Latest Videos

'ഹൃദയ'ത്തിലെ സെൽവിയുടെ പുതിയ വേഷം, 'ജലധാര പമ്പ്സെറ്റി'ൽ ശ്രദ്ധേയമായ പ്രകടനം

By Web TeamFirst Published Aug 17, 2023, 8:48 PM IST
Highlights

'ജലധാര പമ്പ്സെറ്റ് സിൻസ് 1962' സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത് നടി അഞ്ജലി എസ് നായർ.

വിനീത് ശ്രീനിവാസന്റെ 'ഹൃദയം' സിനിമയിലൂടെ മലയാളത്തിൽ അഭിനയം തുടങ്ങിയ അഞ്ജലി എസ് നായർ ശ്രദ്ധേയമായ വേഷം ചെയ്ത പുതിയ ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ സംസാരിക്കുകയാണ് അഞ്ജലി.

'ജലധാര പമ്പ്സെറ്റ് സിൻസ് 1962' കണ്ടോ? സ്വന്തം പ്രകടനത്തെക്കുറിച്ച് എന്ത് തോന്നി?

സിനിമ ആദ്യ ദിവസം തന്നെ കണ്ടു. സത്യം പറഞ്ഞാൽ ഞാൻ ഉദ്ദേശിച്ചതിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് തീയേറ്ററിൽ സിനിമ കണ്ടപ്പോൾ തോന്നി.

എങ്ങനെയാണ് അഞ്ജലി ഈ സിനിമയോട് സഹകരിക്കുന്നത്?

ഓഡിഷൻ കോൾ കണ്ടാണ് ഞാൻ വേഷത്തിന് വേണ്ടി സമീപിച്ചത്. എനിക്ക് മാത്രമായി പ്രത്യേകിച്ച് ഓഡിഷൻ ഉണ്ടായിരുന്നില്ല. സെൽഫ് ഇൻട്രോയും മുൻപ് അഭിനയിച്ച വേഷങ്ങളും കണ്ട് എന്നെ തെര‍ഞ്ഞെടുക്കുകയായിരുന്നു.

സ്വന്തം വേഷത്തെക്കുറിച്ച്...

ഇത് കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രമാണ്. തിരക്കഥ വായിച്ചപ്പോഴും അത് തന്നെയാണ് ഞാൻ ചിന്തിച്ചത്; ഇത്ര നേരത്തെ ഇത്ര വലിയൊരു കഥാപാത്രം ചെയ്യാനുള്ള അവസരം കിട്ടി. ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു.

ഉർവ്വശി, ഇന്ദ്രൻസ്, ടി.ജി രവി... ഒരുപാട് സീനിയർ അഭിനേതാക്കളുണ്ടല്ലോ സിനിമയിൽ. അവരുടെ കൂടെയുള്ള അഭിനയം എങ്ങനെയായിരുന്നു?

ഇത്രയും വലിയ അഭിനേതാക്കളുടെ കൂടെ അഭിനയിക്കാൻ പറ്റി. അഭിനയത്തെക്കാൾ അവരുടെ അഭിനയം കണ്ടുപഠിക്കാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം. അവരുടെ ശൈലിയും വേഷം കൈകാര്യം ചെയ്യുന്നതുമെല്ലാം കാണുന്നത് നല്ല രസമാണ്.

'ജലധാര പമ്പ്സെറ്റ് സിൻസ് 1962' കണ്ടതിന് ശേഷം പ്രേക്ഷകർ ആരെങ്കിലും വിളിച്ചോ?

യെസ്. എല്ലാവർക്കും സിനിമ ഇഷ്ടമായി. എല്ലാവരും ഹാപ്പിയാണ്. പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർക്കാണ് സിനിമ ഇഷ്ടപ്പെട്ടത്. ഇത്തവണ അൽപ്പം പ്രായം കൂടിയ ഓഡിയൻസാണ് എന്റെ വേഷം നന്നായിരുന്നു എന്ന് പറഞ്ഞത്. പ്രത്യേകിച്ചും ഒരു രംഗം... ആ രംഗം എന്താണെന്ന് ഞാൻ പറയുന്നില്ല... പക്ഷേ, അത് കണ്ടപ്പോൾ പലർക്കും കണ്ണുനിറഞ്ഞു എന്ന് പറഞ്ഞു.

'ജയിലർ' പോലെ വലിയൊരു സിനിമയുടെ റിലീസിനിടെ ഈ ചെറിയ സിനിമ വന്നപ്പോൾ...

'ജയിലറും' ഈ സിനിമയും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ടും രണ്ട് തരം സിനിമകളാണല്ലോ. എങ്കിലും ഞങ്ങളുടെ പ്രതീക്ഷ ജയിലർ കാണുന്നവർ ജലധാരയ്ക്കും ടിക്കറ്റ് എടുക്കുമെന്നാണ്. നല്ല ഉള്ളടക്കമുണ്ടെങ്കിൽ സിനിമ കാണാൻ ആളുകൾ വരും. ഈ സിനിമയിൽ കഥയും കാര്യവും ഉണ്ട്. ചിരിക്കാനും ചിന്തിക്കാനുമുണ്ട്.

'ജലധാര പമ്പ്സെറ്റ്...' അണിയറ പ്രവർത്തകരോട് സംസാരിച്ചോ?

തീർച്ചയായും. എല്ലാവരും സിനിമയുടെ വിജയത്തിൽ ഹാപ്പിയാണ്. സിനിമ കാണാൻ വന്നപ്പോൾ ടി.ജി രവി പറഞ്ഞു, എന്റെ റോൾ നന്നായിട്ടുണ്ടെന്ന്. അതൊക്കെ തന്നെ വലിയകാര്യം. പിന്നെ, സംവിധായകൻ ആശിഷ് ചിന്നപ്പ... ആദ്ദേഹത്തിന്റെ ആദ്യ സിനിമയാണിത്. വളരെ ഫ്രണ്ട്ലിയാണ് അദ്ദേഹം. എല്ലാവരും അങ്ങനെ തന്നെയാണ്. പ്രൊഡ്യൂസർ കൂടെയായ നടൻ സാഗർ വളരെ നല്ല പിന്തുണ നൽകി. അദ്ദേഹത്തിന്റെ കൂടെയാണ് ഞാൻ ഏറ്റവും കംഫർട്ട് ആയി അഭിനയിച്ചത്. വളരെ നല്ല അനുഭവമായിരുന്നു ഈ സിനിമ.

അഞ്ജലിയുടെ ഇനിയുള്ള സിനിമകൾ ഏതൊക്കെയാണ്?

നിലവിൽ ഒരു തമിഴ് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത് ഈ വർഷം അവസാനം റിലീസ് ചെയ്യും. ചെന്നൈയിലാണ് ഞാൻ ജനിച്ചുവളർന്നത്. അതുകൊണ്ട് തമിഴ് കൈകാര്യം ചെയ്യാൻ‍ എളുപ്പമാണ്. തമിഴ് സിനിമകൾക്കൊപ്പം മലയാള സിനിമയും ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. 'ഹൃദയ'ത്തിന് ശേഷം ഞാൻ 'വിശുദ്ധ മെജോ' ചെയ്തിരുന്നു. നല്ല വേഷങ്ങൾ ലഭിച്ചാൽ തീർച്ചയായും മലയാളത്തിലും അഭിനയിക്കും. ഞാൻ മലയാളിയാണല്ലോ. മലയാളം സിനിമയും ചെയ്യണം.

(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ. സംഭാഷണം വ്യക്തതയ്ക്ക് വേണ്ടി എഡിറ്റ് ചെയ്തിട്ടുണ്ട്.)

click me!