
അരുൺ ഡൊമിനികിന്റെ ആദ്യ ചിത്രം തരംഗത്തിലൂടെ മലയാള സിനിമയുടെ ഓരം ചേർന്ന നടനാണ് ശരത് സഭ. തരംഗം ഇറങ്ങി എട്ടു വർഷങ്ങൾക്ക് ശേഷം അരുൺ ഡൊമിനിക് രണ്ടാമത്തെ ചിത്രം ലോക ചാപ്റ്റർ 1- ചന്ദ്രയുമായി എത്തിയപ്പോൾ സുന്ദർ എന്ന കന്നഡ സംസാരിക്കുന്ന വില്ലനായി ശരത് സഭ തിളങ്ങി. ഹ്യൂമർ വേഷങ്ങളിൽ മാത്രം മലയാളി പ്രേക്ഷകർ കണ്ട ശരത് സഭയുടെ നെഗറ്റീവ് ഷെയ്ഡുള്ള സുന്ദർ കരിയറിൽ തന്നെ എടുത്ത് പറയേണ്ട ഒന്നാണ്. അരുൺ ഡൊമിനിക് എന്ന സംവിധായകൻ വലിയൊരു ഗ്യാപ്പിന് ശേഷം അഞ്ചോളം ചാപ്റ്റർ തിരിച്ച വലിയൊരു വിഷനുമായി എത്തുമ്പോൾ തനിക്കും അതിലൊരു പാർട്ടാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ശരത് സഭ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
തരംഗം മുതൽ ലോക വരെ
എനിക്കൊരു ക്യാരക്ടർ വേഷം തന്ന് കോമേഷ്യൽ സിനിമയിൽ എന്നെ പരിചയപ്പെടുത്തുന്നത് ഡൊമിനിക് ആണ്. എട്ടു വർഷങ്ങൾക്ക് ശേഷം അതേ സംവിധായകൻ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോൾ അതുവരെ ഞാൻ ചെയ്തുവന്ന ഹ്യൂമർ വേഷങ്ങളെയും അടുത്ത വീട്ടിലെ ചെറുപ്പക്കാരൻ എന്ന് തോന്നിപ്പിക്കുന്ന വേഷങ്ങളെയും ബ്രേക്ക് ചെയ്യുന്ന വേഷമാണ് സുന്ദർ. അജിത്ത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ എന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള വേഷം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രേക്ഷകരിലേക്ക് എത്തിയില്ല. ലോകയിലൂടെയാണ് അത് കൂടുതൽ പേരിലേക്ക് എത്തുന്നത്. ലോക നേടിയ റെക്കോർഡുകളും കിട്ടുന്ന സ്വീകാര്യതയുമെല്ലാം എനിക്ക് കൂടി സന്തോഷം നൽകുന്ന ഒന്നാണ്. എനിക്കാദ്യമായി ക്യാരക്ടർ റോൾ നൽകുന്നതും ഇപ്പോൾ ചെയ്തു വന്ന ഷെയ്ഡ് പൊളിച്ചെഴുതിയതും അദ്ദേഹമാണ്. അരുൺ ഡൊമിനിക് എന്ന സംവിധായകനെ കുറിച്ച് ഓർക്കുമ്പോഴും ഞാൻ ചെയ്ത കഥാപാത്രത്തെ കുറിച്ച് ഓർക്കുമ്പോഴും സന്തോഷവും ഒപ്പം അഭിമാനവുമുണ്ട്.
സുന്ദറിനെ അവതരിപ്പിക്കാൻ നേരിട്ട വെല്ലുവിളികൾ
ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായൊന്നും സാമ്യമില്ലാത്ത ഒന്നാണ് സുന്ദര്‍. ഒപ്പം ഞാൻ സുന്ദറിനെ പോലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരും സ്വീകരിക്കണം. അതനുസരിച്ച് വളരെ കൺവീൻസിങ് രീതിയിലായിരിക്കണം അവതരിപ്പിക്കേണ്ടതെന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. സുന്ദർ എന്ന കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറി സംവിധായകൻ വ്യക്തമായി പറഞ്ഞു തന്നിരുന്നു. അല്ലാതെ അതിന് പുറമെ സ്വന്തം ഭാവനയിലും സുന്ദറിന്റെ ബാക്ക് സ്റ്റോറിയിൽ കൂട്ടിച്ചേർത്തു. സുന്ദറിന്റെ കഥാപാത്രത്തിന് ഹ്യൂമറിന്റെ ഒരു ലൈനുമുണ്ട്, ഒപ്പം ഡാർക്ക് ഷെയ്ഡും. അത് നന്നായി അവതരിപ്പിക്കുക എന്ന് തന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. സുന്ദറിന്റെ കന്നഡ കലർന്ന സംസാര രീതിയായിരുന്നു നേരിട്ട മറ്റൊരു വെല്ലുവിളി. എനിക്ക് കന്നഡ ഒട്ടും അറിയില്ലായിരുന്നു. സംവിധായകൻ തന്ന ആത്മവിശ്വാസമാണ് കാമറയ്ക്ക് മുന്നിൽ അത് മനോഹരമായി അവതരിപ്പിക്കാൻ സഹായിച്ചത്. ടോബി എന്ന കന്നഡ ചിത്രം സംവിധാനം ചെയ്ത മലയാളിയായ ബേസിൽ സഹായിച്ചു. അദ്ദേഹമാണ് സ്ക്രിപ്റ്റ് ട്രാൻസിലേറ്റ് ചെയ്ത എന്റെ ഡയലോഗുകൾ എങ്ങനെ പറയുമെന്നൊക്കെ വാട്സാപ്പിൽ വോയിസ് നോട്ടായി ഇട്ടു തന്നത്. കന്നഡ സംസാരിക്കുന്ന ഒരാൾ എങ്ങനെ മലയാളം പറയുമെന്നൊക്കെ കൃത്യമായി പറഞ്ഞു തരുകയും വോയിസ് മൊഡുലേഷനിൽ പറഞ്ഞു തന്നു സഹായിക്കുകയും ചെയ്തു. ഡബ്ബിങ് സമയത്തും അദ്ദേഹത്തിന്റെ സാന്നിധ്യം നല്ല രീതിയിൽ സഹായിച്ചു.
കല്യാണിയുമായുള്ള ആക്ഷൻ സീനുകൾ
കല്യാണിയുമായുള്ള ആക്ഷൻ സീനുകളിൽ എനിക്ക് അത്ര എഫർട്ട് എടുക്കേണ്ടി വന്നിട്ടില്ല. കല്യാണി ഷൂട്ടിന് മുൻപ് തന്നെ ഫൈറ്റ് സീനുകളെല്ലാം ട്രെയിൻ ചെയ്താണ് ഷൂട്ടിന് എത്തിയിരുന്നത്. ടൈമിംഗ് കൃത്യമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണിയ്‌ക്കൊപ്പം ആ സെക്ഷൻ ചെയ്യുക എന്നത് എളുപ്പമായിരുന്നു. കല്യാണിയുടെ ആക്ഷൻസിന് കൃത്യമായ രീതിയിൽ റിയാക്ട് ചെയ്യുക എന്ന് മാത്രമായിരുന്നു എന്റെ ഡ്യൂട്ടി.
'സജിയേട്ടൻ സേഫല്ല', വ്യത്യസ്ത വേഷങ്ങൾ, സിനിമകൾ
തരംഗത്തിലാണ് ആദ്യമായി ക്യാരക്ടർ റോൾ ചെയ്യുന്നത്. ഇപ്പോൾ എട്ടു വർഷങ്ങൾക്ക് ശേഷം അതേ സംവിധായകനൊപ്പം വർക്ക് ചെയ്യുമ്പോൾ ഇതിനിടയിൽ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർ സ്വീകരിച്ചെന്നതിൽ സന്തോഷമുണ്ട്. ജാൻ എ മന്നിലെ സജി എന്ന ഗുണ്ടയ്‌ക്കൊപ്പം നടക്കുന്ന കണ്ണൻ എന്ന ഗുണ്ടയുടെ വേഷം ഒരു ഐഡന്റി തന്നു. ഇപ്പോഴും പലരും എന്റെ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നു. അതുപോലെ പൂക്കാലത്തിലെ പള്ളിലച്ഛൻ, കണ്ണൂർ സ്‌ക്വഡിലെ വിനോദ് എന്ന സൈബർ സെൽ ഉദ്യോഗസ്ഥൻ, പ്രണയവിലാസത്തിൽ തെയ്യം കലാകാരൻ, കൊണ്ടലിലെ സ്ത്രൈണ സ്വഭാവമായുള്ള പണ്ടാരി, അങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യാൻ സാധിച്ചു. ജാൻ എ മന്നിലെ പാലക്കാട് സ്ലാങ് പോലെ ജയ ജയ ജയ ജയഹേയിൽ കൊല്ലം സ്ലാങ്, പ്രണയ വിലാസത്തിൽ കണ്ണൂർ സ്ലാങ്, കൊറോണ ധവാനിൽ തൃശൂർ സ്ലാങ് ഇതെല്ലാം ചെയ്യാൻ കഴിഞ്ഞു. ഈ ചെറിയ കാലയളവിൽ ഇങ്ങനെ കിട്ടുക എന്നത് തന്നെ വലിയൊരു സന്തോഷം നൽകുന്ന കാര്യമാണ്. ഒപ്പം ഒരുപാട് നല്ല ആർട്ടിസ്റ്റുമാർക്കൊപ്പവും സംവിധായകർക്കൊപ്പവും വർക്ക് ചെയ്യാൻ കഴിഞ്ഞു. ലെജന്റായ മമ്മൂക്കയ്‌ക്കൊപ്പം കണ്ണൂർ സ്‌ക്വാഡിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. പ്രൊമോഷൻ ഇന്റർവ്യൂവിന്‍റെ ഭാഗമായി ഇരുന്നപ്പോൾ എന്റെ പെർഫോമൻസിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ മുന്നോട്ടുള്ള യാത്രയിൽ അതെല്ലാം പ്രചോദനമാണ്. അതോടൊപ്പം മാത്യു, പെപ്പെ, ടോവിനോ, ബേസിൽ, അർജുൻ അശോകൻ, വിജയ രാഘവൻ സാർ, കല്യാണി, ദിലീപേട്ടൻ, ദർശന തുടങ്ങിയവർക്കൊപ്പമെല്ലാം വർക്ക് ചെയ്തു.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലെ രാജേഷ്
നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന ചിത്രമാണ് എന്റേതായി ഇനി റിലീസിന് എത്താനുള്ള ചിത്രം. കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തിയിലെ ഒരു സാങ്കൽപ്പിക ഗ്രാമമായ നെല്ലിക്കാംപൊയിലും അവിടെയുള്ള മനുഷ്യരുടെയും കഥയാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്. മാത്യു തോമസ്, റോഷൻ ഷാനവാസ്, വിഷ്ണു അഗസ്ത്യ, അബു സലിം, റോണി, മീനാക്ഷി തുടങ്ങി വലിയൊരു താരനിര തന്നെ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിൽ അണിനിരക്കുന്നുണ്ട്. സാധാരണക്കാരനായ, ഓട്ടോ ഓടിച്ചു ജീവിക്കുന്ന രാജേഷ് എന്ന കഥാപത്രമാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്നത്.