Latest Videos

'മറന്നുപോയ ആ പിറന്നാളിലുണ്ടായ സര്‍പ്രൈസ്', ചിത്രയുമായി അഭിമുഖം

By Web TeamFirst Published Jul 27, 2023, 1:21 PM IST
Highlights

ഈഗോയില്ലാതെ ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്നതെങ്ങനെയെന്നും ചിത്ര അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അറുപതിന്റെ നിറവിലാണ് മലയാളത്തിന്റെ 'ചിത്രഗീതം'. നാല് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ കാതുകള്‍ക്ക് ചിത്രയുടെ ശബ്‍ദം പാട്ടുകളുടെ മാധുര്യം പകര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രണയവും വിരഹവും ഭക്തിയും സങ്കടവുമെല്ലാം ചിത്രയുടെ ശബ്‍ദത്തിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗായികയുടെ പ്രായം ആസ്വദകര്‍ക്ക് ഓര്‍മ വരുന്നതേയുണ്ടാകില്ല. ജീവിതത്തിലെ ശീലങ്ങള്‍ കെ എസ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രജുല നടത്തിയ അഭിമുഖത്തില്‍ പങ്കുവയ്‍ക്കുന്നു.

എങ്ങനെയുണ്ട് 60 ക്ലബ്?

മാനസികമായ ഒരു പക്വത വന്നോയെന്നറിയില്ല. പക്ഷേ സീനിയര്‍ സിറ്റിസണായതിന്റെ സന്തോഷമുണ്ട്. എവിടെയും നമുക്ക് ഒരു സീറ്റ് കിട്ടുമല്ലോ. വിമാനത്താവളത്തിലൊക്കെ.  പ്രായം വര്‍ദ്ധിക്കുമല്ലോ. അറുപതായതിന്റെ ഒരു വിഷമമൊന്നും ഇല്ല.

പ്രായം കൂടുന്തോറം ഉള്ളിലെ കുട്ടിയും പുറത്തേയ്‍ക്കു വരുന്നു എന്നാണോ?

കുറച്ച് ധൈര്യം വന്നത് ഇപ്പോഴാണ്. പണ്ടൊക്കെ എന്ത് ചെയ്യാനും ഭയമായിരുന്നു. ചീത്തപ്പേരുണ്ടാകാനുള്ള സാധ്യതയെന്നൊരു പേടി ഉണ്ടായിരുന്നു. എന്റെ അമ്മ വളരെ സ്‍ട്രിക്റ്റായിരുന്നു. അതുകൊണ്ട് ചെറുപ്രായത്തിലൊക്കെ പ്രോഗ്രാമിന് പോകുമ്പോള്‍ ആരുടെയും മുഖത്ത് നോക്കാതിരിക്കും. ബുക്കില്‍ മാത്രം നോക്കി നില്‍ക്കും. ഇപ്പോള്‍ ആ പിടിത്തം കുറഞ്ഞു.

സര്‍പ്രൈസായ പിറന്നാളുണ്ടോ?

വിദേശത്തുവെച്ചുള്ള ഒരു സംഭവം ഓര്‍മയിലുണ്ട്. വിമാനമിറങ്ങി എന്തോ പ്രശ്‍നമുണ്ടായിട്ട് കണക്ഷൻ വിമാനം കിട്ടിയില്ല. ഞങ്ങള്‍ക്ക് അവിടെ താമസം ഒരുക്കി. ഒരു രാത്രി ഹോട്ടലില്‍ നിന്ന് പിറ്റേദിവസം പോകണം. എന്റെ ജന്മദിനമായിരുന്നു അടുത്ത ദിവസം. എനിക്കുപോലും അത് ഓര്‍മ ഉണ്ടായിരുന്നില്ല. ഭര്‍ത്താവും മറന്നു. പക്ഷേ രാവിലെ ഹോട്ടലിലേക്ക് എനിക്കൊരു ഫോണ്‍ വന്നു. വളര്‍മതി എന്ന എന്റെ ഒരു ആദ്യ ആരാധികയാണ്. അന്ന് മൊബൈല്‍ ഫോണോന്നും ഇല്ലല്ലോ. ഏത് രാജ്യത്തുണ്ടെന്ന് എങ്ങനെ കണ്ടുപിടിച്ചുവെന്ന് അറിയില്ല എനിക്ക്. അത് എനിക്ക് ഭയങ്കര സര്‍പ്രൈസായിരുന്നു.

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്?

മോതിരത്തില്‍ ഗുരുവായൂരപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ടെൻഷനുണ്ടാകുമ്പോള്‍ അതില്‍ സ്‍പര്‍ശിച്ചു കൊണ്ടേയിരിക്കും. (ഏകാദശി നോക്കുക, കൃഷ്‍ണ വിഗ്രഹം കൊണ്ടുപോകുക എന്ന ശീലങ്ങളും അവതാരക ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു). അതൊക്കെയാണ് എന്റെ ധൈര്യം എപ്പോഴും. ഗുരുവായൂരപ്പന്റെ കളഭവും മൂകാംബികയുടെ കുങ്കുമവുമുണ്ട്. അതൊക്കെ എന്റെയൊരു വിശ്വാസമാണെന്ന് മാത്രം.

പാടുന്നതിന്റെ തയ്യാറെടുപ്പുകള്‍?, സിറ്റുവേഷനൊക്കെ സങ്കല്‍പ്പിക്കുമോ?

എല്ലാ പാട്ടുകള്‍ക്കും അങ്ങനെ സിറ്റുവേഷനില്ലല്ലോ. വരികളില്‍ എന്തെങ്കിലും കുറുമ്പുണ്ടെങ്കില്‍ പരമാവധി താൻ ശ്രമിക്കും. റൊമാന്റിക് പാട്ടാണെന്ന് പറ‌ഞ്ഞാല്‍ അത് അങ്ങനെ  പാടും. എന്തെങ്കിലും ഒരു സന്ദര്‍ഭം നമ്മളോട് പറഞ്ഞാല്‍ കുറച്ച് ഭാവനയില്‍ ശ്രമിക്കും.

പ്രഷറും ഷുഗറുമൊക്കെയുണ്ടോ?, മധുരമൊക്കെ വേണ്ടെന്നുവയ്‍ക്കാറുണ്ടോ?

എന്തു മധുരവും എനിക്ക് ഇഷ്‍ടമാണ്. എരിവ് കഴിക്കാൻ പറ്റില്ല. ഉപ്പ് കുറച്ചൊക്കെ കഴിക്കാം. വായിക്കിഷ്‍ടം മധുരമാണ്. ഒരാഴ്‍ച മധുരം ഒഴിവാക്കാൻ എന്നോട് പറഞ്ഞാല്‍ ഞാൻ കട്ടെങ്കിലും കഴിക്കും. എനിക്ക് മധുരം ഒഴിവാക്കാൻ പറ്റില്ല. അങ്ങനെ പോകുന്നെങ്കില്‍ പോട്ടേയെന്നു പറയും.

ഈഗോയില്ലാതെ ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്നതെങ്ങനെ?

ഞാൻ പാടേണ്ട പാട്ടാണെങ്കില്‍ എങ്ങനെയെങ്കിലും കറങ്ങി തിരിഞ്ഞ് എന്റെയടുത്തെത്തും. അങ്ങനെ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ പാട്ട് കേട്ട് ആശങ്കപ്പെടേണ്ടതില്ലല്ലോ. മറ്റുള്ളവരുടെ പാട്ട് പാടാൻ ആഗ്രഹമുണ്ടെങ്കില്‍ അത് സ്റ്റേജില്‍ പാടാലോ?. നല്ലതായിട്ട് എന്തെങ്കിലും ആരെങ്കിലും ചെയ്‍താല്‍ വിളിച്ച് അഭിനന്ദിക്കണമെന്നും വിചാരിക്കാറുണ്ട്.

ജീവിതത്തില്‍ പ്ലാൻ ചെയ്യുന്ന ആളാണോ?

മുമ്പൊക്കെ കുറച്ച് ഉണ്ടായിരുന്നുവെന്ന് പറയാം. പക്ഷേ എന്റെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ മാറി. ദൈവത്തിന്റെ തീരുമാനമേ നടക്കൂ. വരുന്നിടത്തുവെച്ച് കാണാം എന്ന ചിന്തയാണ്.

ദേഷ്യപ്പെടുമോ?

പൊട്ടിത്തറിക്കുകയൊന്നുമില്ല. ദേഷ്യമൊക്കെയുണ്ടാകും. ചില സമയത്ത് ബുദ്ധിമുട്ട് തോന്നാറുണ്ട്. നമ്മുടെ ദേഷ്യം പുറമേ ഒരാളോട് എന്തിനാണ് നമ്മള്‍ കാണിക്കുന്നത്. എന്റെ വീട്ടുകാരോടൊക്കെ ദേഷ്യം കാണിച്ചെന്നിരിക്കും.

Read More: 'മലയാളികളുടെ പ്രിയപ്പെട്ട പാട്ട്', ഗായിക ചിത്ര അറുപതിന്റെ നിറവില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!