
അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. ഇന്ന് ഉച്ചയോടെയാണ് ജയ് ഷാ അഹമ്മദാബാദില്‍ ആര്‍സിബി താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്.
ആര്‍സിബിക്ക് വിജയാശംസകള്‍ നേരാനാണ് ഐസിസി ചെയര്‍മാൻ ഹോട്ടലില്‍ എത്തിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നൽകുന്ന സൂചന. എന്നാല്‍ ഫൈനലിന് പഞ്ചാബ് കിംഗ്സ് താരങ്ങളെയും സന്ദര്‍ശിച്ച് ജയ് ഷാ വിജയാശംസ നേര്‍ന്നോ എന്ന കാര്യം വ്യക്തമല്ല. ജയ് ഷാ ആര്‍സിബി താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരാധകര്‍ ഇത് വലിയ ചര്‍ച്ചയാക്കുകയും ചെയ്തു.
2023ലെ ഐപിഎല്‍ ഫൈനല്‍ സമയത്ത് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയതും ഗുജറാത്തിനെ പരസ്യമായി പിന്തുണക്കുന്നതും വരെ ആരാധകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
കലാശപ്പോര് വൈകിട്ട് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് കിരീടപ്പോരാട്ടം ആരംഭിക്കുക. ടീമിന്‍റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു കൂട്ടരും മൈതാനത്തെത്തുന്നത്. ബെംഗളൂരുവിനെ രജത് പാടിദാറും പഞ്ചാബിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ഐപിഎല്ലിൽ കിരീടം നേടുന്ന എട്ടാമത്തെടീമാവാൻ പാടിദാറിന്‍റെയും ശ്രേയസിന്‍റെയും പോരാളികൾ ഒരുങ്ങിക്കഴിഞ്ഞു.
സീസണിൽ ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. അഹമ്മദാബാദില്‍ ഫൈനലിന് മഴ ഭീഷണിയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക