
മെല്‍ബണ്‍: വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന്‍റെ ചൂടാറും മുമ്പെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പുരുഷ ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് മെല്‍ബണ്‍ ആണ് വേദിയാവുന്നത്. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ ജയിച്ചു തുടങ്ങാനാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്.
ഏകദിന പരമ്പര കൈവിട്ട ഇന്ത്യൻ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴയെത്തിയത്. അഭിഷേക് ശര്‍മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്‍റെ സൂചനകള്‍ നല്‍കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്. അതുകൊണ്ട് തന്നെ ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ കാര്യമായ മാറ്റങ്ങൾ വരുത്താന്‍ തയാറാവില്ലെന്നാണ് കരുതുന്നത്.
മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുല്‍ദീപിന് പകരം അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് അവസരം നല്‍കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്. ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മെല്‍ബണില്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ നാലിലും ഇന്ത്യ ജയിച്ചിട്ടുണ്ട് എന്നതാണ് ഓസ്ട്രേലിയയെ ആശങ്കപ്പെടുത്തുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യൻ സമയം ഉച്ചക്ക് 1.45നും ഓസ്ട്രേലിയൻ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്ട്സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 90000 പേര്‍കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.