വിജയറണ്ണിന് പിന്നാലെ അടക്കിവച്ചിരുന്ന കണ്ണീരെല്ലാം പുറത്തേക്ക്! തന്‍റെ 50ലും 100ലും അല്ല കാര്യം, ഇന്ന് ഇന്ത്യയെ വിജയിപ്പിക്കാനുള്ള ദിവസമെന്ന് ജെമീമ

Published : Oct 30, 2025, 11:46 PM IST
Jemimah Rodrigues

Synopsis

വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിച്ച ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ചുറി. 339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ പുറത്താകാതെ 127 റൺസ് നേടിയ ജെമീമ,  കഠിനമായ സമയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

മുംബൈ: തളാരാത്ത പോരാട്ടവീര്യവുമായി ടീം ഇന്ത്യയെ വനിതാ ലോകകപ്പ് ഫൈനലിൽ എത്തിച്ചതിന് പിന്നാലെ കണ്ണീരണിഞ്ഞ് ജെമീമ റോഡ്രിഗസ്. വിജയ റണ്‍ നേടിയ ശേഷവും മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള പ്രതികരണത്തിലും ജെമീമ റോഡ്രിഗസ് വികാരഭരിതയായി. 339 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി, പുറത്താകാതെ നേടിയ 127 റൺസ് നേടിയാണ് ജെമീമയുടെ ടീമിനെ മുന്നോട്ട് നയിച്ചത്. 13 റൺസെടുക്കുന്നതിനിടെ ഷഫാലി വർമ്മ പുറത്തായതോടെ ഇന്ത്യ ആദ്യമേ പ്രതിരോധത്തിലായി. ഈ ഘട്ടത്തിലാണ് ജെമീമ ക്രീസിലെത്തിയത്. സ്മൃതി മന്ദാനയുമായി ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച ജെമീമ, പിന്നീട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.

ജെമീമ-ഹർമൻപ്രീത് സഖ്യം 167 റൺസാണ് രണ്ടാം വിക്കറ്റിൽ അടിച്ചെടുത്തത്. 115 പന്തുകളിൽ ജെമീമ തന്‍റെ സെഞ്ചുറി തികച്ചു. എന്നാൽ, ആ നിമിഷം പോലും ജോലി പൂർത്തിയായിരുന്നില്ല, കാരണം ഇന്ത്യയ്ക്ക് അപ്പോഴും 100-ൽ അധികം റൺസ് വേണ്ടിയിരുന്നു. ദീപ്തി ശർമ്മയും റിച്ച ഘോഷും റൺ നിരക്ക് ഉയർത്തിയപ്പോൾ, ജെമീമ ഒരറ്റത്ത് ഉറച്ചുനിന്ന് ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. ഒടുവിൽ അമൻജോത് കൗറിനൊപ്പം വിജയം ഉറപ്പിച്ച റൺസ് നേടിയതോടെ, ജെമീമ ആഹ്ലാദത്തിമിർപ്പിലായി. അമൻജോതിനൊപ്പം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ വികാരാധീനയായ ജെമീമ കണ്ണീരണിഞ്ഞു. ടീമംഗങ്ങൾ ഓടിയെത്തി താരത്തെ ആലിംഗനം ചെയ്ത് ആഘോഷത്തിൽ പങ്കുചേർന്നു.

ദൈവത്തിന് നന്ദി പറഞ്ഞ് ജെമീമ

വിജയത്തിന് ശേഷം സംസാരിക്കവെ, ജെമീമ തന്‍റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചു. ഈ നേട്ടം ദൈവത്തിന്‍റെ സഹായമില്ലാതെ തനിക്ക് പൂർത്തിയാക്കാൻ കഴിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു. "ഒന്നാമതായി, ഞാൻ യേശുവിന് നന്ദി പറയുന്നു. എനിക്ക് ഇത് ഒറ്റയ്ക്ക് താങ്ങാൻ കഴിയില്ലായിരുന്നു. അവിടുത്തേയ്ക്ക് നന്ദി. എന്‍റെ അച്ഛനും അമ്മയ്ക്കും എന്നെ താങ്ങിയ എല്ലാവർക്കും നന്ദി. കഴിഞ്ഞ ആറ് മാസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു," ജെമീമ പറഞ്ഞു.

മൂന്നാം നമ്പറിൽ ബാറ്റിംഗിന് എത്തിയതിനെ കുറിച്ചും താരം വാചാലയായി. യഥാർത്ഥത്തിൽ താൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നില്ല. ഞാൻ ഷവർ എടുക്കുമ്പോൾ തന്‍റെ നമ്പർ അഞ്ചിൽ തന്നെയായിരുന്നു. ചർച്ച നടക്കുമ്പോൾ, അറിയിച്ചാൽ മതിയെന്ന് അവരോട് പറഞ്ഞു. അതിനാൽ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയുന്നത്. പക്ഷേ തന്നെക്കുറിച്ച് ചിന്തിച്ചില്ല. ഇതൊരു പോയിന്‍റ് തെളിയിക്കാനായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി ഈ മത്സരം ജയിക്കാൻ വേണ്ടിയായിരുന്നു. കാരണം ചില സാഹചര്യങ്ങളിൽ ഞങ്ങൾ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ വേണ്ടി അവിടെ നിൽക്കണമെന്ന് ആഗ്രഹിച്ചുവെന്ന് ജെമീമ പറയുന്നു.

തന്‍റെ 50നോ 100നോ ഉള്ള ദിവസമായിരുന്നില്ല. ഇന്ന് ഇന്ത്യയെ വിജയിപ്പിക്കാനുള്ള ദിവസമായിരുന്നു. തനിക്ക് കുറച്ച് അവസരങ്ങൾ ലഭിച്ചുവെന്നറിയാം. പക്ഷേ ദൈവം എല്ലാം ശരിയായ സമയത്ത്, ശരിയായ ഉദ്ദേശത്തോടെ, ശുദ്ധമായ ഉദ്ദേശത്തോടെ നൽകിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇതിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സംഭവിച്ചത് എന്ന് തോന്നുന്നു. കഴിഞ്ഞ തവണ തന്നെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വർഷം അവസരം ലഭിച്ചപ്പോൾ ശ്രമിക്കാം എന്ന് തന്നെ കരുതി. ഈ ടൂറിലുടനീളം താൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞു. മാനസികമായി മികച്ച അവസ്ഥയിൽ ആയിരുന്നില്ല. ഒരുപാട് ഉത്കണ്ഠയിലൂടെ കടന്നുപോവുകയായിരുന്നുവെന്നും ജെമീമ കൂട്ടിച്ചേർത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?