സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് 74 പന്തില്‍127 റണ്‍സെടുത്ത് പുറത്തായി ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ജോര്‍ജിനൊപ്പം 25.4 ഓവറില്‍ 227 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വൈഭവ് പുറത്തായത്.

ബനോനി:ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് കൂര്റൻ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ വൈഭവ് സൂര്യവന്‍ഷിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്തു. 74 പന്തില്‍ 127 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ആരോണ്‍ ജോർജ് 106 പന്തില്‍ 118 റണ്‍സടിച്ചു. വാലറ്റത്ത് മലയാളി താരം മുഹമ്മദ് ഇനാന്‍ 19 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന് ബാറ്റിംഗില്‍ തിളങ്ങി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിൽ അര്‍ധസെഞ്ചുറിയിലെത്തി. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് 74 പന്തില്‍127 റണ്‍സെടുത്ത് പുറത്തായി ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ജോര്‍ജിനൊപ്പം 25.4 ഓവറില്‍ 227 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വൈഭവ് പുറത്തായത്. 9 ഫോറും 10 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്.

വൈഭവിനൊപ്പം തകര്‍ത്തടിച്ച ആരോണ്‍ ജോര്‍ജും മോശമാക്കിയില്ല. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആരോൺ 85 പന്തില്‍ സെഞ്ചുറിയിലെത്തി. 16 ബൗണ്ടറികളാണ് ആരോൺ പറത്തിയത്. ഇരുവരും പുറത്തായശേഷം വേദാന്ത് ത്രിവേദി(34), അഭിഗ്യാന്‍ കണ്ഡു(21)എന്നിവര്‍ വലിയ സ്കോര്‍ നേടാതെ മടങ്ങിയെങ്കിലും വാലറ്റത്ത് മുഹമ്മദ് ഇനാനും ഹെനില്‍ പട്ടേലും(19*) ചേര്‍ന്ന് ഇന്ത്യയെ 393 റണ്‍സിലെത്തിച്ചു.

നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിന് പുറമെ മലയാളി താരം മുഹമ്മദ് ഇനാനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവംശി(ക്യാപ്റ്റൻ),വേദാന്ത് ത്രിവേദി,അഭിഗ്യാൻ കുണ്ടു,ഹർവൻഷ് പംഗലിയ,ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ,മുഹമ്മദ് എനാൻ, ഹെനിൽ പട്ടേൽ, ഉദ്ധവ് മോഹൻ, കിഷൻ കുമാർ സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക