
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി മുഹമ്മദ് ഷമി. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മത്സരത്തില്‍ ഒന്നാകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയുടെ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ ബംഗാള്‍ 141 റണ്‍സിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് 185 റണ്‍സെടുക്കാനാണ് സാധിച്ചത്. ബംഗാളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നത്. ആദ്യ മത്സരത്തില്‍ ബംഗാള്‍, ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചിരുന്നു. അന്ന് ഷമി ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് വേണ്ടി ഉര്‍വില്‍ പട്ടേല്‍ (പുറത്താവാതെ 109) സെഞ്ചുറി നേടി. 45 റണ്‍സെടുത്ത ജയ്മീത് പട്ടേലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആര്യ ദേശായിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ഷമിക്ക് പുറമെ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗാള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 279ന് പുറത്തായിരുന്നു. സുമന്ത് ഗുപ്ത (63), സുദീപ് കുമാര്‍ ഗരാമി (56), അഭിഷേക് പോറല്‍ (51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 167ന് പുറത്തായി. 80 റണ്‍സെടുത്ത മനന്‍ ഹിംഗ്രാജിയ മാത്രാണ് ഗുറാത്തിന് വേണ്ടി തിളങ്ങിയത്. ഷഹബാസ് ആറും ഷമി മൂന്നും വിക്കറ്റ് നേടി. 112 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ബംഗാള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബംഗാള്‍ എട്ടിന് 214 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. സുദീപ് കുമാര്‍ (54), അനുസ്തൂപ് മജുംദാര്‍ (58) എന്നിവര്‍ തിളങ്ങി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 185ന് പുറത്തായി.
അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ഷമി. ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിനോട് ഷമി പരസ്യമായി പ്രതികരിച്ചു. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ക്ക് എതിരെയാണ് ഷമി സംസാരിച്ചത്. ഷമി ഫിറ്റല്ലെന്നും അതുകൊണ്ടാണ് പരിഗണിക്കാത്തതെന്നും അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അഗാര്‍ക്കര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും താന്‍ ഫിറ്റാണോ എന്ന് ഈ മത്സരം കണ്ട നിങ്ങള്‍ക്കെല്ലാം ബോധ്യമായല്ലോയെന്നും ഷമി ജാര്‍ഖണ്ഡിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ചും ഫിറ്റ്‌നെസിനെക്കുറിച്ചുമൊക്കെ ഷമി തന്നോട് പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ മറുപടി നല്‍കാമായിരുന്നുവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!