സെഞ്ചുറി പൂര്‍ത്തിയാക്കി വിരാട് കോലി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Published : Nov 30, 2025, 04:26 PM IST
Virat Kohli

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോലി തകർപ്പൻ സെഞ്ചുറി നേടി. കോലിയുടെ 52-ാം ഏകദിന സെഞ്ചുറിയാണിത്.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി വിരാട് കോലി. റാഞ്ചിയില്‍ 103 റണ്‍സുമായി കോലി ബാറ്റിംഗ് തുടരുന്നു. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (17) ക്രീസിലുണ്ട്. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയും മികച്ച് പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ രണ്ട് വിക്കറ്റെടുത്തു.

അത്ര നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാളിന്റെ (18) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവരില്‍ നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. മാത്രമല്ല, രോഹിത് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് അവസരം ടോണി ഡി സോര്‍സി നിലത്തിടുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ രോഹിത് - കോലി സഖ്യം 136 റണ്‍സ് കൂട്ടിചേര്‍ത്തു. 22-ാം ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ബാര്‍ട്ട്മാനായിരുന്നു വിക്കറ്റ്. അഞ്ചാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (13) നിരാശപ്പെടുത്തിയതോടെ നാലിന് 200 എന്ന നിലയിലായി ഇന്ത്യ. വൈകാതെ കോലി സെഞ്ചുറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. അഞ്ച് സിക്‌സും ഏഴ് ഫോറും കോലി ഇതുവരെ നേടിയിട്ടുണ്ട്. ഏകദിന കരിയറില്‍ അദ്ദേഹത്തിന്റെ 52-ാം സെഞ്ചുറിയാണിത്.

നേരത്തെ റിഷഭ് പന്ത്, തിലക് വര്‍മ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദ് നാലാമനായി ക്രീസിലെത്തി. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍. രോഹിത്, കോലി എന്നിവര്‍ക്കൊപ്പം താരമായ രവീന്ദ്ര ജഡേജയും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, പ്രണേലന്‍ സുബ്രയന്‍, നാന്ദ്രെ ബര്‍ഗര്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്