84 ലക്ഷത്തിന്‍റെ മെഴ്‌സിഡസ് ബെൻസ് വിറ്റത് വെറും രണ്ടര ലക്ഷത്തിന്, ഡൽഹിയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വില കുത്തനെ കുറഞ്ഞു, വിലയിടിവ് 50 ശതമാനത്തോളം

Published : Jul 05, 2025, 12:33 PM ISTUpdated : Jul 05, 2025, 12:48 PM IST
Old Vehicles in India

Synopsis

ഡൽഹിയിൽ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ വലിയ ഇടിവ്. പഴയ കാറുകളുടെ വില 40 മുതൽ 50 ശതമാനം വരെ കുറഞ്ഞതായി റിപ്പോർട്ട്.

ൽഹിയിൽ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ വലിയ ഇടിവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഴയ കാറുകളുടെ വില 40 മുതൽ 50 ശതമാനം വരെ കുറഞ്ഞതായി വ്യവസായ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) അറിയിച്ചു. ഡൽഹി സർക്കാരിന്റെ നിയമങ്ങളും കോടതി ഉത്തരവുകളും പഴയ വാഹനങ്ങളുടെ വിൽപ്പനയെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറയുന്നു. തലസ്ഥാനത്ത് ഏകദേശം 60 ലക്ഷം പഴയ വാഹനങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ നിയമങ്ങൾ അനുസരിച്ച്, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഓടിക്കാൻ അനുവാദമില്ല. കോടതി ഉത്തരവിന് ശേഷം, ഡൽഹി സർക്കാരും ഈ പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിരോധിച്ചിരുന്നു. അതിനാൽ, ജൂലൈ 1 മുതൽ ഈ വാഹനങ്ങൾക്ക് റോഡുകളിൽ ഓടിക്കാൻ കഴിയില്ല. എങ്കിലും കാർ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും എതിർപ്പിനെ തുടർന്ന് ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന് സർക്കാർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനിൽ (സിഎക്യുഎം) അപ്പീൽ നൽകി. പരിസ്ഥിതി മന്ത്രിയുടെ കത്തിന് ശേഷം കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പഴയ വാഹനങ്ങളുടെ നിരോധനം താൽക്കാലികമായി നീക്കിയിട്ടുണ്ട്. എന്നാൽ എൻഡ് ഓഫ് ലൈഫ് (ഇഒഎൽ) വാഹനങ്ങൾ നിരോധിക്കുന്നതിനുള്ള നടപടി ഇപ്പോഴും പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഈ തീരുമാനത്തിന് ശേഷവും കണ്ടുകെട്ടിയ വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പഴയ വാഹന ഉടമകൾക്കും ബിസിനസുകാർക്കും ഇപ്പോഴും സ്ഥിതി വ്യക്തമല്ല. അതായത് ഈ ആശ്വാസം തൽക്കാലം മാത്രമാണെന്ന് ചുരുക്കം.

പഴയ വാഹനങ്ങളുടെ വിൽപ്പനക്കാരും ഇടനിലക്കാരുമൊക്കെ ഇപ്പോഴും കുഴപ്പത്തിലാണ്. വാഹന ഡീലറായ ഗോയൽ ഇപ്പോൾ തന്റെ പഴയ കാറുകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടിവരുന്നുവെന്ന് പറയുന്നു. മുമ്പ് ആറുമുതൽ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ആഡംബര സെക്കൻഡ് ഹാൻഡ് കാറുകൾ ഇപ്പോൾ നാല് ലക്ഷം രൂപയ്ക്ക് പോലും വിൽക്കപ്പെടുന്നില്ല. 

ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ പലരും തുച്ഛവിലയ്ക്ക് വിറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. വരുൺ വിജ് എന്ന ദില്ലി സ്വദേശി തന്‍റെ ആഡംബര എസ്‌യുവിയായ 2015 മോഡൽ മെഴ്‌സിഡസ് ബെൻസ് ML350 നിസാര വിലയ്ക്ക് വിൽക്കാൻ നിർബന്ധിതനായതായി മണി കൺട്രോളിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം വരുൺ വിജ്, നിരോധനം കാരണം വെറും 2.5 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് റിപ്പോർട്ടുകൾ. ഒരു പതിറ്റാണ്ടായി തന്റെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന കാർ ഉപേക്ഷിക്കുമ്പോഴുള്ള വൈകാരിക ആഘാതവും വിജ് വിവരിച്ചു. ഹോസ്റ്റലിൽ നിന്ന് മകനെ കൂട്ടിക്കൊണ്ടുവരാൻ ആഴ്ചയിൽ 7–8 മണിക്കൂർ ഡ്രൈവ് ചെയ്തിരുന്നതിനെക്കുറിച്ച് അദ്ദേഹം ഓർമ്മിച്ചു. 1.35 ലക്ഷം കിലോമീറ്റർ മാത്രം ഓടിയിട്ടും പതിവ് സർവീസിംഗിനും ടയർ മാറ്റിസ്ഥാപിക്കലിനും പുറമെ കുറഞ്ഞ അറ്റകുറ്റപ്പണികൾ മാത്രം മതിയായിരുന്നു ഈ കാറിനെന്നും എന്നിട്ടും അതിന് മൂല്യം ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

"വാഹനത്തിന്‍റെ രജിസ്ട്രേഷൻ പുതുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല" എന്ന് അദ്ദേഹം മണി കൺട്രോളിനോട് പറഞ്ഞു. "ആരും അത് വാങ്ങാൻ ആഗ്രഹിച്ചില്ല, ഒടുവിൽ, നിർബന്ധിതമായി എനിക്കത് വിൽക്കേണ്ടി വന്നു. 84 ലക്ഷം രൂപ വിലയുള്ള ഒരു കാർ, വെറും 2.5 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നു.. എനിക്ക് മറ്റ് മാർഗം ഇല്ലായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിയമം നടപ്പിലാക്കിയതിനുശേഷം സമാനമായ പ്രതിസന്ധികൾ നേരിടുന്ന മറ്റ് വാഹന ഉടമകൾ ഉണ്ടെന്നും മണി കണ്ട്രോൾ റിപ്പോർട്ട് പറയുന്നു.

ഡൽഹിയിൽ നിന്നുള്ള പഴയ വാഹനങ്ങൾ സാധാരണയായി പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിൽക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാങ്ങുന്നവർ ഡൽഹിയിലെ സ്ഥിതി അറിയുന്നതിനാൽ വിലപേശാൻ തുടങ്ങിയിട്ടുണ്ട്. കരോൾ ബാഗ്, പ്രീത് വിഹാർ, പിതംപുര, മോത്തി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ 1000-ത്തിലധികം ബിസിനസുകാർ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഈ ബിസിനസുകാർ വലിയ നഷ്‍ടം നേരിടുന്നു.

ഇതിനുപുറമെ, വാഹന ബിസിനസുകാർക്ക് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) ലഭിക്കുന്നതിലും പ്രശ്‌നങ്ങൾ നേരിടുന്നു. പഴയ വാഹനങ്ങൾ ഡൽഹിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടിവരുമ്പോൾ ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നേരത്തെ ഈ പ്രക്രിയ എളുപ്പമായിരുന്നു, എന്നാൽ ഇപ്പോൾ അതിൽ കാലതാമസവും സാങ്കേതിക തടസങ്ങളും വർദ്ധിച്ചു. മൊത്തത്തിൽ, പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഡൽഹിയിലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ