ആരാണ് പെഹല്‍ഗാമിലെ ഭീകരര്‍, അവര്‍ എവിടന്ന് വന്നു, ആക്രമണശേഷം എങ്ങോട്ട് രക്ഷപ്പെട്ടു?

Published : May 24, 2025, 05:26 PM IST
ആരാണ് പെഹല്‍ഗാമിലെ ഭീകരര്‍, അവര്‍ എവിടന്ന് വന്നു, ആക്രമണശേഷം എങ്ങോട്ട് രക്ഷപ്പെട്ടു?

Synopsis

പാക്കിസ്താന്‍ സൈന്യവും ചാരസംഘടനയായ ഐ എസ് ഐയുമാണ് കശ്മീരിലെ പല ഗ്രാമങ്ങളില്‍നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവര്‍ക്ക് പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലായിരുന്നു പരിശീലനം നല്‍കിയത്.

അറിയുമോ, കശ്മീരില്‍ മുന്‍ ഭീകരര്‍ അംഗങ്ങളായ ഒരു പൊലീസ് സേനയുണ്ട്. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ സൈന്യത്തെ സഹായിക്കുകയാണ് ആ പൊലീസ് സേന. തോക്ക് താഴെവെച്ച് കീഴടങ്ങിയ അവര്‍ നല്‍കുന്ന വിവരങ്ങള്‍ കൂടി വെച്ചാണ് നമ്മുടെ സൈന്യം അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. കരസേനയിലെ അസം റെജിമെന്റില്‍ നിന്നും വിരമിച്ച മേജര്‍ ജനറല്‍ എം വിനയ ചന്ദ്രനാണ് കശ്മീരിലെ ഭികരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിയാക്കഥകള്‍ വിശദീകരിച്ചത്.  ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ചരിത്രമുണ്ട്. പല കാലങ്ങള്‍ കൊണ്ട് അതിന്റെ സ്വഭാവം ഏറെ മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പാക്കിസ്താന്‍ സൈന്യവും ചാരസംഘടനയായ ഐ എസ് ഐയുമാണ് കശ്മീരിലെ പല ഗ്രാമങ്ങളില്‍നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവര്‍ക്ക് പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലായിരുന്നു പരിശീലനം നല്‍കിയത്. അതീവരഹസ്യമായി അതിര്‍ത്തി കടന്ന് നമ്മുടെ രാജ്യത്തെത്തുന്ന ഇവര്‍ ഭീകര സംഘടനാ നേതാക്കളുടെ നിര്‍ദേശപ്രകാരം ആക്രമണം നടത്തുകയാണ് പതിവ്. പണമായിരുന്നു ഇതിനുള്ള പ്രതിഫലം. നുണപ്രചാരണങ്ങളിലൂടെ ആശയപ്രചാരണം നടത്തുകയും പതിവായിരുന്നു. എന്നാല്‍, പിന്നീട് ഈ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്ന് മനസ്സിലാകുമ്പോള്‍ ഈ ചെറുപ്പക്കാര്‍ ആയുധം വെച്ച് കീഴടങ്ങും. പാക് സൈന്യം പണം കൊടുക്കാതാവുകയും വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതും അതിനു കാരണമായി. ഇങ്ങനെ കീഴടങ്ങുന്ന മുന്‍ ഭീകരരെ ഉപയോഗിച്ചാണ് കശ്മീരില്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സേന പ്രവര്‍ത്തിക്കുന്നതെന്നും   മേജര്‍ ജനറല്‍ എം വിനയ ചന്ദ്രന്‍ പറഞ്ഞു. 

 

വാര്‍ ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം:

 

തിരുവനന്തപുരത്ത് ജനിച്ച മേജര്‍ ജനറല്‍ എം വിനയചന്ദ്രന്‍ കഴക്കൂട്ടം സൈനിക് സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. അസം റെജിമെന്റില്‍ ഇന്‍ഫന്‍ട്രി റെജിമെന്റല്‍ ഓഫീസറായായിരുന്നു തുടക്കം. 1982 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചു. 2025 മുതല്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയരക്ടേററ്റിലായിരുന്നു അദ്ദേഹം.  

അസം റൈഫിള്‍സില്‍ ഐജിയായിരിക്കെ നോര്‍ത്ത് ഈസ്റ്റിലെ 23 ജില്ലകളില്‍ ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കി. മിലിറ്ററി ഓപ്പറേഷന്‍സ് ഡയരക്ടര്‍ എന്ന നിലയില്‍ ചൈനയുമായി രണ്ട് വാര്‍ഷിക പ്രതിരോധ ഡയലോഗുകള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ചൈനയുമായി നടന്ന ആദ്യ സംയുക്ത സൈനിക പരിശീലന പരിപാടിയുടെ സംഘാടകനായിരുന്നു അദ്ദേഹം. ചൈനയുമായുള്ള ലൈന്‍ ഓഫ് കണ്‍ട്രോള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായിരുന്നു.  

സ്ട്രാറ്റജിക് ആന്റ് ഡിഫന്‍സ് സ്റ്റഡീസില്‍ എംഎസ്സി, എം ഫില്‍. ഹോങ്കോംഗ് ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ചൈനയുമായി ബന്ധപ്പെട്ട് സര്‍ടിഫിക്കറ്റ് കോഴ്സുകള്‍. ചൈന -നേപ്പാള്‍ ബന്ധത്തെക്കുറിച്ച് മദ്രാസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി അന്തിമ ഘട്ടത്തിലാണ്. 

റിട്ടയര്‍ ചെയ്യുന്നതിന് രണ്ടു വര്‍ഷം മുമ്പ് നാഷനല്‍ ഡിഫന്‍സ് കോളജില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെയും വിദേശത്തെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും ക്ലാസുകള്‍ എടുത്തു. 2019-ല്‍ വിരമിച്ചശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. 

ഡിഫന്‍സ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലും  ജേണലുകളിലും എഴുതുന്നുണ്ട്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകളില്‍ പാനല്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.


 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്