ജോഷ് ഫിലിപ്പിനും സെഞ്ചുറി; ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

Published : Sep 17, 2025, 12:44 PM IST
Josh Philippe Scored Century Against India A

Synopsis

ലക്‌നൗവിൽ നടക്കുന്ന ആദ്യ ചതുർദിന മത്സരത്തിൽ ഇന്ത്യ എയ്‌ക്കെതിരെ ഓസ്‌ട്രേലിയ എ കൂറ്റൻ സ്കോർ നേടി. സാം കോൺസ്റ്റാസിനും (109) ജോഷ് ഫിലിപ്പേയും (123*) സെഞ്ചുറി നേടിയപ്പോൾ ഓസീസ് 532/6 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 

ലക്‌നൗ: ഇന്ത്യ എയ്‌ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഓസ്‌ട്രേലിയ ആറിന് 532 എന്ന നിലയില്‍ ഇന്നിംഗ്‌സില്‍ ഡിക്ലയര്‍ ചെയ്തു. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്‍ (2), എന്‍ ജഗദീഷന്‍ (1) എന്നിവരാണ് ക്രീസില്‍.

അഞ്ചിന് 337 എന്ന നിലയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗിനെത്തിയത്. ലിയാം സ്‌കോട്ടിന്റെ (81) വിക്കറ്റാണ് ഇന്ന് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. ഫിലിപ്പെയ്‌ക്കൊപ്പം 81 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സ്‌കോട്ട് മടങ്ങിയത്. എന്നാല്‍ ഫിലിപ്പെ ടി20 ശൈലിയില്‍ ബാറ്റ് വീശി ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 87 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 14 ഫോറും പായിച്ചു. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (24 പന്തില്‍ 39) ഫിലിപ്പെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. കോണ്‍സ്റ്റാസ്, ഫിലിപ്പെ എന്നിവരുടെ സെഞ്ചുറിക്ക് പുറമെ കാംമ്പെല്‍ കെല്ലാവേ 88 റണ്‍സെടുത്തു. കൂപ്പര്‍ കൊന്നോലിയുടെ (70) ഇന്നിംഗ്സും നിര്‍ണായകമായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ അടക്കമുള്ള ബൗളര്‍മാര്‍ ഉണ്ടായിട്ടും ഓസീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യ ബുദ്ധിമുട്ടി. 198 റണ്‍സാണ് കോണ്‍സ്റ്റാസ് - കെല്ലാവേ സഖ്യം ഒന്നാം വിക്കറ്റില്‍ ചേര്‍ക്കുന്നത്. ഒടുവില്‍ കെല്ലാവേ മടങ്ങുകയായിരുന്നു. ഗുര്‍നൂര്‍ ബ്രാറിന്റെ പന്തില്‍ തനുഷ് കൊട്ടിയാന് ക്യാച്ച് നല്‍കിയാണ് കെല്ലാവേ മടങ്ങുന്നത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകല്‍ കൂടി ഓസീസിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ നതാന്‍ മക്സ്വീനി (1) ദുബെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

വൈകാതെ കോണ്‍സ്റ്റാസും പവലിയനില്‍ തിരിച്ചെത്തി. ദുബെയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 114 പന്തുകള്‍ നേരിട്ട കോണ്‍സ്റ്റാസ് മൂന്ന് സിക്സും 10 ഫോറും നേടി. അടുത്തതായി ഒലിവര്‍ പീക്ക് (2) മടങ്ങി. ഇത്തവണ ഖലീല്‍ അഹമ്മദ് പീക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കൊന്നോലി - സ്‌കോട്ട് സഖ്യം 109 റണ്‍സ് കൂട്ടിചേര്‍ത്തു. കൊന്നോലിയെ പുറത്താക്കി ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. 16 ഓവര്‍ എറിഞ്ഞ പ്രസിദ്ധിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 86 റണ്‍സാണ് വിട്ടുകൊടുത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്‌സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, ജോഷ് ഫിലിപ്പ്, കൂപ്പര്‍ കോണോളി, ലിയാം സ്‌കോട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ഫെര്‍ഗസ് ഒ നീല്‍, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി.

ഇന്ത്യ എ : അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, എന്‍ ജഗദീശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, തനുഷ് കൊട്ടിയന്‍, ഹര്‍ഷ് ദുബെ, പ്രസിദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ