ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിൽ അര്‍ധസെഞ്ചുറിയിലെത്തി.
ബനോനി:ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറികളുമായി ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റൻ വൈഭവ് സൂര്യവന്‍ഷിയും മലയാളി താരം ആരോണ്‍ ജോര്‍ജും. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19നെതരായ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. 91 പന്തില്‍ 100 റണ്‍സുമായി ആരോണ്‍ ജോര്‍ജും 5 റണ്‍സുമായി വേദാന്ത് ത്രിവേദിയും ക്രീസിൽ. 74 പന്തില്‍ 127 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിൽ അര്‍ധസെഞ്ചുറിയിലെത്തി. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് ഇതുവരെ 9 ഫോറും 10 സിക്സും പറത്തി 74 പന്തില്‍ 127 റണ്‍സെടുത്ത് പുറത്തായി.
വൈഭവിനൊപ്പം തകര്‍ത്തടിച്ച ആരോണ്‍ ജോര്‍ജും മോശമാക്കിയില്ല. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആരോൺ 91 പന്തില്‍ സെഞ്ചുറിയിലെത്തി. 15 ബൗണ്ടറികളാണ് ആരോൺ പറത്തിയത്. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിന് പുറമെ മലയാളി താരം മുഹമ്മദ് ഇനാനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവംശി(ക്യാപ്റ്റൻ),വേദാന്ത് ത്രിവേദി,അഭിഗ്യാൻ കുണ്ടു,ഹർവൻഷ് പംഗലിയ,ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ,മുഹമ്മദ് എനാൻ, ഹെനിൽ പട്ടേൽ, ഉദ്ധവ് മോഹൻ, കിഷൻ കുമാർ സിംഗ്.


