ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര

By Web TeamFirst Published Mar 26, 2021, 8:54 AM IST
Highlights

ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

പുനെ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പുനെയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ജയിച്ചാൽ ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. അതേസമയം ഒപ്പമെത്തി പ്രതീക്ഷ നിലനിർത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്തോ, സൂര്യകുമാർ യാദവോ ടീമിലെത്തും. രോഹിത്, ധവാൻ, കോലി, രാഹുൽ എന്നിവർക്കൊപ്പം പാണ്ഡ്യ സഹോദരമാർ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര സുശക്തം. തുടക്കക്കാരൻ പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ കാത്തതോടെ ബൗള‍ർമാരുടെ പ്രകടനത്തിൽ കോലിക്ക് ആശങ്കയുമില്ല. ഒൻപതോവറിൽ വിക്കറ്റില്ലാതെ 68 റൺസ് വഴങ്ങിയ കുൽദീപ് യാദവിനെ മാറ്റി യുസ്‍വേന്ദ്ര ചാഹലിന് അവസരം നൽകിയേക്കും. 

ഇന്ത്യൻ പര്യടനത്തിൽ ഒരു ട്രോഫിയെങ്കിലും നേടണമെങ്കിൽ ഇംഗ്ലണ്ടിന് ജയം അനിവാര്യം. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും നായകൻ ഓയിൻ മോർഗനും സാം ബില്ലിംഗ്സും ടീമിൽ തുടരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ ഡേവിഡ് മലാനും ലയം ലിവിംഗ്സ്റ്റണും ടീമിലെത്തും. ജേസൺ റോയി, ജോണി ബെയ്ർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ എന്നിവർ ക്രീസിൽ നിലയുറപ്പിച്ചാൽ ഇന്ത്യൻ ബൗളിംഗിന്റെ മുനയൊടിയും. പേസർമാരെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും രണ്ടാം ഏകദിനത്തിനും തയ്യാറാക്കുക. 

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇംഗ്ലണ്ടിനും ഇറ്റലിക്കും ജർമ്മനിക്കും ജയം, സ്‌പെയിന് കുരുക്ക്

click me!