പരിക്കിനോട് പോകാന്‍ പറ; ഇടംകൈയനായി നിന്ന് ഒറ്റകൈ കൊണ്ട് വിഹാരിയുടെ അവിശ്വസനീയ ബാറ്റിംഗ്!

Published : Feb 02, 2023, 04:27 PM ISTUpdated : Feb 02, 2023, 04:31 PM IST
പരിക്കിനോട് പോകാന്‍ പറ; ഇടംകൈയനായി നിന്ന് ഒറ്റകൈ കൊണ്ട് വിഹാരിയുടെ അവിശ്വസനീയ ബാറ്റിംഗ്!

Synopsis

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലിനിടെ കൈക്ക് പരിക്കേറ്റിട്ടും രണ്ടാം ഇന്നിംഗ്സിലും വീണ്ടും ബാറ്റിംഗിനിറങ്ങി കയ്യടി വാങ്ങുകയാണ് ആന്ധ്രാ ക്യാപ്റ്റന്‍ ഹനുമാ വിഹാരി

ഇന്‍ഡോർ: പരിക്കിനെ അവഗണിച്ചുള്ള ഐതിഹാസിക ബാറ്റിംഗ്, 2021 ജനുവരിയിലെ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യക്ക് വിജയത്തോളം തിളക്കമുള്ള സമനില സമ്മാനിച്ച ചരിത്രമുള്ള താരമാണ് ഹനുമാ വിഹാരി. അന്ന് പരിക്ക് പലകുറി വലച്ചിട്ടും 161 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ വിഹാരിയുടെ ഇന്നിംഗ്സ് ക്രിക്കറ്റ് പ്രേമികളുടെ മനസിലുടക്കിയിരുന്നു. അതേ വിഹാരിയുടെ പോരാട്ടവീര്യമാണ് രഞ്ജി ട്രോഫിയിലും ഇപ്പോള്‍ കാണുന്നത്. 

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലിനിടെ കൈക്ക് പരിക്കേറ്റിട്ടും രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിനിറങ്ങി കയ്യടി വാങ്ങുകയാണ് ആന്ധ്രാ ക്യാപ്റ്റന്‍ ഹനുമാ വിഹാരി. ആന്ധ്രയുടെ ആദ്യ ഇന്നിംഗ്സിനിടെ പരിക്കേറ്റ് റിട്ടയഡ് ഹർട്ടായി മടങ്ങിയ വിഹാരി അവസാനം വീണ്ടും ബാറ്റിംഗിനെത്തി 57 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. വലംകൈയന്‍ ബാറ്ററായ താരം പരിക്കിനെ മറികടക്കാന്‍ അധികസമയവും ഇടംകൈയനായാണ് ക്രീസില്‍ ചിലവഴിച്ചത്. ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സിലും ബാറ്റേന്തി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ് ഹനുമാ വിഹാരി. രണ്ടാം ഇന്നിംഗ്സില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ താരം 16 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 15 റണ്‍സ് നേടി പോരാട്ടം കാഴ്ചവെച്ചു. ഇടംകൈയനായി നിന്ന് മാത്രമല്ല, ഒറ്റകൈയില്‍ ബാറ്റ് പിടിച്ചായിരുന്നു താരത്തിന്‍റെ ഐതിഹാസിക ബാറ്റിംഗ്. രണ്ടാം ഇന്നിംഗ്സില്‍ ആന്ധ്രാ താരങ്ങളിലെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് വിഹാരിയുടെ 15 റണ്‍സ് എന്നത് കൂടുതല്‍ പ്രശംസ അർഹിക്കുന്നു. 

ആദ്യ ഇന്നിംഗ്സില്‍ മധ്യപ്രദേശ് പേസര്‍ ആവേഷ് ഖാന്‍ ബൗണ്‍സറേറ്റ് വിഹാരിയുടെ ഇടത്തേ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ 37 പന്തില്‍ 16 റണ്‍സുമായി വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. അഭിഷേക് റെഡി പുറത്തായതോടെ മൂന്നാമനായാണ് വിഹാരി ക്രീസിലെത്തിയത്. വിഹാരിക്ക് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ താരം ബാറ്റിംഗിനെത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, രണ്ട് ഇന്നിംഗ്സിലും പരിക്ക് വകവെക്കാതെ താരം ക്രീസിലെത്തി. 

ഇന്ത്യന്‍ ടീമിനായി 2022 ജൂലൈയില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലാണ് ഹനുമാ വിഹാരി അവസാനമായി കളിച്ചത്. ടീം ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിഹാരി 42.2 ശരാശയില്‍ 839 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടുന്നു. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

പരിക്കേറ്റിട്ടും വിഹാരി ബാറ്റിംഗിനെത്തി, അതും ഇടങ്കയ്യനായി! പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍