റൺവേട്ടയിൽ കിംഗ് കോലി തന്നെ, പക്ഷേ രോഹിത്തിനെ ഒരു കാര്യത്തില്‍ വെല്ലുക വെല്ലുവിളി

By Web TeamFirst Published Apr 9, 2021, 10:01 AM IST
Highlights

ഐപിഎല്‍ റൺവേട്ടയിൽ കോലിയാണ് മുന്നിലെങ്കിൽ ക്യാപ്റ്റൻസിയിൽ രോഹിത്താണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും വീണ്ടും നേർക്കുനേർ വരുന്നു എന്നതാണ് ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത. ഐപിഎല്‍ റൺവേട്ടയിൽ കോലിയാണ് മുന്നിലെങ്കിൽ ക്യാപ്റ്റൻസിയിൽ രോഹിത്താണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് നായകനായതിന് ശേഷം വിരാട് കോലി 125 കളിയിൽ 4476 റൺസാണ് നേടിയത്. 43.88 ബാറ്റിംഗ് ശരാശരിയുള്ള കോലിയുടെ പേരിനൊപ്പം അഞ്ച് സെഞ്ചുറിയും 32 അർധസെഞ്ചുറിയുമുണ്ട്. 370 ബൗണ്ടറികളും 158 സിക്‌സും ബാംഗ്ലൂർ നായകന്റെ ബാറ്റിൽ നിന്ന് പറന്നു. 

മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശർമ്മ പാഡണിഞ്ഞത് 116 കളിയിലാണ്. ഇതുവരെ 30.25 ശരാശരിയിൽ നേടിയത് 3025 റൺസ്. സെഞ്ചുറിയിലേക്ക് എത്താനായിട്ടില്ലെങ്കിലും 22 അ‍ർധസെഞ്ചുറികള്‍ ഹിറ്റ്‌മാന്‍റെ പേരിലുണ്ട്. 227 ബൗണ്ടറിയും 116 സിക്‌സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 

രോഹിത്ത് ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് ക്രീസിലെത്തുമ്പോൾ വിരാട് കോലി ടോപ് ഓർഡറിൽ മാത്രം ബാറ്റ് ചെയ്യുന്ന താരമാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അല്ലാതെ കോലി ഐപിഎല്ലിൽ ബാറ്റ് ചെയ്ത് നാലു തവണ മാത്രം. 

ക്യാപ്റ്റൻസിയിലേക്ക് വന്നാൽ രോഹിത്ത് ഏറെ മുന്നിലാണ്. മുംബൈയെ 116 കളിയിൽ 68ൽ ജയത്തിലേക്ക് നയിച്ചപ്പോള്‍ 44 കളികള്‍ തോറ്റു. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ചതാണ് രോഹിത്തിന്‍റെ ഏറ്റവും വലിയ പകിട്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ നായകന്‍ രോഹിത്താണ്. കോലി 125 കളിയിൽ 55ൽ ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചെങ്കില്‍ 63 മത്സരങ്ങള്‍ തോറ്റു. കോലിക്ക് ഐപിഎൽ കിരീടം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.

കണക്കില്‍ കരുത്തല്‍ മുംബൈ; കണക്കുവീട്ടാന്‍ ബാംഗ്ലൂര്‍, കളത്തിലെ കണക്കറിയാം

click me!