ടീം മാനേജ്‌മെന്റ് പറഞ്ഞത് പോലെ സംഭവിച്ചു. വിഹാരി വീണ്ടും ബാറ്റ് ചെയ്യാനെത്തി. രണ്ടാം വരവില്‍ ഇടങ്കയ്യനായിട്ടാണ് വിഹാരി കളിച്ചത്. പരിക്കേറ്റ ഇടത് കൈക്കുഴ സംരക്ഷിക്കാനാണ് താരം ഇടങ്കയ്യനായിട്ട് ഇറങ്ങിയത്.

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ആന്ധ്രാ പ്രദേശിന്റെ ക്യാപ്റ്റനുമായി ഹനുമാ വിഹാരിക്ക് പരിക്കേറ്റിരുന്നു. മധ്യപ്രദേശ് പേസര്‍ ആവേഷ് ഖാന്‍ ബൗണ്‍സറേറ്റ് വിഹാരിയുടെ ഇടത്തേ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ 37 പന്തില്‍ 16 റണ്‍സുമായി വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. അഭിഷേക് റെഡി പുറത്തായതോടെ മൂന്നാമനായാണ് വിഹാരി ക്രീസിലെത്തിയത്. വിഹാരിക്ക് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ ബാറ്റിംഗിനെത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. 

ടീം മാനേജ്‌മെന്റ് പറഞ്ഞത് പോലെ സംഭവിച്ചു. വിഹാരി വീണ്ടും ബാറ്റ് ചെയ്യാനെത്തി. രണ്ടാം വരവില്‍ ഇടങ്കയ്യനായിട്ടാണ് വിഹാരി കളിച്ചത്. പരിക്കേറ്റ ഇടത് കൈക്കുഴ സംരക്ഷിക്കാനാണ് താരം ഇടങ്കയ്യനായിട്ട് ഇറങ്ങിയത്. ഒരു കൈകൊണ്ടാണ് താരം ബാറ്റ് ചെയ്തത്. അവസാനക്കാരനായി ഇറങ്ങിയ വിഹാരി ഇപ്പോള്‍ 27 റണ്‍സുമായി ക്രീസിലുണ്ട്. ഇതുവരെ 56 പന്തുകളാണ് താരം നേരിട്ടത്. ലളിത് മോഹന്‍ (22) വിഹാരിക്ക് കൂട്ടായി ക്രീസിലുണ്ട്. ഇന്നലത്തെ സ്‌കോറിനോട് 11 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാന്‍ വിഹാരിക്കായി. 19 പന്തുകള്‍ കൂടി താരം അധികം നേരിട്ടു. പരിക്കേറ്റിട്ടും വീണ്ടും ബാറ്റ് ചെയ്യാനുള്ള വിഹാരിയുടെ തീരുമാനത്തെ കയ്യടിയോടെയാണ് ക്രിക്കറ്റ് ലോകം എതിരേറ്റത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ ടീമിനായി 2022 ജൂലൈയില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലാണ് ഹനുമാ വിഹാരി അവസാനമായി കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ 13 ഇന്നിംഗ്സില്‍ രണ്ട് ഫിഫ്റ്റികളോടെ 38.66 ശരാശരിയില്‍ 464 റണ്‍സാണ് ഇരുപത്തിയൊമ്പതുകാരനായ വിഹാരിയുടെ സമ്പാദ്യം. ടീം ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിഹാരി 42.2 ശരാശയില്‍ 839 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടുന്നു. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2018ല്‍ ഇംഗ്ലണ്ടിന് എതിരെയായിരുന്നു വിഹാരിയുടെ ടെസ്റ്റ് അരങ്ങേറ്റം.

അതേസമയം ശക്തമായ നിലയിലാണ് ആന്ധ്രാ. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒമ്പതിന് 379 റണ്‍സെടുക്കാന്‍ ആന്ധ്രയ്ക്ക് സാധിച്ചിട്ടുണ്ട്. റിക്കി ഭുയി (149), കരണ്‍ ഷിന്‍ഡെ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിനെ മികച്ച സ്‌കോറിലക്ക് നയിച്ചത്. അനുഭവ് അഗര്‍വാള്‍ മധ്യപ്രദേശിനായി നാല് വിക്കറ്റ് വീഴ്ത്തി.