
ധാക്ക: താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം തുടങ്ങി. 2026 ടി20 ലോകകപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് വഷളായ ബന്ധം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പുതിയ കായിക മന്ത്രി അമിനുല്‍ ഹഖ് വ്യക്തമാക്കി. ചുമതലയേറ്റ ഉടന്‍ തന്നെ അമിനുല്‍ ഹഖ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകാലത്ത് ബിസിബി ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത രീതിയെ മന്ത്രി വിമര്‍ശിച്ചു. മുന്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്താകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
2024 ഡിസംബറില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് യൂനസ് സര്‍ക്കാര്‍ തീരുമാനിച്ചു. 'സുരക്ഷാ കാരണങ്ങള്‍' പറഞ്ഞ് ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് ബംഗ്ലാദേശിന്റെ ബഹിഷ്‌കരണത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കിയെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റി ഇന്ത്യക്കെതിരെ കളിച്ചിരുന്നു.
അവാമി ലീഗ് അനുഭാവികളായ മുന്‍ ക്യാപ്റ്റന്‍മാര്‍ ഷാക്കിബ് അല്‍ ഹസന്‍, മഷ്‌റഫെ ബിന്‍ മോര്‍ത്തസ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ പരിഹരിക്കാനും അവരെ ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാനും തനിക്ക് താല്‍പര്യമുണ്ടെന്ന് അമിനുല്‍ ഹഖ് സൂചിപ്പിച്ചു. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ നേരിടുന്നതിനാല്‍ ഷാക്കിബിന് രാജ്യത്തേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നിലവിലെ ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓസ്ട്രേലിയയിലേക്ക് പോയിരിക്കുകയാണ്. ക്രിക്കറ്റ് ബോര്‍ഡില്‍ ഉടന്‍ തന്നെ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കായിക മന്ത്രി ഉറപ്പുനല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!