
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ നിർണ്ണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടര്‍ത്തി ഇഷാന്‍ കിഷന്‍റെ പരിക്ക്. ഇന്ന് വൈകിട്ട് ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെയാണ് ഓപ്പണർ ഇഷാൻ കിഷന് പരിക്കേറ്റത്. സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയുടെ യോർക്കർ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു.
നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാൻ കിഷന്‍റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടൻ തന്നെ ഇന്ത്യൻ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. പരിക്കിന്‍റെ ഗൗരവം പരിശോധിച്ച ശേഷം താരം പിന്നീട് ബാറ്റിംഗ് തുടർന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശങ്കയാണ്.
മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായതിനാൽ ഇഷാൻ കിഷന് കൂടി പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നാല്‍ അത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും. അഭിഷേക് ശർമ്മ ഇന്ന് ആശുപത്രി വിട്ടെങ്കിലും നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിനിടയിലാണ് ഇഷാനും പരിക്കിന്‍റെ പിടിയിലാകുന്നത്.
പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് ഇഷാൻ കിഷനോ അഭിഷേകോ നാളെ കളിക്കുന്നില്ലെങ്കിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്താൻ സാധ്യതയേറി. ആദ്യ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇഷാന്‍റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഷിംഗ്ടൺ സുന്ദർ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി പരിശീലനത്തിന് ഇറങ്ങിയത് മാത്രമാണ് നിലവിൽ ടീമിന് ആശ്വാസം നൽകുന്ന വാർത്ത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!