ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ബൗണ്ടറി ലൈനിന് പുറത്തുണ്ടായിരുന്ന ക്യാമറാമാന്റെ ദേഹത്ത് പതിച്ചു.
അഹമ്മദാബാദ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയര്‍ രോഹന്‍ പണ്ഡിറ്റിന് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഷോട്ടിലാണ് അംപയര്‍ക്ക് പരിക്കേല്‍ക്കുന്നത്. സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറുടെ വലത് മുട്ടുകാലില്‍ തട്ടുകയായിരുന്നു. മത്സരത്തില്‍ സഞ്ജു 22 പന്തില്‍ 37 റണ്‍സുമായി പുറത്തായിരുന്നു. ഇതിനിടെയുള്ള ഒരു ഷോട്ടാണ് അംപയറുടെ കാലില്‍ പതിക്കുന്നത്.
അംപയര്‍ക്ക് മാത്രമല്ല, ക്യമറാമാനും കിട്ടി ഒരു അടി. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ ഷോട്ടാണ് ക്യാമറാമാന്റെ ദേഹത്ത് പതിഞ്ഞത്. അതും നേരിട്ട ആദ്യ പന്ത് തന്നെ ഹാര്‍ദിക് ലോംഗ് ഓണിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് പുറത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്റെ കയ്യിലാണ് പന്ത് കൊണ്ടത്. എന്നാല്‍ വലിയ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ഫിസിയോ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ആദ്യ ഇന്നിംഗ്‌സിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, ക്യാമറാമാനെ നേരിട്ട് കാണുകയും ചെയ്തു. ചില പോസ്റ്റുകള്‍ വായിക്കാം...
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20യില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടുന്ന താരമായി ഹാര്‍ദിക് പാണ്ഡ്യ. അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 25 പന്തില്‍ 63 റണ്‍സാണ് നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്. ഇതില്‍ 16 പന്തുകള്‍ക്കിടെ താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം യുവരാജ് സിംഗാണ്. 2007 പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഡര്‍ബനിലായിരുന്നു മത്സരം.
ഹാര്‍ദികിന്റെ വരവോടെ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് വീണു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ മുംബൈ, വാംഖഡെയില്‍ 17 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്ത്. 2021ല്‍ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 18 പന്തില്‍ താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, രാഹുലിനൊപ്പമുണ്ട്. 2022ല്‍ ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 18 പന്തിലാണ് സൂര്യ അര്‍ധ സെഞ്ചുറി നേടിയത്.
ഡോണോവന്‍ ഫെരേര എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു കളിച്ച ഷോട്ട് അംപയറുടെ ദേഹത്ത് തട്ടുന്നത. സഞ്ജുവിന്റെ കൈകരുത്തിന്റെ ചൂടറിഞ്ഞ ഷോട്ടില്‍ ഫെരേരയ്ക്ക് റിയാക്റ്റ് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ കൈകളിലൂടെ ഊര്‍ന്നിറങ്ങിയ പന്ത് അംപയറുടെ കാലില്‍ പതിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ അംപയര്‍ക്ക് ഗ്രൗണ്ടില്‍ നില്‍ക്കാന്‍ പോലും സാധിച്ചില്ല. ഗ്രൗണ്ടില്‍ കിടന്ന അദ്ദേഹത്തിന് മെഡിക്കല്‍ സഹായം വേണ്ടിവന്നു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. സഞ്ജുവും അംപയര്‍ക്ക് കൂടെ നില്‍ക്കുന്നത് കാണാമായിരുന്നു.

