
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യിൽ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും അഭിഷേക് ശർമ്മയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മോശം ഫോമിലായിരുന്ന അഭിഷേകിന് പകരം മറ്റ് താരങ്ങൾക്ക് അവസരം നൽകണമായിരുന്നു എന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തൽ.
ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 32 പന്തിൽ 82 റൺസെടുത്ത് അഭിഷേക് ഇന്ത്യയുടെ 7 വിക്കറ്റ് വിജയത്തിന് വഴിയൊരുക്കിയിരുന്നു. 7 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിംഗ്സ്. എന്നാൽ, ഈ മത്സരത്തിന് മുമ്പുള്ള ആറ് ടി20 ഇന്നിംഗ്സുകളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായിരുന്നത്. സമീപകാല ഫോം വെച്ച് നോക്കുകയാണെങ്കിൽ അഭിഷേക് ശർമ്മ ഈ മത്സരത്തിൽ കളിക്കേണ്ടതായിരുന്നില്ലെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എന്നാൽ അഫ്ഗാനിസ്ഥാനെതിരെ അവൻ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. മുൻപത്തെ ആറ് ഇന്നിംഗ്സുകളിൽ റൺസൊന്നും എടുത്തില്ലെങ്കിലും, ഈ 82 റൺസ് മാത്രമായിരിക്കും എല്ലാവരും ഓർത്തു വെക്കുക. ബാക്കിയുള്ളതെല്ലാം എല്ലാവരും മറക്കും-ശ്രീകാന്ത് കൂട്ടിച്ചേർത്തു. സിംബാബ്‌വെ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് ആയ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് അഭിഷേക് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.അതേസമയം, ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനായി 270 റൺസും 80 റൺസും അടിച്ച് ടീമിന് കിരീടം നേടിക്കൊടുത്ത ഇഷാൻ കിഷനെ ശ്രീകാന്ത് വാനോളം പുകഴ്ത്തി.
ദുലീപ് ട്രോഫി ഫൈനലിൽ 270 റൺസ് അടിക്കുക എന്നത് അവിശ്വസനീയമായ കാര്യമാണ്. അവൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ പൂർണ്ണ യോഗ്യനാണ്. എല്ലാ ഫോർമാറ്റിലും റൺസ് കണ്ടെത്തുന്ന ഇഷാനെ ടെസ്റ്റ് ടീം സെലക്ഷനിൽ ഉറപ്പായും പരിഗണിക്കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ 33 പന്തിൽ 42 റൺസെടുത്ത് ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!