
സിൽഹെറ്റ്: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 78 റണ്‍സ് ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ചരിത്രംകുറിച്ച് ബംഗ്ലാദശ്. സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 437 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍റെ പോരാട്ടം അഞ്ചാം ദിനം 358 റൺസിൽ അവസാനിച്ചു. മുഹമ്മദ് റിസ്‌വാന്‍റെ (94) ഒറ്റയാൾ പോരാട്ടത്തിനും പാകിസ്ഥാനെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായില്ല. നാട്ടില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോള്‍ തോൽവിയോടെ പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് വീണു. സ്കോര്‍, ബംഗ്ലാദേശ്: 278,390, പാകിസ്ഥാൻ: 232,358
മഴ കാരണം വൈകി ആരംഭിച്ച അഞ്ചാം ദിനം, 316 ന് 7 എന്ന നിലയിലാണ് പാകിസ്ഥാൻ കളി പുനരാരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും 75 റൺസുമായി ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ പാകിസ്ഥാന് സമനില പ്രതീക്ഷ നൽകിയിരുന്നു. സജിദ് ഖാനൊപ്പം ചേർന്ന് റിസ്‌വാൻ സ്കോർ 350 കടത്തി. എന്നാൽ അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം, സജിദ് ഖാനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറിക്ക് 6 റൺസ് അകലെ ഷൊറീഫുൽ ഇസ്ലാമിന്‍റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി റിസ്‌വാൻ (94) പുറത്തായതോടെ പാകിസഥാന്‍റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. വാലറ്റത്തെക്കൂടി തൈജുൽ ഇസ്ലാം (6 വിക്കറ്റ്) പിഴുതതോടെ ബംഗ്ലാദേശ് ചരിത്രവിജയം ആഘോഷിച്ചു.
ആദ്യദിനം ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ച പാകിസ്ഥാൻ, ഒരു ഘട്ടത്തിൽ ബംഗ്ലാദേശിമെ 118 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിട്ടെങ്കിലും ലിറ്റൺ ദാസ് നേടിയ സെഞ്ചുറി (126) ബംഗ്ലാദേശിനെ 278 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 232 റൺസിന് പുറത്തായി. മടങ്ങിവരവിൽ ബാബർ അസം (68) മാത്രമാണ് തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ മുഷ്ഫിഖുർ റഹീമിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ (137) കരുത്തിൽ ബംഗ്ലാദേശ് 390 റൺസ് അടിച്ചുകൂട്ടിയതോടെ പാകിസ്ഥാന്‍റെ കൈകളിൽ നിന്ന് കളി പൂർണ്ണമായും നഷ്ടമായി. മുഷ്ഫിഖുർ റഹീം ആണ് പരമ്പരയുടെ താരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 4 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത ടെസ്റ്റ് പരമ്പര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!