
പ്രേമം റിലീസിനെത്തി പത്തു വർഷങ്ങൾ പിന്നിടുമ്പോൾ പർദ്ദ എന്ന തെലുങ്ക്- മലയാളം ചിത്രത്തിലൂടെ മറ്റൊരു ശക്തമായ കഥാപാത്രമായി എത്തുകയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം തനിക്ക് ഐഡന്റി തന്ന മറ്റൊരു കഥാപാത്രം ഉണ്ടായിരുന്നില്ലെന്നും. ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ കഥാപാത്രമാണ് സുബ്ബു എന്ന് അനുപമ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സിനിമാ ബണ്ടി, ശുഭം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുല ഒരുക്കുന്ന പർദ്ദ 22ന് തിയേറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
കാത്തിരുന്ന വേഷം
തെലുങ്ക് ഇൻഡസ്ട്രിയിൽ സാധാരണമായി കാണുന്ന തരത്തിലുള്ള ഒരു ചിത്രമല്ല പർദ്ദ. മുന്ന് സ്ത്രീകളിലൂടെ കടന്നു പോകുന്ന സ്ത്രീപക്ഷ സിനിമ. അങ്ങനെയൊരു സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തെ പ്രൊഡ്യൂസറെയും സംവിധായകനെയും പ്രശംസിക്കാത്തിരിക്കാൻ കഴിയില്ല. 'ഒ ബേബി' പോലെ ചുരുക്കം സിനിമകൾ മാത്രമാണ് സ്ത്രീകളുടെ പോയിന്റ് ഓഫ് വ്യൂവിൽ കഥ പറയുന്നതായി നേരത്തെ തെലുങ്കിൽ നിന്ന് വന്നിട്ടുള്ളത്. പർദ്ദ ചെറിയൊരു ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമല്ല, സുബ്ബുവിന് വേണ്ടി എന്നെ സംവിധായകൻ കണക്ട് ചെയ്തപ്പോൾ എന്തുകൊണ്ട് ഞാൻ ഇത് എടുക്കാതിരിക്കണം എന്നതിൽ ഒരു കാരണവുമില്ലായിരുന്നു. പ്രേമത്തിന് ശേഷം ഐഡന്റിയുള്ള വേഷങ്ങൾ ഞാൻ ചെയ്തിട്ടില്ല. എന്നിലെ ആർട്ടിസ്റ്റിനെ എക്സ്പ്ലോർ ചെയ്യാൻ സാധ്യതയുള്ള കഥാപാത്രങ്ങൾ എന്നിലേക്ക് എത്തിയില്ലായിരുന്നു. ഞാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്നത് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാനായിരുന്നു. സ്വപ്‍നവേഷമെന്ന് പറയാം. ഞാൻ തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് എത്തുമ്പോൾ അവിടെ കണ്ടു വന്നിരുന്ന കൺവെൻഷൻ രീതിയിലുള്ള നായികാ വേഷങ്ങളിലേക്കോ നെക്സ്റ്റ് ഡോർ ഫേസ് പെൺകുട്ടിയായോ എന്നെ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം അതിൽ നിന്നെല്ലാം മാറി നിൽക്കുന്ന രൂപമായിരുന്നു എന്റേത്. പ്രേമത്തിന് ശേഷം തെലുങ്കിൽ നിന്ന് മുന്ന് സിനിമകൾ കമ്മിറ്റ് ചെയ്തു, ആ മുന്ന് സിനിമകളും ഹിറ്റായി. ആ കാരണം കൊണ്ട് തന്നെയാണ് പുറത്തുള്ള ആ ഇൻഡസ്ട്രിയിൽ എനിക്ക് ഇപ്പോഴുമുള്ള സ്പേസിന് കാരണമായതും.
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നത് ഉർവശി ചേച്ചി, ശോഭന മാം ഇവരെല്ലാം ചെയ്‍തുവച്ചിരിക്കുന്ന രീതിയിലുള്ള കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്നെ അങ്ങനെയുള്ള കഥാപാത്രങ്ങൾ തേടി വന്നില്ല. നമ്മുടെ ഇൻഡസ്ട്രിയിൽ ഞാൻ ഫീൽഡ് ഔട്ട് ആയിയെന്ന് പറഞ്ഞവരുണ്ട്, കൊവിഡ് സമയത്ത് ചെയ്ത ഒരു ഷോർട്ട് ഫിലിമിലാണ് എന്നെ ആദ്യമായി ഒരു കുട്ടിയിൽ നിന്ന് സ്ത്രീയിലേക്ക് മറ്റുളവർ കണ്ടു തുടങ്ങുന്നത്. അങ്ങനെയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ എന്നെ തേടിയെത്തിയത്.
മുന്ന് പെണ്ണുങ്ങളിലൂടെ കടന്നു പോകുന്ന പർദ്ദ
അമിഷ്ഠ എന്ന കഥാപാത്രത്തിലേക്ക് ദർശനയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് അറിഞ്ഞപ്പോൾ സന്തോഷമായി. യാഥാസ്ഥിക ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുള്ള സുബ്ബുവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒരു യാത്ര ചെയ്യേണ്ടി വരുന്നതും, അവൾക്കൊപ്പം കൂടേണ്ടി വരുന്ന സംഗീത മാം അവതരിപ്പിച്ച കഥാപാത്രവും ഒപ്പം അമിഷ്ഠയും ചേർന്നുള്ളൊരു യാത്ര. അതാണ് പർദ്ദ. വ്യത്യസ്ത ചുറ്റുപാടിലുള്ള, വ്യത്യസ്ത സ്വാഭാവഗുണമുള്ള മുന്ന് സ്ത്രീകൾ ഒന്നിച്ചു ഒരു ലക്ഷ്യത്തിനായി നടത്തുന്ന യാത്രയിൽ നടക്കുന്ന സംഭവങ്ങൾ പറഞ്ഞുപോകുന്ന സിനിമയാണിത്. പർദ്ദയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന സ്വപ്നങ്ങളും സ്വാതന്ത്രവുമെല്ലാം ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്.
സ്ത്രീ സൗഹൃദങ്ങൾ കുറവ്
പതിനെട്ട് വയസ്സിലെ സിനിമയിലെത്തിയ ഒരാളാണ് ഞാൻ. അന്ന് ഉണ്ടായ പെൺ സുഹൃത്തുക്കളെല്ലാം വേറെയേറെ രാജ്യങ്ങളിലാണ്. എനിക്ക് സൗഹൃദങ്ങൾ കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ സിനിമ കഴിഞ്ഞ് ഞാൻ പിന്നെ മറ്റൊരു ഇൻഡസ്ട്രിയിലേക്കാണ് പോയത്. എനിക്കുണ്ടായ പല സുഹൃത്തുക്കളും ഞാൻ നടിയാണ് എന്റെ ആറ്റിട്യൂട് മാറിയെന്ന തോന്നലിൽ മാറിപ്പോയവരുണ്ട്. എനിക്കവരുടെ കൂടെ സമയം ചെലവഴിക്കാൻ കഴിയാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. എന്റെ അമ്മയാണ് എന്റെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്. പിന്നെ എന്നോടൊപ്പം ജോലി ചെയ്യുന്ന ഹെയർ സ്റ്റൈലിസ്റ്റ്. പിന്നെ ലച്ചു എന്നൊരു സുഹൃത്ത്. ഞാൻ എന്നും സംസാരിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളെയുള്ളൂ. അതുകൊണ്ട് തന്നെ പർദ്ദയിലെ സൗഹൃദം എന്നെ സംബന്ധിച്ച് എനിക്ക് അത്ര പരിചയമില്ലാത്ത ഒന്നായിരുന്നു. എനിക്ക് അറിയില്ലായിരുന്നു എങ്ങനെയാണ് സ്ത്രീ സൗഹൃദങ്ങളെന്ന്. പർദ്ദയിൽ ഞങ്ങൾ മൂന്നുപേരുടെയും ട്രാവൽ അറിയാതെയൊരു ബോണ്ട് ഉണ്ടാവുകയായിരുന്നു. അതെനിക്ക് ആദ്യ അനുഭവമാണ്. ദർശനയ്ക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. അതിൽ എനിക്ക് നല്ല അസൂയയുണ്ട് . എന്തൊരു ഫൺ ആയിരിക്കും ജീവിതം, അതുമാത്രമല്ല ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസിലാക്കുന്ന പോലെ മറ്റൊരാൾക്കും കഴിയില്ല. എനിക്കും അങ്ങനെയുള്ള പെൺ സുഹൃത്തുക്കൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ബ്രേക്ക് എടുക്കുന്നതല്ല
മലയാള സിനിമയിൽ നിന്ന് മനഃപൂർവം ബ്രേക്ക് എടുത്തതല്ല. ആദ്യം പ്രേമത്തിന് ശേഷം എടുത്തിരുന്നു. അത് അവിടെ മുന്ന് സിനിമകൾ കമ്മിറ്റ് ചെയ്യുകയും ഡേറ്റ് ഇല്ലാതെയാവുകയും ചെയ്തത്തുകൊണ്ടാണ്. ഒരു സിനിമ കഥ മാത്രം ഇഷ്ടപ്പെട്ടതുകൊണ്ട് നടക്കണമെന്നില്ല. ഡേറ്റും ബാക്കി കാര്യങ്ങളെല്ലാം ശെരിയായി വന്നാൽ മാത്രമേ സിനിമ സംഭവിക്കുകയുള്ളൂ. ഡിക്റ്റക്റ്റീവ് ഇനി റിലീസിന് എത്താനുണ്ട്. മലയാളത്തിൽ കമ്മിറ്റ് ചെയ്‌ത സിനിമകൾ എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന വിഷയമാണ്. അതിനെല്ലാം തുടക്കമായിരുന്നു ജെഎസ് കെ.