
1000 ബേബീസ് എന്ന വെബ് സീരിസിന് ശേഷം സഞ്ജു ശിവറാം പ്രധാന വേഷത്തിലെത്തുന്ന സംഭവവിവരണം നാലര സംഘം റീലിസിനെത്തി. ഹ്യൂമർ മെമ്പടിയോടെ കൃഷാന്ദ് ഒരുക്കിയ ആക്ഷൻ ഗ്യാങ്‌സ്റ്ററായ സംഭവവിവരണം നാലര സംഘം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാലര സംഘത്തിന്റെ കഥ പറയുന്നത് സഞ്ജു അവതരിപ്പിച്ച അരിക്കുട്ടനിലൂടെയാണ്. അരിക്കുട്ടൻ തന്റെ കരിയറിന് കുറച്ചധികം തിളക്കം തന്നുവെന്ന് സഞ്ജു ശിവറാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു,
അരിക്കുട്ടന്നെന്ന പേര് വന്നത്?
തിരുവഞ്ചിപ്പുരത്തെ തടിപ്പാലം കോളനിയിലെ നാലര സംഘത്തിലെ പ്രധാനിയാണ് അരിക്കുട്ടൻ.സ്കൂൾ സമയത്ത് അത്താഴ കഞ്ഞിയ്ക്കുള്ള അരി മോഷ്ടിച്ചതിന്റെ പേരിലാണ് അരിക്കുട്ടനെന്ന പേര് ഒപ്പമുള്ളവർ ചാർത്തി തരുന്നത്. മാസ്സും കോമഡിയും പ്രണയവും ഇമോഷനുമെല്ലാം കൂടിച്ചേർന്നൊരു കഥാപാത്രമാണ് അരിക്കുട്ടന്റേത്, അരുൺ കുമാർ എന്ന പേര് ഒരിക്കൽ മാത്രമാണ് മുഴുനീള വെബ് സീരിസിൽ പരാമർശിക്കുന്നത്, ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് മാത്രമല്ല,ഒപ്പം കഞ്ഞിയും മൂങ്ങയുമെല്ലാമുണ്ട്. ആദ്യമായി മാസ്സ് കാണിക്കുന്ന കഥാപാത്രം എന്റടുത്ത് എത്തിയപ്പോൾ പേര് അരിക്കുട്ടൻ. നാലു കാലഘട്ടത്തിലൂടെ അരിക്കുട്ടൻ കടന്നു പോകുന്നുണ്ട്. അരിക്കുട്ടന്റെ കിങ്ങിണിയുമായുള്ള പ്രണയമെല്ലാം സ്‌ക്രീനിൽ നല്ലരീതിയിൽ വന്നു. കണ്ടവരെല്ലാം അരിക്കുട്ടനെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.
കൃഷാന്ദ് എന്ന സംവിധായകൻ?
കുറഞ്ഞ സമയം കൊണ്ട് തീർക്കാൻ കഴിയുന്ന ഒരു പ്രോജക്ട് ആയിരുന്നില്ല നാലര സംഘം. ഒരുപാട് ലൊക്കേഷൻ ഷിഫ്റ്റുകളൂം ഒപ്പം അത്രയധികം കഥാപാത്രങ്ങളും, വളരെ രാസമായി എടുക്കേണ്ട ഷോട്സ് ഒന്നും മിസ്സാക്കാതെ കൃഷാന്ദ് അതെല്ലാം പ്രഷർ തരാതെ അതെല്ലാം എടുത്തു. കാമറ മാൻ ആണെങ്കിലും എഡിറ്റർ ശശി കുമാർ ഒരുപാട് എഫോർട്ട് എടുത്തിട്ടുണ്ട്. ശശി എല്ലാം തുടക്കം മുതലേ ഈ പ്രൊജക്റ്റിനൊപ്പമുണ്ട്, ഞങ്ങൾ തെലുങ്കിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ശശിയുടെ ഒരു പാറ്റേൺ വർക്ക് ആയിരുന്നില്ല നാലര സംഘം. കൃഷാന്ദിന്റെ മേക്കിങ് രീതി ഒരിക്കലും കൺവെൻഷൻ രീതിയിലുള്ളതല്ല, ഫ്രെയ്മിങ് ആണെങ്കിലും എഡിറ്റിങ് ആണെങ്കിലും കഥാപാത്രങ്ങളുടെ പെർഫോമൻസ് ആണെങ്കിലും നമ്മൾ കണ്ടു വന്ന രീതിയിലുള്ളതല്ല. കൃഷാന്ദിന് ശശിയെ കണക്ട് ചെയ്യുന്നത് ഞാനായിരുന്നു. അതുകൊണ്ട് തന്നെ വർക്ക് ആവുമോയെന്ന ചെറിയ ടെൻഷൻ എനിക്കുണ്ടായിരുന്നു. എന്നാൽ, കൃഷാന്ദ് പെട്ടന്ന് ശശിയുമായി കണക്ട് ആയി. കൃഷാന്ദ് എന്ന മേക്കർ സിനിമയുടെ കാര്യത്തിൽ കിഡ് ആവുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിച്ച പോലെ ഒരു ഔട്ട് പുട്ട് നമ്മളിൽ നിന്ന് കിട്ടിയാൽ കുഞ്ഞുങ്ങളെ പോലെ തുള്ളിച്ചാടുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു പ്രകൃതക്കാരനാണ് കൃഷാന്ദ്. അത് മറ്റൊരു സംവിധായകരിലും കാണാത്ത ഒന്നാണ്. കൃഷാന്ദിന് എക്സ്സൈറ്റ്മെന്റ് വരുമ്പോൾ കാണിക്കുന്ന മാനറിസം 1000 ബേബീസ് ഞാൻ ചെയുമ്പോൾ എന്റെ കഥാപാത്രത്തിന് അതെ റഫെറൻസ് എടുത്തിരുന്നു. ഇതുവരെ ചെയ്തതിൽ ഏറ്റവും എഫോർട്ട് എടുത്തു ചെയ്ത ഒന്നായിരുന്നു അരിക്കുട്ടൻ. അതിന് വേണ്ടി ഇഷ്ടത്തോടെ പലതും ത്യജിച്ചിരുന്നു. ഫുഡിയായ ഞാൻ അരിക്കുട്ടന്റെ സ്കൂൾ സമയത്തിലേക്ക് വേണ്ടി ശരീര ഭാരം കുറച്ചു. അത്രയധികം പ്രിയപ്പെട്ട ഒന്നാണ് അരിക്കുട്ടൻ.
നാലര സംഘം ലോങ്ങ് ജേർണിയായിരുന്നു
മലയാളത്തിലെ ആദ്യത്തെ വെബ് സീരിസായി വരേണ്ടത് നാലര സംഘമായിരുന്നു. 2020 ലാണ് ഇതിന്റെ കഥ ആദ്യമായി കേൾക്കുന്നത്. ആദ്യം സിനിമയായി ആലോചിച്ചു പിന്നീട് വെബ് സീരിസായി മാറുകയാണ് ഉണ്ടായത്. ഇടയ്ക്ക് വച്ച് ഈ പ്രോജക്ട് നിന്നുപോയെന്നു പോലും കരുതിയിരുന്നു. പിന്നീട് അവിടുന്ന് കൃഷാന്ദ് എന്ന ഒറ്റ മനുഷ്യന്റെ എഫോർട്ടാണ്, വളരെ പ്രൊഫഷണലായി സിനിമയെ കാണുന്ന ഒരാളാണ്. ഒരു സ്ഥലത്ത് ബഡ്‌ജറ്റ് കൂടിയാൽ മറ്റേത് സ്ഥലത്ത് അത് പിടിക്കണമെന്ന് വ്യക്തമായി അറിയാം. രാജേഷ് ടച്ച്വർ പോലെയുള്ള മേക്കേഴ്‌സിന്റൊപ്പം വർക്ക് ചെയ്യുന്നതും, അവർ നമ്മളെ ഉപയോഗിക്കുന്നതും കാണാൻ നല്ല രസമാണ്. അതേപോലെ ഒരാളാണ് കൃഷാന്ദ്, ഇവർക്ക് പണിയറിയാം. ഞാൻ ഇല്ലെങ്കിലും അവർക്ക് അത് മാനേജ് ചെയ്തു മനോഹരമായി ചെയ്യാൻ കഴിയും. അദ്ദേഹത്തിന്റെ പ്ലാൻ എയും ബിയുമെല്ലാം അടിപൊളിയാണ്.
ടൊവിനോയാണ് കൃഷാന്ദിനെ പരിചയപ്പെടുതുന്നത്
പത്തു വർഷങ്ങൾക്ക് മുൻപ് ടൊവിയാണ് കൃഷാന്ദിനെ കുറിച്ച് ആദ്യമായി എന്നോട് പറയുന്നത്. ഒരു കഥ കേട്ടുവെന്നും ഗംഭീരമാണ്, ഞാനുണ്ട് സഞ്ജുവുമുണ്ട് ഒന്ന് കഥ കേൾക്കാമോയെന്ന് പറഞ്ഞു. അങ്ങനെ കൃഷാന്ദിനെ കാണാൻ മുംബൈയിലേക്ക് പോവുകയായിരുന്നു. അന്ന് അദ്ദേഹം ഒരുപാട് കഥകൾ പറഞ്ഞു, ഇത്രയും അറിവുള്ള മനുഷ്യൻ എന്ന അന്ന് തന്നെ എനിക്ക് ക്ലിക്കായി. അന്ന് മുതലുള്ള അസോസിയേഷനാണ് അദ്ദേഹവുമായി. പുതിയൊരു സംവിധായകൻ എന്ന നിലയിൽ ആദ്യ സിനിമ ചെയ്യാൻ അദ്ദേഹം ഒരുപാട് സ്ട്രഗിൽ എടുത്തു. ആദ്യമായി കൃഷാന്ദിനൊപ്പം ചെയ്തത് പുരുഷ പ്രേതമാണ്. അത് ചെറിയ വേഷമാണെങ്കിലും എന്റെ കരിയറിൽ എല്ലാവരും സംസാരിക്കുന്ന ഒരു വേഷം കൂടിയാണത്.