
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തകാലത്തായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവരിൽ നിന്ന്കടുത്ത മത്സരം നേരിടുന്നുണ്ട്. ശക്തമായ ബ്രാൻഡ് ഇക്വിറ്റിയും ലാഭവും ഉണ്ടായിരുന്നിട്ടും ഹ്യുണ്ടായിക്ക് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച കാർ നിർമ്മാതാക്കളെന്ന സ്ഥാനം നഷ്‍ടപ്പെട്ടു. ഐസിഇ, ഇവി വിഭാഗങ്ങളിൽ പ്രധാന ഉൽപ്പന്ന ലോഞ്ചുകളുടെ അഭാവമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം.
വിപണി വിഹിതം വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 2030 ഓടെ 26 പുതിയ മോഡൽ ലോഞ്ചുകൾ ഉൾപ്പെടെ ഒരു പുതിയ ഉൽപ്പന്ന തന്ത്രം ഹ്യുണ്ടായി പ്രഖ്യാപിച്ചു. മഹീന്ദ്രയുടെയും ടാറ്റയുടെയും ഓഫറുകളെ നേരിട്ട് ലക്ഷ്യം വച്ചുള്ള ആന്തരിക ജ്വലന എഞ്ചിൻ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഈ നിരയിൽ ഉൾപ്പെടും. അടുത്ത തലമുറ i20, ക്രെറ്റ, അൽകാസർ എന്നിവയ്‌ക്കൊപ്പം വെർണ, എക്‌സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റുകളും ഉൾപ്പെടെ ഏഴ് മുതൽ എട്ടുവരെ പുതിയ മോഡലുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോട്ടുകൾ.
i20 ഹാച്ച്ബാക്കും അൽകാസർ 7 സീറ്റർ എസ്‌യുവിയും നിർത്തലാക്കാൻ ഹ്യുണ്ടായി നേരത്തെ പദ്ധതിയിട്ടിരുന്നു, എന്നാൽ ഇപ്പോൾ ആ തീരുമാനം മാറ്റി. 2027-2028 ഓടെ രണ്ട് മോഡലുകളുടെയും പൂർണ്ണമായും പുതിയ തലമുറ പതിപ്പുകൾ കമ്പനി പുറത്തിറക്കും. പുതിയ ഹ്യുണ്ടായി i20, അൽകാസർ എന്നിവയ്ക്ക് സമഗ്രമായ കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2027-2028 വർഷത്തിൽ പുതിയ ഹ്യുണ്ടായി ക്രെറ്റയും പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഈ ഇടത്തരം എസ്‌യുവി തലമുറതലമുറ അപ്‌ഗ്രേഡിനൊപ്പം ഹൈബ്രിഡ് ആകും. അതോടൊപ്പം പുതിയ ഡിസൈൻ ഭാഷയും കൂടുതൽ ഉയർന്ന നിലവാരമുള്ള ഇന്റീരിയറും ഇതിൽ ഉൾപ്പെടുന്നു. ഹ്യുണ്ടായി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വരാനിരിക്കുന്ന ഹൈബ്രിഡ് മോഡലുകൾക്കായി വൈദ്യുതീകരിച്ചേക്കാം എന്നും റിപ്പോട്ടുകൾ ഉണ്ട്. രണ്ടാം തലമുറ കിയ സെൽറ്റോസിനും ഇതേ പവർട്രെയിൻ ഉപയോഗിക്കും.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് മോഡലായിരിക്കും പുതിയ ഹ്യുണ്ടായി ക്രെറ്റ. തുടർന്ന് മൂന്ന്-വരി എസ്‌യുവി (Ni1i എന്ന കോഡ് നാമം) ഉം ഫ്ലാഗ്ഷിപ്പ് പാലിസേഡ് എസ്‌യുവിയും വിപണിയിൽ എത്തും. നിലവിലുള്ള 115bhp, 1.5L പെട്രോൾ, 160bhp, 1.5L ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിനുകളും അടുത്ത തലമുറ മോഡലിലേക്ക് മാറ്റും. അടുത്ത തലമുറ ക്രെറ്റയുടെ ഉത്പാദനം ഹ്യുണ്ടായിയുടെ തമിഴ്‌നാട് പ്ലാന്‍റിൽ നടക്കും. കൂടാതെ, 2027 ൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോട്ടുകൾ.