
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ 'തലവര' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏതൊരു സിനിമാപ്രേമിയെ സംബന്ധിച്ചും വെള്ളിയാഴ്ച എന്ന് പറയുന്നത് പ്രധാനപ്പെട്ട ഒരു ദിവസമാണ്. 'തലവര'യിലേക്ക് വരികയാണെങ്കിൽ, ജോലിയിൽ നിന്നും കള്ളം പറഞ്ഞുകൊണ്ട് ലീവെടുത്ത് സിനിമയുടെ ആദ്യ ഷോ കാണാൻ പോകുന്ന നായകനെയാണ് കാണാൻ കഴിയുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ നോക്കുകയാണെങ്കിൽ എങ്ങനെയായിരുന്നു അഖിലിന്റെ ഇതുവരെയുള്ള വെള്ളിയാഴ്ചകൾ?
'അർച്ചന 31 നോട്ട്ഔട്ട്', 'ഗീതു അൺചെയ്ൻഡ്' എന്നീ രണ്ട് ചിത്രങ്ങളും ഒരേദിവസം തന്നെയാണ് റിലീസ് ആയത്. അന്ന് ഭയങ്കര ടെൻഷനിൽ ആയിരുന്നു. ഗീതു അൺചെയ്ൻഡ് രാത്രി 12 മണിയായപ്പോഴേക്കും ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നല്ല പ്രതികരണങ്ങളായിരുന്നു. അതിന്റെ ഒരു ആത്മവിശ്വാസത്തിലാണ് അർച്ചനയിലേക്ക് പോകുന്നത്. പക്ഷേ അർച്ചനയുടെ കാര്യം എനിക്ക് അറിയാമായിരുന്നു. കാരണം കോവിഡ് സമയത്തായിരുന്നു ചിത്രീകരണം. അന്നെനിക്ക് 22 വയസ്സായിരുന്നു. ആ സിനിമ റിലീസ് ആവുന്നത് എന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ്. ഒരു സിനിമാസെറ്റിലും ഇതിന് മുൻപ് വർക്ക് ചെയ്തിട്ടില്ല. പക്ഷേ മിക്സഡ് പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്, അതുകൊണ്ട് തന്നെ ഞാൻ കുറച്ച് ഡൗൺ ആയിപ്പോയിരുന്നു. പക്ഷേ തലവരയിലേക്ക് വരുന്ന സമയത്ത് ഞാൻ കുറച്ച്കൂടി കോൺഫിഡന്റ് ആയിരുന്നു, ടെൻഷൻ ഉണ്ടായിരുന്നില്ല, കണ്ടന്റ് വൈസ് ഞാൻ സ്ട്രോങ്ങ് ആണെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. രണ്ട് വർഷത്തോളം എടുത്ത് അൻപതോളം ഡ്രാഫ്റ്റ് ചെയ്ത ഒരു സ്ക്രിപ്റ്റ് ആയിരുന്നു തലവരയുടേത്. മുൻ സിനിമയിൽ എന്താണോ പ്രശ്നം പറ്റിയത് അത് ഇതിൽ തിരുത്തണമെന്ന് നല്ലപോലെ ആഗ്രഹിച്ചിരുന്നു. ഒരു മിക്സഡ് റെസ്പോൺസ് അല്ലാതെ ഒരു മജോറിറ്റി റെസ്പോൺസ് എനിക്ക് ആവശ്യമായിരുന്നു. ആരും മോശം പറയുന്ന ഒരു സിനിമയായിട്ട് മാറില്ല എന്ന് ഉറപ്പുണ്ടായിരുന്നു. ആദ്യ ദിവസം ഷോ കാണാൻ പോയിരുന്നു.
തലവരയുടെ തുടക്കം എങ്ങനെയായിരുന്നു? ഇത്തരമൊരു വിഷയം എപ്പോഴാണ് ആദ്യം മനസിലേക്ക് വന്നത്?
അർച്ചന റിലീസിന് മുന്നെയാണ് ഷെബിൻ ബെക്കർ വരുന്നതും, തലവര ഓൺ ആവുന്നതും. റിലീസിന് ശേഷം പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. എന്നാൽ അന്ന് ഇങ്ങനെ പാണ്ടുള്ള ഒരാളുടെ കഥയായിരുന്നില്ല. ഏതൊരു ആർട്ടിസ്റ്റിലേക്കും അത് എത്തണം എന്ന രീതിയിലാണ് ചെയ്യുന്നത്. കോർ ഐഡിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന തരത്തിൽ ഇത് എങ്ങനെയാണ് എത്തിക്കാൻ കഴിയുക എന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ഞാൻ വിറ്റിലിഗോ ബാധിച്ച ഒരാളെ കാണുന്നത്. അങ്ങനെയാണ് പിന്നെ ഇത് വിറ്റിലിഗോയിലേക്ക് എത്തുന്നത്. ആ സമയത്ത് നോക്കിയപ്പോൾ വിറ്റിലിഗോയുമായി ബന്ധപ്പെട്ട അധികം സിനിമകൾ ഒന്നും തന്നെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സബ്ജക്ട് തിരഞ്ഞെടുത്തതിൽ വലിയ സന്തോഷമുണ്ട്.
സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ് എന്ന് പറയുന്നത് തീർച്ചയായും അതിന്റെ കാസ്റ്റിങ്ങ് തന്നെയാണ്. അർജുൻ അശോകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് തലവരയിലെ പാണ്ട എന്ന ജ്യോതിഷ്. കൂടാതെ അശോകൻ ആണെങ്കിലും, ദേവദർശിനി ചെയ്ത കഥാപാത്രമാണെങ്കിലും ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. സിനിമയുടെ കാസ്റ്റിങ്ങ് എങ്ങനെയായിരുന്നു? എങ്ങനെയാണ് ഇവരിലേക്ക് എത്തിയത്?
എഴുത്ത് പൂർത്തിയായ ശേഷമാണ് കാസ്റ്റിങ്ങിലേക്ക് എത്തിയത്. ആരെയും മനസ്സിൽ കണ്ടതിന് ശേഷം എഴുതിയിട്ടില്ല. അർജുനെ കുറിച്ച് ഷെബിൻ ബെക്കറാണ് എന്നോട് പറയുന്നത്. ആദ്യ നരേഷൻ കഴിഞ്ഞതോട് കൂടി അർജുനത് ചെയ്യാൻ കഴിയുമെന്ന് രണ്ട് പേർക്കും മനസിലായി. അതിന് ശേഷമാണ് മറ്റ് ഇൻപുട്ടുകൾ എല്ലാം ഉൾപ്പെടുത്തിയത്. ദേവദർശിനി മാം എല്ലാം ഷൂട്ട് തുടുങ്ങുന്നതിന് നാല് ദിവസം മുൻപ് മാത്രമാണ് ലോക്ക് ആയത്. നായികയായി എത്തിയ രേവതിയുടെ കാസ്റ്റിങ് ആയിരുന്നു ഏറ്റവും കൂടുതൽ സമയമെടുത്തത്. ഒരുപാട് ഓഡിഷൻ ചെയ്തിട്ടും സന്ധ്യ കഥാപാത്രത്തിന് വേണ്ട ആളെ കിട്ടിയിരുന്നില്ല. തമിഴ് അറിയുന്ന ഒരു പുതുമുഖം തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങെനയാണ് രേവതി വരുന്നത്. അവരുടെ ഒരു പ്ലസ് പോയന്റ് എന്ന് പറയുന്നത് അവർ മലയാളിയാണ്. തമിഴ് മാത്രം അറിയുന്ന ഒരാളെ നമുക്ക് കാസ്റ്റ് ചെയ്യാനും കഴിയില്ല. ആദ്യം കുറച്ച് ഫുട്ടേജ് അയച്ച് തന്നിരുന്നു അവർ, പിന്നീട് നമ്മൾ നേരിട്ട് വിളിക്കുകയും ഓഡിഷൻ ചെയ്യുകയും ചെയ്തു , നല്ല ഹാപ്പിയായിരുന്നു ആ കാസ്റ്റിങ്ങിൽ. അശോകൻ ചേട്ടൻ ചെയ്ത കണ്ണപ്പ എന്ന കഥാപാത്രത്തിനായി ഒന്ന് രണ്ട് പേരെ നമ്മൾ നോക്കിവെച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഫസ്റ്റ് ചോയ്‌സ് അശോകൻ ചേട്ടൻ ആയിരുന്നു. പുള്ളി ചെയ്‌താൽ മാത്രമേ ഇത് വർക്കാവൂ എന്ന് തോന്നി. കാരണം ഒരേസമയം ക്യൂട്ടും, അതേസമയം പണിക്കൊന്നും പോവാതെ, സിനിമ കണ്ടും നാടകം കളിച്ചും നടക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അയാളോട് ദേഷ്യം തോന്നാനും പാടില്ല. അതുകൊണ്ട് തന്നെ അശോകൻ ചേട്ടൻ മാത്രമായിരുന്നു ആദ്യ ചോയ്‌സ്. കഥ പറഞ്ഞപ്പോൾ തന്നെ അശോകൻ ചേട്ടന് ഇഷ്ടമായി. അങ്ങനെയാണ് ഇൻ ആവുന്നത്.
അശോകന്റെ ഭാഗത്ത് നിന്നും പിന്നീട് കഥാപാത്രത്തിന് വേണ്ട മറ്റ് ഔട്ട്പുട്ടുകൾ ഉണ്ടായിരുന്നോ?
തീർച്ചയായും. ഡയലോഗുകൾ എല്ലാം സ്ക്രിപ്റ്റിൽ ഉള്ളത് തന്നെയായിരുന്നു. പക്ഷേ പറയുന്ന രീതിയെ എപ്പോഴും അശോകൻ ചേട്ടൻ മനോഹരമാക്കാറുണ്ട്. അമരം സിനിമയിലെ പോലെ ഒരു നോട്ടം വേണം എന്ന് ഞാൻ പറഞ്ഞിരുന്നു, അതേപോലെ അത് കിട്ടിയിട്ടുണ്ട്. അങ്ങനെ കുറേ സീനുകളുണ്ട്. സാധാരണ നോക്കുമ്പോൾ അതിൽ ഫൺ എലമെന്റ് ഒന്നുമില്ല, പക്ഷേ അശോകൻ ചേട്ടൻ ചെയ്യുമ്പോൾ മ്പോൾ അങ്ങനെയല്ല.
പാലക്കാട് ഉള്ള ഒരു കോളനിയും പരിസരപ്രദേശത്തുമാണല്ലോ കഥ നടക്കുന്നത്. എങ്ങനെയാണ് പാലക്കാട് തിരഞ്ഞെടുക്കുന്നത്?
ജെമിനി എന്നാണ് ഞങ്ങൾ അതിന് നൽകിയിരിക്കുന്ന പേര്. ജെമിനി ചിത്രീകരിച്ച സ്ഥലം എന്ന രീതിയിലാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പകാലം മുതലേ സിനിമ നായകന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് കാണിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു കാര്യം ചെയ്തത്. നായകന് പെട്ടെന്നൊരു ദിവസം ഉണ്ടായ സിനിമാഭ്രാന്ത് അല്ല. പിന്നെ പാലക്കാടിനെ പലപ്പോഴും സിനിമകളിൽ കാണിക്കുന്നത് ഗ്രാമപ്രദേശങ്ങളായാണ്. എന്നാൽ പാലക്കാട് ടൗണിൽ വ്യത്യസ്തമായ ഒരു സിനിമാസംസ്കാരം തന്നെ നിലനിൽക്കുന്നുണ്ട്. തമിഴ് സിനിമകൾക്ക് നല്ല പ്രേക്ഷകരുള്ള സ്ഥലം കൂടിയാണ് പാലക്കാട്.
പാലക്കാടൻ ഭാഷാശൈലിയിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുവന്നത് എല്ലാം എങ്ങനെയായിരുന്നു?
സംഭാഷണങ്ങൾ എല്ലാം തന്നെ പാലക്കാടൻ ശൈലിയിൽ തന്നെയാണ് എഴുതിയിരുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ പരസ്പരം സംസാരിക്കുന്ന രീതിയിൽ തന്നെയാണ് എഴുതിയിരിക്കുന്നത്. പൊടി എന്ന കഥാപാത്രം അവതരിപ്പിച്ച വിഷ്ണു പാലക്കാട് നിന്ന് ഉള്ള ആൾ തന്നെയാണ്. അർജുൻ, റാഫി, മനോജ് മോസസ്, വിഷ്ണു രഘു തുടങ്ങിവർ ഷൂട്ട് തുടങ്ങുന്നതിന് അഞ്ച് ദിവസം മുൻപ് എത്തിയിരുന്നു. എല്ലാവരും പരസ്പരം മിംഗിൾ ആയി, കമ്മ്യൂണിക്കേറ്റ് ചെയ്ത് ആണ് അത് രൂപപ്പെടുത്തിയെടുത്തത്. ഇടക്ക് മനോജ് മോസസ് 'എന്തരടെ പാണ്ടേ' എന്ന് ചോദിക്കും അപ്പൊ അത് തിരുത്തിയിട്ട് എന്താണ്ടാ പാണ്ടേ എന്നാക്കാൻ പറയും. തീർച്ചയായതും ആർട്ടിസ്റ്റിന്റെ സപ്പോട്ട് ഉള്ളതുകൊണ്ട് കൂടിയാണ് ഇതെല്ലാം സാധ്യമാവുന്നത്. ഇടക്ക് ഞാൻ വിട്ട് പോയാലും അർജുൻ അത് ഓർത്ത് വെച്ച് ചോദിക്കാറുണ്ട്.
വൈകാരികമായ നിരവധി മുഹൂർത്തങ്ങൾ ഉള്ള സിനിമയാണ് തലവര. അർജുൻ അശോകൻ ചെയ്ത കഥാപാത്രം മാത്രമല്ല. അമ്മയുടെ കഥാപാത്രമാണെങ്കിലും കുറഞ്ഞ സമയം മാത്രം സ്‌ക്രീനിൽ വന്നുപോയ ശരത് സഭ അവതരിപ്പിച്ച ഡമ്മി ഗണേഷ് എന്ന കഥാപാത്രം ആണെങ്കിലും അനിയത്തിയുടെ കഥാപാത്രം ആണെങ്കിലും എല്ലാവർക്കും കൊടുത്തിട്ടുള്ള ഡെപ്തും ക്യാരക്ടർ ആർക്കും ഗംഭീരമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളുടെ സ്വാധീനം പാണ്ടയുടെ ജീവിതത്തിലും പ്രതിഫലിക്കുന്നത് കാണാം. ഓരോ കഥാപാത്രത്തെയും എഴുതുന്ന സമയത്ത് തന്നെ ഇങ്ങനെ തന്നെയാണോ രൂപപ്പെടുത്തിയത്?
അതെ, സിനിമ തുടങ്ങുമ്പോൾ തന്നെ ഓരോ കഥാപാത്രത്തിനും കൃത്യമായ തുടക്കവും അവസാനവും ഉണ്ടാവണമെന്ന് നിർബന്ധമായിരുന്നു. ശരത് സഭയുടെ ക്യാരക്ടറിൽ വരുന്ന മാറ്റം യഥാർത്ഥത്തിൽ മറ്റൊരു കഥാപാത്രത്തിനായിരുന്നു നിശ്ചയിച്ചത്. എന്നാൽ അത് പ്രത്യേകിച്ച് ഇമ്പാക്ട് ഒന്നും സൃഷ്ടിക്കില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് ശരത് സഭ അവതരിപ്പിച്ച ഡമ്മി ഗണേഷ് എന്ന കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്.
അനിയത്തിയും പാണ്ടയും തമ്മിലെ ആശുപത്രിയിൽ വെച്ചുള്ള ബാക്ക് സ്റ്റോറിയുമായി ബന്ധപ്പെടുത്താൻ സംഭാഷണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചെയ്തത്. അർച്ചന 31 എന്ന സിനിമ കഴിഞ്ഞതിന് ശേഷം സ്ക്രിപ്റ്റിങ്ങ് എങ്ങനെ ബെറ്റർ ആക്കാം എന്നാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇതെല്ലാം എഴുത്തിൽ നിരന്തം മാറ്റങ്ങൾ വരുത്തിയത് കൊണ്ടാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിങ് വളരെ നല്ലൊരു അനുഭവം ആയിരുന്നു. ഒരേസമയം ആസ്വദിക്കുകയും ചെയ്തു അതേപോലെ ടെൻഷനും ഉണ്ടായിരുന്നു. തിയേറ്ററിൽ വരുന്ന പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ കിട്ടണം എന്നുള്ള ഒറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഥാപാത്രങ്ങളുടെ ഡെപ്ത്തും സ്റ്റോറിയും എഴുത്തിൽ തന്നെ ഉണ്ടായിരുന്നു.
ഇതിനോട് ചേർത്ത് ചോദിക്കാൻ ഉള്ളത് പാണ്ട എന്ന കഥാപാത്രം കുറെയേറെ അപകർഷതകൾ നിറഞ്ഞ, രോഗം കാരണം ഒരുപാട് വെല്ലുവിളികൾ നേരിടുന്ന വ്യക്തി കൂടിയാണ്. അതേസമയം അശോകൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം മകന്റെ സ്വപ്നത്തിൽ സഹായിക്കാൻ കഴിയാത്ത നിസ്സഹായൻ ആണെങ്കിലും പൂർണ പിന്തുണ നൽകുന്ന ഒരാളാണ്. അതുപോലെ തന്നെ ഷെബിൻ ബെൻസൺ അവതരിപ്പിച്ച പ്രവീൺ എന്ന കഥാപാത്രം, കാമുകി സന്ധ്യ എന്നിവരാണ് പാണ്ടയുടെ അപകർഷതകൾ ഒരു പരിധിവരെ മാറ്റുന്നത്. അമ്മയുടെ കഥപാത്രം അറിഞ്ഞുകൊണ്ടല്ലെങ്കിലും അവനെ പല തരത്തിൽ സഹായിക്കുന്നുണ്ട്. അതേസമയം സുഹൃത്തുക്കൾ പ്രത്യേകിച്ച് പിന്തുണയൊന്നും തുടക്കത്തിൽ നൽകുന്നില്ല. ഈയൊരു കാര്യം എഴുത്തിൽ എങ്ങനെയാണ് കൊണ്ടുവന്നത്?
ഷെബിൻ ബെൻസൺ അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥ ജീവിതത്തിലെ ഞാൻ തന്നെയാണ്. അവർ ഷൂട്ട് ചെയ്ത ഷോർട്ട് ഫിലിം യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ ചെയ്തതാണ്. അങ്ങനെയൊരു സംഭവത്തിൽ നിന്നാണ് ആ രംഗം ഞങ്ങൾ എഴുതിയത്. അത് ശരിക്കും ഫോട്ടോ സ്റ്റുഡിയോയുടെ അകത്ത് തന്നെയാണ് ഞങ്ങളും ഷൂട്ട് ചെയ്തത്. നായകൻ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് വളരെ ഓർഗാനിക് ആവണമെന്നുണ്ടായിരുന്നു. ഷെബിന്റെ കഥാപാത്രം ചെയ്യുന്നത് മോട്ടിവേഷൻ ആണ് ചെയ്യുന്നത്, എന്നാൽ അത് ഡ്രമാറ്റിക് അല്ല. സന്ധ്യ എന്ന കഥാപത്രം എന്റെ പാർട്ണറിൽ നിന്ന് ഇൻസ്പയേഡ് ആയിട്ടാണ് ഞാൻ എഴുതിയത്. സന്ധ്യ നല്ല ലിസണർ ആണ്. അതുകൊണ്ട് തന്നെ അവൾ പറയുന്ന സംഭാഷണങ്ങൾ ഒരിക്കലും ഡ്രമാറ്റിക് ആവരുതെന്ന് നിർബന്ധമുണ്ടായിരുന്നു. വേണമെങ്കിൽ പശ്ചാത്തല സംഗീതം കൊണ്ട് അതിനെ ഹൈ ആക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തില്ല. അതേസമയം പോസിറ്റിവും നെഗറ്റിവും ഉള്ള കഥാപാത്രമാണ് സന്ധ്യ. ഫ്രണ്ട്സ് കഥാപാത്രങ്ങൾ ഇതൊന്നും നോക്കുന്ന ആൾക്കാർ ആയിരുന്നില്ല. അവർ പൊളിറ്റിക്കലി ഇൻകറക്ട് ആണ്. അവർ ചെയ്യുന്നത് ബോഡി ഷെയ്മിങ്ങ് ആണെന്നുള്ള തിരിച്ചറിവ് വരാൻ മാത്രമുള്ള അൺലേണിങ്ങ് അവരുടെ ജീവിതത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ല. പാലക്കാട് പ്രിയദർശിനി തിയേറ്ററിന്റെ തൊട്ടടുത്താണ് ഞങ്ങൾ സിനിമ ഷൂട്ട് ചെയ്തത്. അവിടെ പോയാൽ ഇപ്പോഴും ഇങ്ങനെയുള്ള കുറേ മനുഷ്യരെ കാണാൻ കഴിയും.
സമൂഹത്തിൽ വിറ്റിലിഗോ ബാധിച്ചവർ നേരിടുന്നൊരു സോഷ്യൽ ബോയ്കോട്ടിങ്ങ് ഉണ്ടല്ലോ, അത് സംഘടിതമായി രൂപപ്പെടുന്നതോ മറ്റോ അല്ല. സമൂഹത്തിന്റെ പല തട്ടിലുള്ള ആളുകളിലും വിറ്റിലിഗോ പകരുമെന്ന തെറ്റിധാരണവച്ചു പുലർത്തുന്നവരാണ്. അതേസമയം വിറ്റിലിഗോ മാത്രമല്ല അതിനോടൊപ്പം തന്നെ സിനിമ എന്ന നായകന്റെ സ്വപ്നത്തെയും സിനിമ സമാന്തരമായി ചർച്ച ചെയ്യുന്നുണ്ട്. അതിനോടൊപ്പം തന്നെ സിനിമാസെറ്റുകളിലെ യാഥാർത്ഥ്യവും തലവര തുറന്നു കാണിക്കുന്നുണ്ട്. സിനിമ തന്നെയാണ് നായക്‌നറെ മേഖല എന്ന തീരുമാനത്തിലേക്ക് എഴുത്തിന്റെ ഏത് ഘട്ടത്തിലാണ് എത്തുന്നത്?
സ്ക്രിപ്റ്റ് എഴുതുമ്പോൾ നേരിട്ട പ്രധാന വെല്ലുവിളി എന്താണെന്ന് വെച്ചാൽ സിനിമയ്ക്കുള്ളിലെ സിനിമ എന്ന തരത്തിലുള്ള സിനിമകൾ ഒരുപാട് വന്നിട്ടുണ്ട്. അത്തരം സിനിമ കാണാൻ സത്യം പറഞ്ഞാൽ എനിക്ക് തന്നെ താല്പര്യമില്ല. എനിക്കൊരു ഹൈ കിട്ടണം എന്നാൽ മാത്രമേ അതിന്റെ പകുതിയെങ്കിലും പ്രേക്ഷകന് ലഭിക്കൂ എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തി സിനിമ സ്വപ്നം കാണുന്നത് ഒരു തെറ്റല്ലെന്നും അതൊരു മോട്ടിവേഷൻ ആണെന്നും തോന്നി. അഭിനയിക്കാൻ വേണ്ടി സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഞാൻ.മിന്നൽ മുരളിയിൽ ഹരിശ്രീ അശോകന്റെ കുട്ടിക്കാലം ഞാൻ അഭിനയിച്ചിട്ടുമുണ്ട്. വേറെയും ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ഇത്തരമൊരു ഭാഗം കൂടി എനിക്കറിയാം. എല്ലായിടത്തും വിവേചനം ഒന്നും നിലനിൽക്കുന്നില്ല. അഭിനയിക്കാൻ വന്നിട്ട് സിനിമയുടെ മറ്റ് വിഭാഗങ്ങളിൽ ജോലിയെടുക്കാൻ നിർബന്ധിതരായിരുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അത്തരമൊരു കഥാപാത്രമാണ് അഭിരാം അവതരിപ്പിച്ച ഷൈൻ എന്ന അസിസ്റ്റന്റ് ഡയറക്ടർ. സിനിമാസെറ്റിലെ പിന്നാമ്പുറത്തെ ഈ ഒരു ഭാഗം കൂടി കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ എല്ലാ സിനിമാക്കാരെയും മോശമായല്ല ഞാൻ കാണിച്ചിരിക്കുന്നത്. കാരണം വിമൽ എന്ന കഥാപാത്രം അതിന് ഉദാഹരണമാണ്.
ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ട് കരിയർ തുടങ്ങുകയും രണ്ട് ഫീച്ചർ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത അഖിലിന്റെ തലവര വരെയുള്ള ഒരു യാത്ര എങ്ങനെയായിരുന്നു?
തിരഞ്ഞുനോക്കുമ്പോൾ ഭയങ്കര ഹാർഡ് ആണ്. ഇരുപത്തിരണ്ടാം വയസ്സിലാണ് ഒരു സിനിമാസെറ്റിലേക്ക് ഞാൻ വരുന്നത്. അതെന്റെ ആദ്യത്തെ സിനിമയായിരുന്നു. നമ്മുടെ രൂപം, നമ്മുടെ ബാക്ക്ഗ്രൗണ്ട് എല്ലാംവച്ച് ആളുകൾ ജഡ്ജ് ചെയ്യും. ഷൂട്ട് കാണാൻ വരുന്നവർ എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട് ഇവനാണോ സംവിധായകൻ എന്ന്. ഇത്തരം കാര്യങ്ങളിൽ ചിലപ്പോഴൊക്കെ ഞാൻ ഇൻസെക്യേർഡ് ആവാറുണ്ട്. അതിനെയൊക്കെ നമ്മുടെ വർക്കിലൂടെ മറുപടി പറയുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഫാമിലി, എന്റെ പാർട്ണർ, സുഹൃത്തുക്കൾ എല്ലാവരും എനിക്ക് നല്ല പിന്തുണയാണ് നൽകുന്നത്. പ്രൂവ് ചെയ്തുകഴിഞ്ഞാൽ പിന്നെ പേടിക്കാൻ ഇല്ല. അതിനുള്ള ഓട്ടത്തിൽ ആയിരുന്നു. പല ആളുകളും സിനിമ കണ്ടിറങ്ങിയിട്ട് ഇമോഷണൽ ആയിട്ട് എന്നെ വിളിക്കുന്നതൊക്കെ ആദ്യമായിരുന്നു.