
റാവല്‍പിണ്ടി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടാനാവാതെ പാകിസ്ഥാന്‍ താരം ബാബര്‍ അസം 800 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ 51 പന്തില്‍ 29 റണ്‍സുമായിട്ടാണ് മടങ്ങിയത്. ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെ പന്തില്‍ ബൗള്‍ഡായ ബാബര്‍ മൂന്ന് ബൗണ്ടറികള്‍ നേടിയിരുന്നു. 83 ഇന്നിംഗ്സുകള്‍ക്ക് മുമ്പാണ് ബാബര്‍ ബാബര്‍ അവസാനമായി മൂന്നക്ക സ്‌കോര്‍ നേടിയത്. 2023 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ സെഞ്ച്വറി ആയിരുന്നു അത്.
ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സുകള്‍ കളിച്ച വിരാട് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍. ഏഷ്യന്‍ ബാറ്റ്സ്മാന്‍മാരില്‍, 87 ഇന്നിംഗ്സുകള്‍ സെഞ്ചുറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്. തുടക്കത്തില്‍ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തോടെയാണ് ബാബര്‍ തുടങ്ങിയത്. എന്നാല്‍ നന്നായി തുടങ്ങിയ ശേഷം സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. പിന്നീട് ഹസരങ്കയുടെ ഗൂഗ്ലി താരത്തിന് മനസിലാക്കാന്‍ സാധിച്ചില്ല. ബൗള്‍ഡ്. കളിക്കാന്‍ സാധിക്കാത്ത ഒരു പന്ത് എന്ന് തന്നെ പറയാം. വീഡിയോ കാണാം...
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. സെയിം അയൂബിന്റെ (6) വിക്കറ്റ് പാകിസ്ഥാന് തുടക്കത്തില്‍ തന്നെ നഷ്ടമായി. അഷിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രം. പിന്നീട് ബാബര്‍ - ഫഖര്‍ സമാന്‍ (32) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പൊടുന്നനെ പാകിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഫഖര്‍ സമാന്‍, റിസ്വാന്‍, ബാബര്‍ അസം എന്നിവര്‍ ഹസരങ്കയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സമാനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. റിസ്വാന്‍ ആവട്ടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ നാലിന് 95 എന്ന നിലയിലായി ആതിഥേയര്‍.
തുടര്‍ന്ന് അഗ - താലാത് സഖ്യം കൂട്ടിചേര്‍ത്ത 138 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 44-ാം ഓവറില്‍ താലാത് മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ അഗ സെഞ്ചുറി പൂര്‍ത്തിയാക്കി. 23 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് നവാസിനൊപ്പം 66 റണ്‍സ് ചേര്‍ക്കാന്‍ അഗയ്ക്ക് സാധിച്ചിരുന്നു. 87 പന്തുകള്‍ നേരിട്ട അഗ ഒമ്പത് ബൗണ്ടറികള്‍ നേടി. ലങ്കയ്ക്ക് വേണ്ടി ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!