
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മെയ് 23ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലക്നൗവിലേയ്ക്ക് മാറ്റി. ഇതോടെ ബെംഗളൂരുവിന് അവസാന രണ്ട് ലീഗ് മത്സരങ്ങൾ ലക്നൗവിൽ കളിക്കേണ്ടി വരും. മെയ് 27ന് ഏകാന സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് ബെംഗളൂരുവിന്റെ എതിരാളികൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 17 ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ മത്സരം ബെംഗളൂരുവിൽ നിന്ന് ലക്നൗവിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ലക്നൗവിനെതിരെ കളിച്ചതിനാൽ സൺറൈസേഴ്സ് ടീം ഇതിനോടകം തന്നെ ലക്നൗവിലുണ്ട്. ലക്നൗവിനെതിരെ വലിയ വിജയം നേടാൻ കഴിഞ്ഞെങ്കിലും സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. നിർണായക മത്സരത്തിൽ സൺറൈസേഴ്സിനോട് പരാജയപ്പെട്ടതോടെ ലക്നൗവും പുറത്തായി. മറുവശത്ത്, ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയതോടെ ബെംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടി. അടുത്ത മത്സരങ്ങളിൽ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാനാണ് കോലിയും സംഘവും ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!