
ബുലവായോ: അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് മത്സരം സാധ്യമാകാതിരുന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു. സ്കോര്‍ ഇന്ത്യ അണ്ടര്‍ 19 50 ഓവറില്‍ 295-8, ഇംഗ്ലണ്ട് അണ്ടര്‍ 19 34.3 ഓവറില്‍ 196-3. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ സ്കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സിനെ(8) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോസഫ് മൂര്‍സും(46), ബെന്‍ മയെസും(34) ചേര്‍ന്ന് ഇഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ബെന്‍ മയെസ് പുറത്തായശേഷം സ്കോര്‍ 104ല്‍ എത്തിയപ്പോള്‍ ജോസഫ് മൂറും മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന തോമസ് റ്യൂവും(66 പന്തില്‍ 71*), കാലെബ് ഫാൽക്കനറും(29) ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 196 റണ്‍സിലെത്തിച്ചു. മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാള്‍ 20 റണ്‍സ് മുമ്പിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലന്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.
വൈഭവിന് നിരാശ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാൻ കുണ്ഡുവിന്‍റെ അരധസെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സടിച്ചത്. 99 പന്തില്‍ 82 റണ്‍സെടുത്ത അഭിഗ്യാൻ കുണ്ഡുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ആയുഷ് മാത്രെ 49ഉം, ആര്‍ എസ് അംബ്രീഷ് 48ഉം, കനിഷ്ക് ചൗഹാൻ 45ഉം റണ്‍സെടുത്തപ്പോള്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത വൈഭവ് സൂര്യവന്‍ഷി നിരാശപ്പെടുത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവന്‍ഷി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്ന വൈഭവിന്‍റെ തുടക്കത്തിലെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു. 171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), 96(50) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെ വൈഭവിന്‍റെ പ്രകടനം. ലോകകപ്പ് സന്നാഹത്തില്‍ കഴിഞ്ഞ മത്സരത്തില്‍ 50 പന്തില്‍ 96 റണ്‍സടിച്ച് തിളങ്ങിയ വൈഭവിന് പക്ഷെ ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല. സെബാസ്റ്റ്യൻ മോര്‍ഗന്‍റെ പന്തില്‍ തോമസ് റ്യൂവിന് ക്യാച്ച് നല്‍കി വൈഭവ് മടങ്ങി. വൈഭവ് പുറത്തായെങ്കിലും ഒരറ്റത്ത് ക്യാപ്റ്റൻ ആയുഷ് മാത്രെ(40 പന്തില്‍ 49) തകര്‍ത്തടിച്ചു.
എന്നാല്‍ വേദാന്ത് ത്രിവേദിയും(14), വിഹാന്‍ മല്‍ഹോത്രയും(10) പിന്നാലെ ആയുഷ് മാത്രെയും മടങ്ങിയതോടെ 79-4ലേക്ക് വീണ ഇന്ത്യയയെ അഭിഗ്യാന്‍ കുണ്ഡുവും ആര്‍ എസ് അംബ്രീഷും ചേര്‍ന്നുള്ള 97 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്. സ്കോര്‍ 212ല്‍ നില്‍ ഹര്‍വന്‍ഷ് പംഗാലിയ(19) മടങ്ങിയെങ്കിലും കനിഷ്ക് ചൗഹാനും കുണ്ഡുവും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. 82 റണ്‍സെടുത്ത അഭിഗ്യാൻ കുണ്ടു പുറത്തായശേഷം തകര്‍ത്തടിച്ച കനിഷ്ക് ചൗഹാനാണ്(36 പന്തില്‍ 45) ഇന്ത്യയെ 295ല്‍ എത്തിച്ചത്. മലയാളി താരം മുഹമ്മദ് ഇനാൻ ഒരു റണ്‍സെടുത്ത് മടങ്ങി. ഇംഗ്ലണ്ടിനായി ജെയിംസ് മിന്‍റോ 5 വിക്കറ്റെടുത്തപ്പോള്‍ സെബാസ്റ്റ്യൻ മോര്‍ഗൻ 2 വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!