലൈമറ്റ് സ്മാർട്ട് കോഫി; ആഗോള വിപണി ലക്ഷ്യമിട്ട് ഒരു വയനാടൻ പ്രകൃതിദത്ത പദ്ധതി

By Web TeamFirst Published Aug 3, 2022, 9:31 PM IST
Highlights

കാപ്പി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കുകയെന്നതാണ് ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതിയുടെ പ്രധാന ലക്ഷ്യം

കൽപ്പറ്റ: ആഗോള വിപണി ലക്ഷ്യമിട്ട് വയനാട്ടിൽ ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി നടപ്പാക്കുന്നു. മാനദണ്ഡങ്ങൾക്ക് വിധേയമായി ജില്ലയിലെ ഒരോ പ്രദേശത്തെയും കാലാവസ്ഥക്ക് അനുസൃതമായി കാപ്പി ഉൽപാദിപ്പാക്കാനാണ് നീക്കം. ഇതോടൊപ്പം കർഷകരെ സഹായിക്കാൻ വയനാട്ടിൽ 25 കിയോസ്കുകൾ സ്ഥാപിക്കും. കാപ്പി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കുകയെന്നതാണ് ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി എം.എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നയരൂപവത്കരണ ചർച്ചകൾ നടന്നു. കെ-ഡിസ്‌ക്‌, കോഫി ബോർഡ്‌, ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റി തുടങ്ങിയവർ ചേർന്നാണ് പദ്ധതി  നടപ്പാക്കുന്നത്. കാർബൻ ന്യൂട്രലായ 'സ്‌മാർട്ട്‌ കോഫി' തയ്യാറാക്കി അന്താരാഷ്‌ട്ര വിപണിയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കാപ്പിയുടെ മികവ്‌ അന്താരാഷ്‌ട്രതലത്തിൽ ബോധ്യപെടുത്താനാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രകൃതിദത്തമായ കാപ്പിയെന്ന നിലയിൽ ഉൽപ്പന്നത്തിന്റെ മൂല്യം ഉയർത്താനാകും.

മുഖകാന്തി കൂട്ടാൻ ഇതാ ചില ​കോഫി ഫേസ് പാക്കുകൾ

വയനാട്ടിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരമുള്ള കാപ്പിപൊടി വിപണിയിലെത്തിക്കാൻ ആദ്യഘട്ടത്തിൽ ജില്ലയിൽ 25 കിയോസ്കുകൾ സ്ഥാപിക്കും.  വയനാട്ടിലെ പദ്ധതി വിജയിച്ചാൽ  കേരളത്തിലാകെ 600ലധികം കിയോക്സുകൾ ഒരുക്കാനാണ് തീരുമാനം. വയനാടൻ കാപ്പിയുടെ മികവ്‌ അന്താരാഷ്‌ട്രതലത്തിൽ ബോധ്യപെടുത്താൻ ശാസ്‌ത്രീയമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും കാർബൺ ബഹിർഗമനം തീരെ ഇല്ലാതാക്കി കാർബൻ ന്യൂട്രലായ 'സ്‌മാർട്ട്‌ കോഫി' തയ്യാറാക്കി അന്താരാഷ്‌ട്ര വിപണിയിലെത്തിക്കുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

വിപണി കീഴടക്കാൻ അന്താരാഷ്‌ട്ര ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തണമെന്ന്‌ നെതർലാൻഡ്‌സിലെ ഗ്രോണിംഗൻ സർവകലാശാല പ്രഫസർ ഡോ. പി.വി. അരവിന്ദ്‌ പറഞ്ഞു. പ്രകൃതിദത്തമായ കാപ്പിയെന്ന നിലയിൽ ഉൽപ്പന്നത്തിന്റെ മൂല്യം ഉയർത്തണം. ഇതിനായി പുതിയതരം ഉൽപാദനരീതിയും വിപണന രീതിയും നടപ്പാക്കും. കാർബൺ ബഹിർഗമനില്ലാതാക്കാൻ കാപ്പിത്തോട്ടങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച്‌ അതിന്റെ ചോലയിൽ വളരുന്ന കാപ്പി എന്ന നിലയിൽ ബ്രാൻഡ്‌ ചെയ്യപ്പെടുന്നത്‌ വയനാടൻ കാപ്പിക്ക്‌ വലിയ അംഗീകാരമായി മാറുമെന്ന്‌ കേരള പ്ലാനിങ്‌ ബോർഡംഗം ജിജു പി. അലക്‌സ്‌ പറഞ്ഞു. ഗവേഷണം, പരസ്‌പര സഹകരണം, ഉൽപാദന ശൃംഖല വിപുലീകരണം, ധനസഹായ സ്രോതസുകൾ കണ്ടെത്തൽ, കർഷകർക്കുള്ള പരിശീലനം, വിവരശേഖരണം, ഉൽപാദനത്തിന്‍റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയെല്ലാം അന്തരാഷ്‌ട്ര വിപണി കീഴടക്കുന്നതിൽ പ്രധാനമാണ്‌. ആത്യന്തികമായി കർഷകരുടെ ഉന്നമനമാണ്‌ ലക്ഷ്യമിടുന്നതെന്ന് കെ. ഡിസ്‌ക്‌ സെക്രട്ടറി പി.പി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ബിപിയുള്ളവര്‍ കാപ്പി ഒഴിവാക്കണോ? വിദഗ്ധര്‍ പറയുന്നതെന്ത്!

click me!